UPDATES

ട്രെന്‍ഡിങ്ങ്

ഷെയ്ഖ് അബ്ദുള്ള കൊണ്ടുവന്ന പബ്ലിക് സേഫ്റ്റി ആക്ട് ഉപയോഗിച്ച് മകന്‍ ഫാറൂഖ് അബ്ദുള്ളയെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍

1978ലാണ് ഷെയ്ഖ് അബ്ദുള്ള സര്‍ക്കാര്‍ ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് കൊണ്ടുവന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത് ജമ്മു ആന്‍ഡ് കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് എന്ന കരിനിയമമാണ്. ഈ നിയമം കൊണ്ടുവന്നത് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനും ഫാറൂഖ് അബ്ദുള്ളയുടെ പിതാവുമായ ഷെയ്ഖ് അബ്ദുള്ളയാണ്. 1978ലാണ് മരത്തടി കള്ളക്കടത്തുകാരെ നേരിടുന്നതിനായി ഷെയ്ഖ് അബ്ദുള്ള സര്‍ക്കാര്‍ ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് കൊണ്ടുവന്നത്. വിചാരണയില്ലാതെ രണ്ട് വര്‍ഷം വരെ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ വ്യവസ്ഥയുള്ള നിയമമാണിത്. അധികാരത്തിലെത്തിയാല്‍ പിഎസ്എ പിന്‍വലിക്കുമെന്ന് ഫാറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.

എന്നാല്‍ 1990കളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ ശക്തമായ ശേഷം പൊലീസും സുരക്ഷാസേനയും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയിദ് 1990ല്‍ അഫ്‌സപയും (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) കൊണ്ടുവന്നതോടെ പിഎസ്എയുടെ ദുരുപയോഗം കൂടി. നിരവധി പേരെ പൊലീസും സൈന്യവും പിടിച്ചുകൊണ്ടുപോയി. പലരെക്കുറിച്ചും പിന്നീട് വിവരമില്ലാത്ത നിലയായി.

2012ല്‍ നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവന്നു. കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കി. ആദ്യ തവണ ചെയ്ത കുറ്റത്തിന് തന്നെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിലിടാമെന്ന വ്യവസ്ഥ ആറ് മാസത്തേയ്ക്കാക്കി ചുരുക്കിയിരുന്നു.

ഫാറൂഖ് അബ്ദുള്ളയെ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിയുള്ള അറസ്റ്റ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് മുതല്‍ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലായിരുന്നു. ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് നുണയാണ് എന്ന് ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 പ്രഖ്യാപിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫാറൂഖ് അബ്ദുള്ളയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍