UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമ ഭീകരാക്രമണം: രണ്ട് ദിവസം മുമ്പ് ജയ്ഷ് വീഡിയോ വന്നിരുന്നു, സംഭവിച്ചത് ഗുരുതര വീഴ്ച

കാശ്മീര്‍ പൊലീസ് ഫെബ്രുവരി എട്ടിന് തന്നെ ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 42 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായിരിക്കുന്നത് ഗുരുത ഇന്റലിജന്‍സ് വീഴ്ചയെന്ന് എന്‍ഡിടിവിയും ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണി സന്ദേശവുമായുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനിലെ ഭീകരാക്രണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച വീഡിയോ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി ഭീകരര്‍ പുറത്തുവിട്ടിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല.

കാശ്മീര്‍ പൊലീസ് ഐജി ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ മേഖലകളും വിശദമായി പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഈ മുന്നറിയിപ്പുകളുണ്ടായിട്ടും 2547 ജവാന്മാരടങ്ങിയ 78 വാഹനങ്ങളുള്ള സംഘത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

350 കിലോഗ്രാം സ്ഫോടക വസ്തുവുമായി മഹീന്ദ്ര സ്കോര്‍പ്പിയോയില്‍ എത്തിയ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈകീട്ട് 3.15നു സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് മഹീന്ദ്ര സ്കോര്‍പ്പിയോ ഇടിച്ചു കയറ്റുകയായിരുന്നു. ശ്രീനഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന അവന്തിപോര.

സ്ഫോടനം നടന്നതിന് 100 മീറ്റര്‍ പരിധിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ചിതറിക്കിടന്നിരുന്നു. അത്യുഗ്രശേഷിയുള്ള ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നതെന്ന് ജമ്മു കശ്മീർ ഡിജിപി. 12 കിലോമീറ്റര്‍ പരിധിയില്‍ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.

പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംഘടനയില്‍ ചേര്‍ന്ന കകപോര സ്വദേശി ആദില്‍ അഹമ്മദ് ഡര്‍ ആണ് ആക്രമണം നടത്തിയത് എന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ചാവേര്‍ ആക്രമണം നടത്തുമെന്ന് ജയ്ഷെ മുഹമ്മദ് മുന്നറിയിപ്പ് നല്കിയിരുന്നതായി സംസ്ഥാന പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്. വീഡിയോ അടക്കമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി പങ്കുവെച്ചിരുന്നതായി റിപ്പോര്‍ട്ട്.

സൈനിക വാഹനത്തില്‍ കണ്ടെത്തിയ ബുള്ളറ്റുകളുടെ പാടുകള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരുന്നു ആക്രമണം നടത്തിയെന്നാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. സംഭവിച്ചത് ഗൌരവതരമായ സുരക്ഷാ പാളിച്ചയെന്ന് വ്യക്തമായി. ജമ്മു കാശ്മീര്‍ പോലീസിനോടൊപ്പം നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഭീകരാക്രമണം സംബന്ധിച്ചു അന്വേഷണം നടത്തും.

തങ്ങളുടെ മണ്ണില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭീകരവാദികളുടെ പട്ടികയെ പിന്തുണയ്ക്കണമെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്താന്‍ പ്രതികരിച്ചു.

രണ്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെയുണ്ടായത്. 2001ല്‍ മൂന്നു ജയ്ഷെ മുഹമ്മദ് ജമ്മു കാശ്മീര്‍ അസംബ്ലിയിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ടാറ്റ സുമോ ഇടിച്ചു കയറ്റി ആക്രമണം നടത്തിയിരുന്നു. 38 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2016ല്‍ ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിന്നലാക്രമണം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍