UPDATES

ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലം മാറ്റങ്ങളിലുമുള്ള ‘ഇടപെടലുകള്‍’ നല്ലതല്ല: സുപ്രീം കോടതി

ജസ്റ്റിസ് എഎ ഖുറേഷിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി അസോസിയേഷന്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റ് ബഞ്ച് ഇക്കാര്യം പറഞ്ഞത്.

ജഡ്ജിമാരുടെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുമുള്ള ഇടപെടലുകള്‍ ജുഡീഷ്യറിയെ സംബന്ധിച്ച് നല്ലതല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് എഎ ഖുറേഷിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി അസോസിയേഷന്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റ് ബഞ്ച് ഇക്കാര്യം പറഞ്ഞത്. നിതീനിര്‍വഹണ സംവിധാനത്തിലെ ഇടപെടലുകള്‍ കോടതിക്ക് നല്ലതല്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജി എഎ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാന്‍ മേയ് 10നല്‍കിയ ശുപാര്‍ശയില്‍ സെപ്റ്റംബര്‍ അഞ്ചിന് സുപ്രീം കോടതി മാറ്റം വരുത്തിയത് വിവാദമാവുകയും വിമര്‍ശനമുയരുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ട് എന്ന ആരോപണമുയര്‍ന്നു. ഓഗസ്റ്റ് 23നും 27നും അയച്ച കത്തുകളിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അതിര്‍ത്തി അറിയിച്ചിരുന്നു. വലിയ ഹൈക്കോടതിയായ മധ്യപ്രദേശിന് പകരം ചെറിയ ഹൈക്കോടതിയായ ത്രിപുര ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റാനാണ് സെപ്റ്റംബര്‍ അഞ്ചിന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

2018 നവംബര്‍ രണ്ടിന് ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ച ഖുറേഷിയെ ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായി 2018 നവംബര്‍ 14ന് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായെ 2010ല്‍ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ജസ്റ്റിസ് ഖുറേഷി ഉത്തരവിട്ടിരുന്നു.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള നിയമനം വൈകിച്ചതടക്കമുള്ള ഇടപെടലുകള്‍ ജഡ്ജിമാരുടെ നിയമനത്തില്‍ മോദി സര്‍ക്കാര്‍ നടത്തിയിരുന്നു. ഉത്തരാഖണ്ഡിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി കേന്ദ്രം ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയത് കെ എം ജോസഫിന്റെ ബഞ്ച് ആയിരുന്നു.

അതേസമയം ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം ജുഡീഷ്യറിയുടെ ഭരണനിര്‍വഹണത്തിന്റെ താല്‍പര്യനുസൃതമാണ് എന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം. ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനുള്ള മേയ് 10ന്റെ കൊളീജിയം ശുപാര്‍ശയില്‍ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച കാലതാമസം അഭിഭാഷകരുടെ ഹര്‍ജി ചോദ്യം ചെയ്യുന്നു. ഗുജറാത്ത് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് നിലവില്‍ ജസ്റ്റിസ് ഖുറേഷി. എന്തുകൊണ്ട് മേയ് 10ന്റെ തീരുമാനം മാറ്റി എന്നതില്‍ കൊളീജിയം വ്യക്തമായ കാരണം പറയുന്നില്ല എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി എഎ ഖുറേഷിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ആവശ്യപ്പെട്ടു. മറ്റ് ജഡ്ജിമാരുടെ നിയമനം നടത്തിയപ്പോള്‍ ജസ്റ്റിസ് ഖുറേഷിയുടെ നിയമനം നീട്ടിക്കൊണ്ടുപോയി എന്ന് ഗുജറാത്ത് ലോയേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍