UPDATES

വിദേശം

ഇറാൻ വീണ്ടും വിദേശ കപ്പൽ പിടിച്ചെടുത്തു; എണ്ണ കള്ളക്കടത്ത് നടത്തുന്നതായി ആരോപണം

കോടതിയിൽ നിന്നും ആവശ്യമായ അനുമതികൾ ലഭിച്ചതിനു ശേഷം മാത്രമാണ് റെവല്യൂഷണറി ഗാർഡ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.

എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്നാരോപിച്ച് ഇറാൻ വീണ്ടും വിദേശ കപ്പൽ പിടിച്ചെടുത്തു. അറബ് രാജ്യങ്ങളിലേക്ക് അനധികൃതമായി 700,000 ലിറ്റർ എണ്ണ കൊണ്ടു പോകുകയായിരുന്ന കപ്പലാണ് തങ്ങൾ പിടിച്ചെടുത്തതെന്ന് ഇറാൻ അറിയിച്ചു. ഏതേത് രാജ്യങ്ങളിലേക്കാണ് എണ്ണ കൊണ്ടു പോകുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല ഇറാൻ. പകരം ‘ചില അറബ് രാജ്യങ്ങളിലേക്ക്’ എന്നു മാത്രമാണ് പറഞ്ഞത്.

ടാങ്കറിൽ ഏഴ് ജീവനക്കാരുണ്ടായിരുന്നെന്ന് ഇറാൻ വ്യക്തമാക്കി. ഇവർ പല രാജ്യക്കാരാണെന്നും ഇറാൻ പറയുന്നു. ഇതിൽ ഇന്ത്യാക്കാരുണ്ടോയെന്ന് വ്യക്തമല്ല. പിടിയിലായ ജീവനക്കാരെ തുറമുഖ നഗരമായ ബുഷെഹറിലേക്ക് കൊണ്ടുപോയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

കോടതിയിൽ നിന്നും ആവശ്യമായ അനുമതികൾ ലഭിച്ചതിനു ശേഷം മാത്രമാണ് റെവല്യൂഷണറി ഗാർഡ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.

അതെസമയം കപ്പൽ പിടിയിലായതു സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബഹ്റൈനിലുള്ള യുഎസ് നാവിക സേനയുടെ പേർഷ്യൻ ഗൾഫ്-ചെങ്കടൽ-അറബിക്കടൽ വിഭാഗമായ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് പറഞ്ഞു. ഇറാൻ പിടിച്ചെടുക്കുന്ന മൂന്നാമത്തെ കപ്പലാണിത്. ആദ്യം പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ ഇപ്പോഴും ഇറാന്റെ പക്കൽത്തന്നെയാണുള്ളത്. ബ്രിട്ടീഷ് സൈന്യം ഒരു ഇറാനിയൻ എണ്ണക്കപ്പൽ ജിബ്രാൽത്താറിനടുത്തു വെച്ച് തടഞ്ഞുവെച്ചതോടെയാണ് ഇറാൻ മറുപടി നൽകിയത്. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങളെ ലംഘിച്ചാണ് ഇറാനിയൻ കപ്പൽ നീക്കം നടത്തിയതെന്നാണ് ആരോപണം. എന്നാൽ ആ കപ്പൽ തങ്ങളുടേതല്ലെന്ന് ഇറാൻ വാദിക്കുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍