UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിലയൻസിന്റെ ‘ജിയോ ഇൻസ്റ്റിറ്റ്യൂട്ടി’നു വേണ്ടി മഹാരാഷ്ട്ര സർക്കാരിന്റെ വൻ ആനുകൂല്യങ്ങൾ

ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ഈ സ്ഥാപനത്തിന് ശ്രേഷ്ഠസ്ഥാപന പദവി നൽകിയത് അക്കാദമിക ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ഗ്രീൻഫീൽഡ് കാറ്റഗറിയിൽ പെടുന്ന ഒരു സ്ഥാപനത്തിന് ഭൂമിയും സാമ്പത്തിക സഹായവും നൽകുന്ന ആദ്യ സംസ്ഥാനമെന്ന ‘ബഹുമതി’ മഹാരാഷ്ട്ര നേടി. ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനാണ് മഹാരാഷ്ട്ര സർക്കാർ ഈ സൗജന്യങ്ങൾ നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി ലഭിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഇത്തരം സഹായം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതോടെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽ നിന്ന് ഈ പദവി ചുളുവിൽ സംഘടിപ്പിച്ച റിലയൻസിന് കാര്യങ്ങൾ എളുപ്പമായിരിക്കുകയാണ്.

ആറ് സ്ഥാപനങ്ങൾക്ക് ഇത്തവണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് (ശ്രേഷ്ഠസ്ഥാപനം) പദവി ലഭിച്ചിട്ടുണ്ട്. ഇവയിൽ ഗ്രീൻഫീൽഡ് കാറ്റഗറിയിൽ പെടുന്നത് ജിയോ ഇൻസ്റ്റിറ്റ്യൂട്ട് മാത്രമേയുള്ളൂ. ചുരുക്കത്തിൽ റിലയൻസിന് മാത്രമാകും ഈ സർക്കാർ സൗജന്യം ലഭിക്കുക.

മുംബൈ മെട്രോപോളിറ്റൻ റീജ്യണിലെ കജാരിയ താലൂക്കയിലുള്ള 800 ഏക്കർ ഭൂമിയിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാണ് പ്രപ്പോസൽ. ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ഈ സ്ഥാപനത്തിന് ശ്രേഷ്ഠസ്ഥാപന പദവി നൽകിയത് അക്കാദമിക ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഗ്രീൻഫീൽഡ് സ്ഥാപനങ്ങൾക്ക് ഇത്തരം പദവി നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിലിതാദ്യമാണ്. റിലയൻസിനു വേണ്ടി പ്രധാനമന്ത്രി നേരിട്ടിടപെട്ടാണ് ഇതെല്ലാം നടപ്പാക്കിയതെന്ന് ആരോപണമുണ്ട്.

എന്താണ് ഗ്രീൻഫീൽഡ് കാറ്റഗറി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും തന്നെ ഗ്രീൻഫീൽ‌ഡ് കാറ്റഗറി എന്താണെന്ന് നിർവ്വചിക്കുന്നില്ല. ശ്രേഷ്ഠസ്ഥാപന പദവിക്കായി യുജിസി അപേക്ഷ ക്ഷണിച്ചപ്പോഴാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. സർക്കാർ, സ്വകാര്യമേഖല, ഗ്രീൻഫീൽഡ് എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതും സ്പോൺസർ ചെയ്യാൻ ആളുള്ളതുമായ ‘സ്ഥാപനം’ എന്നതാണ് ഗ്രാൻഫീൽഡ് കാറ്റഗറി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീൻഫീൽഡ് ഇൻസ്റ്റിറ്റ്യൂഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആളുകളുടെ ആകെ ആസ്തി 5000 കോടിയായിരിക്കണമെന്ന് യുജിസി നിയമങ്ങൾ പറയുന്നുണ്ട്. ശ്രേഷ്ഠപദവി കിട്ടുന്നതോടെ സർക്കാരിന്റെ വമ്പിച്ച ആനുകൂല്യങ്ങൾ ലഭിക്കാൻ അവസരമൊരുങ്ങുകയാണ്. ആയിരം കോടിയുടെ ധനസഹായം ഇതിൽ പ്രാഥമികമാണ്. ഇപ്പോൾ മഹാരാഷ്ട്ര സർക്കാർ നൽകുന്നതു പോലുള്ള സൗജന്യങ്ങൾ വേറെയും. ജന്മനാ ഓട്ടോണമി ലഭിക്കുന്നു എന്നതും ശ്രേഷ്ഠപദവിയുടെ ഒരു ഗുണമാണ്. അതായത് ഇനിയും ജനിച്ചിട്ടില്ലാത്ത, ഗുണനിലവവാരം എന്താണെന്ന് ഒരു പിടിയുമില്ലാത്ത ഒരു സ്ഥാപനത്തിന് സ്വയംഭരണാധികാരം! അതും സർക്കാർ ചെലവിൽ!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍