UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ സര്‍ക്കാരിന് തലവേദനയായി അന്താരാഷ്ട്ര മാധ്യമങ്ങള്‍, നിയന്ത്രണങ്ങള്‍ക്കിടയിലും നിക്ഷ്പക്ഷ റിപ്പോര്‍ട്ടിംഗ് തുടരുമെന്ന് ബിബിസി, വലിയ പ്രതിഷേധമെന്ന് സൈനികരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ്

‘ജനങ്ങള്‍ രോഷാകുലരാണ്, അവര്‍ കീഴടങ്ങാന്‍ തയ്യാറല്ല’, സൈനികരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങളും സംസ്ഥാന പദവിയും എടുത്തു കളഞ്ഞ് ഒരാഴ്ചയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് തലവേദനയായി അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. കാശ്മീരില്‍ എല്ലാം ഭദ്രമാണെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് അപ്പുറമുള്ള വസ്തുതകളാണ് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര ചാനലുകളും പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനെതിരെ ഇന്ത്യയില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ വിമര്‍ശനമുണ്ടായെങ്കിലും നിക്ഷ്പക്ഷമായി കാശ്മീര്‍ വിഷയം റിപ്പോര്‍ട്ടു ചെയ്തുകൊണ്ടേയിരിക്കുമെന്ന് ബിബിസി വ്യക്തമാക്കി. കാശ്മീര്‍ ശാന്തമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് കാശ്മീരില്‍നിന്നുള്ള വിശദമായ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. കാശ്മീരില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നതെന്ന് സൈനികരെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്ട്ട് ചെയ്തത്.

കഴിഞ്ഞ വെളളിയാഴ്ച കാശ്മീരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം നടന്നുവെന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടാണ് ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് പുറത്തുവന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ബിബിസി പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തില്‍  ഇന്ത്യയുടെ കാശ്മീർ നയത്തിനെതിരെ   വലിയ പ്രതിഷേധങ്ങള്‍ ഇതുമൂലം ഉണ്ടായി. ബിബിസിക്കെതിരെ ബിജെപി അനുകൂല കേന്ദ്രങ്ങളില്‍നിന്നും വിമര്‍ശനം ഉണ്ടായി. എന്നാല്‍ മറ്റ് മാധ്യമങ്ങളെ പോലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും തങ്ങള്‍ നിഷ്പക്ഷമായി റിപ്പോര്‍ട്ടിംങ് തുടരുമെന്ന് ബിബിസി വ്യക്തമാക്കിയിട്ടുണ്ട്.

 

നേരത്തെ പാകിസ്താനില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് അവിടുത്തെ തീവ്ര വലതുപക്ഷക്കാര്‍ ബിബിസിയെ ഭാരത് ബ്രോഡ്കാസ്റ്റിംങ് കോര്‍പ്പറേഷന്‍ എന്ന് വിമര്‍ശിച്ചിരുന്നു.

കാശ്മീരില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും ജനങ്ങള്‍ രോഷാകുലരാണെന്നും ചൂണ്ടിക്കാണിച്ചാണ് ന്യൂയോര്‍ക്ക്  ടൈംസിന്റെ റിപ്പോര്‍ട്ട്. ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യത്തിന്റെ സാന്നിധ്യമാണ് കാശ്മീരിലെല്ലായിടത്തും. കര്‍ഫ്യൂ ഇടവേളകളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ സൈനികരോട് യാചിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന ജനങ്ങളുടെ പ്രതികരണമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുളളത്.

മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് പോലും ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാശ്മീരില്‍ പ്രതിഷേധങ്ങള്‍ കാര്യമായി ഇല്ലെന്ന സര്‍ക്കാരിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന സൈനികരുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. “എന്തെങ്കിലും ഒരവസരം കിട്ടുമ്പോള്‍, അത് രാത്രിയായാലും പകലായാലും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുകയും കല്ലേറ് നടത്തുകയുമാണ്”, ബാരമുള്ളയിലുള്ള രവി കാന്ത് എന്ന സൈനികനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. “ജനങ്ങള്‍ രോഷാകുലരാണ്, അവര്‍ കീഴടങ്ങാന്‍ തയ്യാറല്ല” അദ്ദേഹം പറഞ്ഞു.

ചില ഗ്രാമങ്ങളില്‍ ഒരോ കുടുംബത്തിന്റെയും വീടുകള്‍ക്ക് മുന്നില്‍ ഒരു സൈനികന്‍ എന്ന നിലയില്‍ പോസ്റ്റ് ചെയ്തിരിക്കുകുയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുറത്തുള്ള ബന്ധുക്കളെ ബന്ധപ്പെടാന്‍ അധികൃതര്‍ നല്‍കുന്ന ഫോണ്‍ ഉപയോഗിക്കുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങളെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഈദിനോടുനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നലെ മുതല്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി.

അതിനിടെ കാശ്മീരില്‍ ഇന്ത്യന്‍ നടപടിക്കെതിരെ ബ്രീട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ രംഗത്തെത്തി.

കാശ്മീരുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ പ്രമേയങ്ങള്‍ നടപ്പിലാക്കണമെന്നും മനുഷ്യാവാകാശ ലംഘനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

Also Read: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതിഷേധത്തിനൊരുങ്ങി – മാഗ്‌സസേ ജേതാവിനെ പൊലീസ് വീട്ടുതടങ്കലിലാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍