UPDATES

ട്രെന്‍ഡിങ്ങ്

ആരോപണം ബിജെപി നേതാക്കള്‍ക്കെതിരാണോ? എങ്കില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും വരില്ല; മോദി കാലത്ത് മന്ദീഭവിച്ച അഴിമതിക്കേസുകള്‍

ബിജെപിക്ക് താത്പര്യമുള്ള നിരവധി കേസുകളിലാണ് അന്വേഷണം അവസാനിക്കുകയോ, മന്ദീഭവിപ്പിക്കുകയോ ചെയ്തിട്ടുള്ളത്

അധികാരത്തിലെത്തിയതുമുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ മുഖ്യ പോരാട്ടം അഴിമതിക്കെതിരെയാണെന്നാണ്. മുന്‍ ആഭ്യന്തര- ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെ അത് തെളിയിക്കപ്പെട്ടുവെന്നും അവര്‍ അവകാശപ്പെടുന്നു. കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കിലും ചിദംബരത്തെ അറസ്റ്റ് ചെയ്തത് അഴിമതിക്കെതിരെ വിട്ടുവിഴ്ചയില്ലാത്തതിനാലാണെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അഴിമതിക്കെതിരായ പോരാട്ടമല്ല, മറിച്ച് പ്രതിപക്ഷത്തിനെതിരെ സെലക്ടീവായ ‘അഴിമതി വിരുദ്ധ പോരാട്ട’മാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് മറ്റു ചില കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ബിജെപി നേതാക്കള്‍ക്കെതിരായ കേസുകളിലെ അന്വേഷണം പാതിവഴിയില്‍ സ്തംഭിക്കുന്നതാണ് തന്നെയാണ് ഇതിന്റെ പ്രധാന തെളിവും.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരു തവണ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരികയും ജയിലില്‍ പോവുകയും ചെയ്തയാളാണ് ബി എസ് യെദിയൂരപ്പ. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി യെദിയൂരപ്പ തന്നെ എഴുതിയതായി പറയപ്പെടുന്ന ഡയറി ആദായ നികതി ഉദ്യോഗസ്ഥര്‍ക്ക് 2017-ല്‍ ലഭിച്ചതാണ്. ഇതിന് പുറമെ അരുണ്‍ ജെയ്റ്റ്ലിക്കും നിതിന്‍ ഗാഡ്കരിക്കും 150 കോടി രൂപയും രാജ്‌നാഥ് സിഗിന് 100 കോടിയും നല്‍കിയെന്നുമാണ് ഇദ്ദേഹം ഡയറിയില്‍ കുറിച്ചത്. എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായും അദ്ദേഹത്തിന്റെ ഡയറിയിലെ കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും ഡയറിക്കുറിപ്പുകളില്‍ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. 2009 ജനുവരി 17, 18 തീയതികളിലാണ് അദ്ദേഹം ഈ കുറിപ്പുകള്‍ എഴുതിയത് എന്നാണ് കണക്കാക്കുന്നത്. അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഈ കുറിപ്പുകള്‍ കിട്ടിയിട്ടും ഇതില്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.  ഇതിനുപുറമെ, യെദിയൂരപ്പയുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഒരു സന്നദ്ധ സംഘടന നല്‍കിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കര്‍ണാടകയിലെ ബിജെപിയുടെ ആശ്രയം എന്നതു തന്നെ ഖനി ഉടമകളായ ബെല്ലാരി സഹോദരങ്ങളായിരുന്നു. മറ്റ് പാര്‍ട്ടികളില്‍നിന്ന് ആളുകളെ ബിജെപിയില്‍ എത്തിക്കുന്നതിനും ഉള്ളവരെ നിലനിര്‍ത്തുന്നതിനും ഇവരാണ് ബിജെപിക്ക് ധനസഹായം നല്‍കുന്നതെന്നാണ് സ്ഥിരമായി ഉയര്‍ന്നുവരാറുള്ള ആരോപണം. ഇവര്‍ക്കെതിരായ 16500 കോടി രൂപയുടെ കേസാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിബിഐ ബെല്ലാരി സഹോദങ്ങള്‍ക്ക് അനുകൂലമായി അവസാനിപ്പിച്ചത്. കേസില്‍ കാര്യമായ അന്വേഷണം നടത്താന്‍ സിബിഐ തയ്യാറായില്ലെന്നാണ് ആരോപണം. ഈ കേസ് പുറത്തുകൊണ്ടുവന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെ മോദി സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു. ബെല്ലാരി ഖനി മുതലാളിമാര്‍ക്ക് നോട്ടീസ്  നൽകി  അവരുടെ നിയമലംഘനം പുറത്തുകൊണ്ടുവന്ന കല്ലോല്‍ ബിശ്വാസിനെയാണ് ഈ മാസം ആദ്യം നിര്‍ബന്ധിതമായി സര്‍വീസില്‍നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടത്. 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് കല്ലോല്‍ ബിശ്വാസ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടാക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത നേതാവ് ഹിമാന്ത ബിശ്വ സര്‍മയാണ് മറ്റൊരാള്‍. കോണ്‍ഗ്രസില്‍നിന്ന് പിണങ്ങിയാണ് അദ്ദേഹം ബിജെപിയിലെത്തിയത്. അസമിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതികേസില്‍ കുറ്റാരോപിതനായപ്പോഴാണ് ഹിമാന്ത ബിജെപിയില്‍ എത്തുന്നത്. അമേരിക്കന്‍ നിര്‍മ്മാണ കമ്പനിയും ഉള്‍പ്പെട്ടതാണ് ഈ കേസ്. ഫോറിന്‍ കറപ്റ്റ് കേസ് ആക്ട് അനുസരിച്ച് അമേരിക്കയിലും ഇതുമായി ബന്ധപ്പെട്ട് കേസുണ്ട്. ഈ കേസില്‍ ഹിമന്തയ്ക്കെതിരെ വലിയ പ്രചാരണമായിരുന്നു ബിജെപി നടത്തിയത്. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ എത്തിയതോടെ കേസ് അന്വേഷണം ഫലത്തില്‍ മരവിപ്പിക്കുകയായിരുന്നു. നേരത്തെ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി പിന്നീട് അതെക്കുറിച്ച് മിണ്ടിയിട്ടില്ല.

Also Read: ഇടതനായി തുടങ്ങി, കോര്‍പ്പറേറ്റുകളുടെയും അതിശക്ത ഭരണകൂടത്തിന്റെയും വക്താവായി, ഒടുവില്‍ അറസ്റ്റിലായ പളനിയപ്പന്‍ ചിദംബരത്തിന്റെ ജീവിതമിങ്ങനെ

മധ്യപ്രദേശിന്റെതല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ ഏറ്റവും വലിയ അഴിമതിയാണ് വ്യാപം. ഇത്ര വലിയ ആരോപണമുണ്ടായിട്ടും,നിരവധി ആളുകള്‍ കൊല്ലപ്പട്ടിട്ടും കേസില്‍ കാര്യമായ അന്വേഷണമില്ലാതെ തന്നെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ 2017 ൽ കുറ്റവിമുക്തനാക്കുകയാണ് സിബിഐ ചെയതത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന അഴിമതി, കൊലപാതകമെന്ന് സംശയിക്കുന്ന ദുരൂഹമരണങ്ങള്‍ എന്നിവയുണ്ടായിട്ടും, അതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമായിട്ടും കാര്യമായ അന്വേഷണമില്ലാതെയാണ് സിബിഐ ശിവരാജ് സിങ് ചൗഹാനെ കുറ്റവിമുക്തനാക്കിയത്.

മമതാ ബാനര്‍ജിക്കെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തായിരുന്നു മുകുള്‍ റോയ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹം ബിജെപിയിലെത്തിയതോടെ ആരോപണങ്ങള്‍ നിലച്ചു. മുകുള്‍ റോയിക്കെതിരായ അന്വേഷണവും മന്ദഗതിയിലായി. മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ഉയര്‍ന്ന ശാരദ, നാരദ കേസുകളില്‍ അകപ്പെട്ട നേതാവാണ് മുകുള്‍ റോയ്.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന നാരായണ റാണെയ്‌ക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഭൂമി തട്ടിപ്പുകേസ് ഉള്‍പ്പെടുന്ന കേസിലും കാര്യമായ അന്വേഷണമുണ്ടായില്ല.

Azhimukham Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍