UPDATES

ട്രെന്‍ഡിങ്ങ്

ത്രിപുരയിൽ ഐപിഎഫ്‌ടി ബിജെപിക്കെതിരെ മത്സരിക്കും; കോൺഗ്രസ്സും ഐഎൻപിടിയും ദേബ് ബർമയുമായി ചർച്ച നടത്തി

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലാണ് ഐപിഎഫ്‌ടി അടക്കമുള്ള സ്വത്വ കക്ഷികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ത്രിപുരയിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ഐപിഎഫ്‌ടി (ഇൻഡിജീനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര) ബിജെപിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യാതൊരു സഖ്യത്തിനും തയ്യാറല്ലെന്ന് പാർട്ടി പ്രസിഡണ്ട് എൻസി ദേബ് ബർമ വ്യക്തമാക്കി. രണ്ട് ലോകസഭാ മണ്ഡലങ്ങളാണ് ഈ സംസ്ഥാനത്തിനുള്ളത്. ത്രിപുര ഈസ്റ്റ്, ത്രിപുര വെസ്റ്റ് എന്നിവ. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ തങ്ങൾ മത്സരിക്കുമെന്ന് ദേബ് ബർമ പറഞ്ഞു. സംസ്ഥാന റവന്യൂ മന്ത്രി കൂടിയാണിദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് ഐപിഎഫ്‌ടി. സിപിഎമ്മിന്റെ കോട്ടകൾ തകർത്ത് ബിജെപി നടത്തിയ മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗോത്ര മേഖലകളിൽ കാര്യമായ വേരുകളുള്ള ഈ സ്വത്വാധിഷ്ഠിത രാഷ്ട്രീയകക്ഷിയായിരുന്നു. ആകെ അറുപത് നിയമസഭാ സീറ്റുകളുള്ള ത്രിപുരയിൽ 9 സീറ്റുകൾ ഇവരുടേതാണ്. 44 സീറ്റുകളാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് നേടിയിരുന്നത്.

ഐപിഎഫ്‌ടിയുടെ ഈ വിട്ടുമാറൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.

അതെസമയം ഐപിഎഫ്‌ടിയെ തങ്ങളുടെ സഖ്യത്തിൽ ചേർക്കാൻ കോൺഗ്രസ്സും ഇൻഡിജീനസ് നാഷണലിസ്റ്റ് പാർട്ടിയും ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേബ് ബർമയുടെ വസതിയിൽ വെച്ച് ഒരു ചർച്ച നടന്നതായും വിവരമുണ്ട്. ത്രിപുര കോൺഗ്രസ്സ് പ്രസിഡണ്ട് പി കിഷോർ, ഐഎൻപിടി പ്രസിഡണ്ട് ബിജോയ് കുമാർ എന്നിവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നാണ് അറിയുന്നത്.

ബിജെപിയെ പരാജയപ്പെടുത്താനായി ഒരുമിക്കണമെന്ന് ദേബ് ബർമയോട് ആവശ്യപ്പെടാനാണ് തങ്ങള്ഡ പോയതെന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് ഈ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറയുകയുണ്ടായി.

ഐപിഎഫ്‌ടിയുടെ അതൃപ്തി

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലാണ് ഐപിഎഫ്‌ടി അടക്കമുള്ള സ്വത്വ കക്ഷികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളം ഈ ബിൽ വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിട്ടുണ്ട്. 1955ലെ പൗരത്വ ബിൽ ഭേദഗതി ചെയ്യുകയായിരുന്നു ബിജെപി സർക്കാർ ചെയ്തത്. ഇതുമൂലം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള, അതാത് രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗക്കാർക്ക് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്താമെന്നും ഇവരെ ജയിലിലടയ്ക്കുകയോ ഡീപോർട്ട് ചെയ്യുകയോ ചെയ്യില്ലെന്നുമാണ് ഭേദഗതി വ്യവസ്ഥ ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധങ്ങൾക്ക് ഈ ബില്ല് കാരണമായി. ലോകസഭാ തെരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ തിരിച്ചടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍