UPDATES

ട്രെന്‍ഡിങ്ങ്

ഇല്ലാത്ത സ്ഥാപനത്തിന് ‘എമിനൻസ്’ പദവി കൊടുക്കരുതെന്ന് ധനകാര്യമന്ത്രാലയം പറഞ്ഞു; മാനവവിഭവ മന്ത്രാലയവും മോദിയുടെ ഓഫീസും ഇടഞ്ഞു

ഭാവിയിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വിലപ്പെട്ടവയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് എമിനൻസ് പദവി നൽകണമെന്നുമായിരുന്നു മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആവശ്യം.

ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലവിലില്ലാത്ത സ്ഥാപനത്തിന് ‘എമിനൻസ്’ ടാഗ് (ശ്രേഷ്ഠ പദവി) നൽ‌കുന്നതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ താൽപര്യങ്ങളായിരുന്നെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നിലവിലില്ലെന്നും, ഇല്ലാത്ത സ്ഥാപനത്തിന് എങ്ങനെ ശ്രേഷ്ഠസ്ഥാപനം എന്ന പദവി നൽകാനാകുമെന്നും ധനകാര്യമന്ത്രാലയം മാനവവിഭവശേഷി മന്ത്രാലയത്തോട് ആരാഞ്ഞിരുന്നെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് വിവരാവകാശ നിയമപ്രകാരം നേടിയ രേഖകളെ അടിസ്ഥാനമാക്കി എഴുതിയ റിപ്പോർട്ട് പറയുന്നത്. ഈ സ്ഥാപനത്തെ ശ്രേഷ്ഠ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയത് ‘എമിനൻസ്’ ടാഗ് പ്രഖ്യാപിക്കുന്നതിനു ഒരു വർഷം മുമ്പാണ്. ധനകാര്യമന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം എത്തിയത് മാനവവിഭവ മന്ത്രാലയത്തിൽ നിന്നും.

ഭാവിയിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വിലപ്പെട്ടവയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് എമിനൻസ് പദവി നൽകണമെന്നുമായിരുന്നു മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആവശ്യം. ഈ ആവശ്യത്തെ ധനകാര്യമന്ത്രാലയം ശക്തിയുക്തം എതിർത്തു. ഭാവിയിൽ ചെയ്യുമെന്ന് പറയപ്പെടുന്ന കാര്യങ്ങളെ ആധാരമാക്കി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് എമിനൻസ് പദവി നൽകുന്നത് യുക്തിസഹമല്ലെന്ന് ധനകാര്യമന്ത്രാലയം വാദിച്ചു.

എച്ച്ആർഡി മന്ത്രാലയം എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റി നോട്ടിൽ ഉൾപെടുത്തിയ’ഗ്രീൻഫീൽഡ് കാറ്റഗറി’യെ ചോദ്യം ചെയ്ത് ഫെബ്രുവരി 2017ന് ധനകാര്യമന്ത്രാലയം കത്തയയ്ക്കുകയും ചെയ്തു. സങ്കൽപത്തിലുള്ള ഒരു സ്ഥാപനത്തിന് ശ്രേഷ്ഠസ്ഥാപന പദവി നൽകാനുള്ള ആലോചന അങ്ങേയറ്റം അയുക്തി നിറഞ്ഞതും ആത്മനിഷ്ഠവുമായിപ്പോയെന്നും ധനകാര്യമന്ത്രാലയം പറഞ്ഞു.

ഇതിനകം തന്നെ സ്ഥാപിക്കപ്പെടുകയും ഗുണനിലവാരം തെളിയിക്കുകയും ചെയ്തിട്ടുള്ള സർക്കാർ-സ്വകാര്യ സംരംഭങ്ങൾക്കു മീതെ ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതും അതിനാൽത്തന്നെ ഗുണനിലവാരം തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു സങ്കൽപ്പസ്ഥാപനത്തെ നിർത്തുന്നത് യഥാർത്ഥ നിലവാരമുള്ള സ്ഥാപനങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തുമെന്ന് ധനകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന ഒന്നായും ഇത് മാറുമെന്ന് ധനകാര്യമന്ത്രാലയം പറഞ്ഞു.

കേന്ദ്ര മാനവവിഭശേഷി മന്ത്രാലയവും ഇക്കാര്യത്തിൽ മറ്റുചില വിയോജിപ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ള സങ്കൽപം മുമ്പോട്ടു വെക്കുന്നവരുടെ യോഗ്യത സംബന്ധിച്ചുള്ളതായിരുന്നു അവയിലൊന്ന്. സങ്കൽപം മുമ്പോട്ടു വെക്കുന്നവർ‌ക്ക് അത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയുള്ള മുൻപരിചയം വേണമെന്ന് മാനവവിഭവശേഷി മന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ, ഈ സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ചിലർക്ക് വിദ്യാഭ്യാസത്തിൽ പ്രതിബദ്ധതയുണ്ടെന്ന് കാണിക്കുന്ന തെളിവുകളുണ്ടായാൽ മതിയെന്ന് മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. എന്നാൽ ഈ മാനദണ്ഡം എളുപ്പത്തിൽ മറികടക്കാവതാണെന്ന് മന്ത്രാലയം തിരിച്ചെഴുതി. വേണ്ടത്ര ഭൂമി സ്വന്തമായി ഉണ്ടെങ്കിൽ മാത്രമേ ഗ്രാൻഫീൽഡ് കാറ്റഗറിയിൽ ഒരു ഭാവിസ്ഥാപനത്തെ പെടുത്താനാകൂ എന്ന നിർദ്ദേശവും മാനവവിഭവ മന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ ഭൂമി ലഭ്യമാണെന്ന ഒരു പ്രഥമിക ധാരണ മാത്രം മതിയെന്ന് പ്രധാനമന്ത്രി നിർ‌ദ്ദേശിച്ചു. റിലയൻസ് ഫൗണ്ടേഷന് മഹാരാഷ്ട്രയിൽ 5000 ഏക്കർ ഭൂമിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധസമിതിയും പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍