UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയിലെ ആൾക്കൂട്ടക്കൊല: അക്രമികളെ സംഘടിപ്പിച്ചത് ഹിന്ദുത്വ സംഘടനകള്‍; നിശ്ശബ്ദത പാലിച്ച് യോഗി ആദിത്യനാഥ്

പശുക്കളുടെ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തിയതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രക്ഷോഭത്തെ നയിക്കാനായി എത്തിച്ചേർന്നെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ഉത്തർപ്രദേശിൽ ബലന്ദ്ഷഹറിൽ ഇരുപത്തഞ്ചോളം പശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണങ്ങളിൽ ഒരു പൊലീസുദ്യോഗസ്ഥനടക്കം രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. രാജ്യത്ത് വിദ്വേഷം വളരുകയാണെന്നും രാജ്യത്തിന്റെ കെട്ടുറപ്പ് തകരുകയാണെന്നും കോൺഗ്രസ്സ് ട്വീറ്റ് ചെയ്തു. വെറുപ്പിന്റെ സ്രഷ്ടാക്കള്‍ക്കെതിരായ പോരാട്ടം തുടരരണമെന്നും ട്വീറ്റ് പറഞ്ഞു.

ബിജെപി ഭരണത്തിൻ കീഴിൽ വൻ അതിക്രമങ്ങളാണ് നടക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ് പറഞ്ഞു.

സുബോധ് കുമാർ എന്ന പൊലീസ് ഇൻസ്പെക്ടറും സുമിത് എന്ന ഇരുപതുകാരനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ ചിങ്ങാർവതി പൊലീസ് പോസ്റ്റിന് തീയിടുകയും ചെയ്തു. മാഹോ ഗ്രാമത്തിലെ ഒരു കാട്ടിൽ നിന്നാണ് പശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാർ സംഘടിച്ച് അക്രമത്തിന് പുറപ്പെടുകയായിരുന്നു. വിവിധ ഹിന്ദു സംഘടനകൾ ഇവരെ നയിക്കാനെത്തുകയും ചെയ്തു. പശുക്കളുടെ മൃതദേഹങ്ങൾ ഒരു ട്രാക്ടർ ട്രോളിയിലിട്ട് ഇവർ ചിങ്ങാർവതി പൊലീസ് പോസ്റ്റിലേക്ക് എത്തിച്ചേർന്നു. തുടർന്ന് ആക്രമണം നടത്തി. പൊലീസിനും ഗോവധക്കാർക്കും അധികാരുകൾക്കുമെതിരെ മുദ്രാവാക്യങ്ങളുയർത്തി. ബലന്ദ്ഷഹർ ഹൈവേ ബ്ലോക്ക് ചെയ്യുകയും ചെയ്തു ഇവർ.

സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവിനാഷ് കുമാർ മൗര്യ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നപ്പോൾ അക്രമികൾ കല്ലേറി തുടങ്ങി. പൊലീസുകാരുടെ അനുനയശ്രമങ്ങളൊന്നും വിലപ്പോയില്ല. ഈ കല്ലേറിലാണ് ഇൻസ്പെക്ടർക്ക് തലയ്ക്ക് പരിക്കേറ്റതെന്നും അതല്ല വെടിയേറ്റതാണെന്നും റിപ്പോർട്ടുകളുണ്ട്. ബലന്ദ്ഷഹർ ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ പറയുന്നതു പ്രകാരം ഇൻസ്പെക്ടർക്ക് വെടിയേറ്റതാണ്. അക്രമികളുടെ പക്കൽ തോക്കുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പൊലീസ് ആത്മരക്ഷാർത്ഥം വെടിവെക്കാൻ നിർബന്ധിതരാകുകയായിരുന്നെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. ഈ വെടിവെപ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്.

മീററ്റ് എഡിജി പ്രശാന്ത് കുമാർ പറയുന്നതു പ്രകാരം പ്രക്ഷോഭകർ ആയുധധാരികളായിരുന്നു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കൂടുതൽ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുമിത് എന്ന യുവാവിനെ വെടിവെച്ച പൊലീസുദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു. ഈ കേസിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്കു ശേഷമാണ് ഗോവധവുമായി ബന്ധപ്പെട്ട ആക്രമണം ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2019 ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഗോവധ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടു വരുന്ന സാഹചര്യം കൂടി നിലവിലുണ്ട്. ജൂൺ മാസത്തിൽ ഒരു 45കാരനെ പശുവിനെ കൊന്നെന്ന ആരോപണമുയർത്തി തല്ലിക്കൊന്നതാണ് ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം.

അക്രമങ്ങൾക്ക് നാട്ടുകാരെ സംഘടിപ്പിച്ചത് ഹിന്ദുത്വ സംഘടനകൾ

പശുക്കളുടെ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തിയതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രക്ഷോഭത്തെ നയിക്കാനായി എത്തിച്ചേർന്നെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു യുവവാഹിനി, ബജ്റംഗ്ദൾ എന്നീ സംഘടനകളാണ് അക്രമികളെ നയിച്ചതെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവരാണ് പൊലീസിനെ ആക്രമിക്കാനും പൊലീസ് വാഹനങ്ങൾ തകർക്കാനും തീയിടാനുമെല്ലാം രംഗത്തുണ്ടായിരുന്നത്.

പ്രദേശത്ത് ‘ന്യൂനപക്ഷക്കാർ’ പശുക്കളെ കൊല്ലുന്നതായി സ്ഥലത്തെ ഹിന്ദുത്വ സംഘടനാ നേതാക്കൾക്ക് പരാതിയുണ്ടായിരുന്നു.

യോഗി ആദിത്യനാഥിന്റെ നിശ്ശബ്ദത

സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇദ്ദേഹം ഇപ്പോഴുള്ളത് രാജസ്ഥാനിലാണ്. അവിടെ അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിലാണ് അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍