UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്രയേല്‍ പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദര്‍ശനം: രാഷ്ട്രീയം മുതല്‍ സാമ്പത്തികം വരെ; അറിയേണ്ടതെല്ലാം

Avatar

അഴിമുഖം പ്രതിനിധി

ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രസിഡണ്ട് റൂവെന്‍ റിവ്ലിന്‍ ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രയേല്‍ രാഷ്ട്രത്തലവനാണ് റിവ്ലിന്‍. ഇരു രാജ്യങ്ങളും തമ്മില്‍ വിപുലമാകുന്ന പങ്കാളിത്തത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന് മുമ്പ് 1997-ല്‍ എസെര്‍ വിസ്മാനാണ് ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേലി പ്രസിഡണ്ട്. റിവ്ലിനോടൊപ്പം വലിയൊരു വ്യാപാര പ്രതിനിധി സംഘവും എത്തിയിട്ടുണ്ട്. സംഘം  ആഗ്ര, കര്‍ണാല്‍, ചണ്ഡീഗഡ്, മുംബൈ എന്നിവടങ്ങളും സന്ദര്‍ശിക്കും

ഇന്ത്യ – ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത്:

1. സന്ദര്‍ശനത്തിന്റെ അടിയന്തര പ്രാധാന്യമെന്ത്?
കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ പിന്നാലെയാണ് ഈ സന്ദര്‍ശനം. 1992-ല്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാര്‍ ഇസ്രയേലുമായുള്ള ഔപചാരിക നയതന്ത്ര ബന്ധം തുടങ്ങിയതിന്റെ 25-ആം വാര്‍ഷികമാണ് ഇത്. അടുത്ത വര്‍ഷം ഉണ്ടായേക്കും എന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോടിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടി കൂടിയാണിത്. 

2. സന്ദര്‍ശനത്തില്‍ അടങ്ങിയ രാഷ്ട്രീയ സന്ദേശംഎന്താണ്?
2003-ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചതില്‍ പിന്നെ ഏതെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നിട്ടല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലും സന്ദര്‍ശിച്ചിട്ടില്ല. “ഇസ്രയേലി കണ്ടുപിടിത്തങ്ങള്‍ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മെച്ചപ്പെടുത്താന്‍ എങ്ങനെ  സഹായിക്കുന്നു എന്നറിയാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പുറപ്പെടവേ ഞാന്‍ അഭിമാനപൂരിതനാകുന്നു,” എന്നാണ് പുറപ്പെടും മുമ്പ് ട്വീറ്റില്‍ റിവ്ലിന്‍ പറഞ്ഞത്. രാഷ്ട്രീയ സന്ദേശം എന്നാല്‍ വ്യക്തമാണ്- സുരക്ഷ, പ്രതിരോധം, കൃഷി തുടങ്ങി പല മേഖലകളിലും ഇസ്രയേല്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയായി മാറിയിരിക്കുന്നു. പലസ്തീനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല സൌഹൃദത്തിലെ രാഷ്ട്രീയ ഐക്യമാണ് ഇസ്രയേല്‍ ബന്ധത്തെ താഴ്ത്തിവെക്കാന്‍ മുമ്പുള്ള പല സര്‍ക്കാരുകളെയും പ്രേരിപ്പിച്ചത്. പക്ഷേ ഇപ്പോള്‍ അതങ്ങനെയല്ല. കഴിഞ്ഞ വര്‍ഷം പ്രണബ് മുഖര്‍ജി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ അതൊരു ഇന്ത്യന്‍ രാഷ്ട്രതലവന്റെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനമായി.

3. സുരക്ഷയും പ്രതിരോധവും കൂടാതെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണ മേഖലകള്‍ ഏതൊക്കെയാണ്?കാര്‍ഷികമേഖലയിലെ സഹകരണം ഏറെ വിപുലമായിട്ടുണ്ട്. ഇസ്രയേലിലെ ജല സ്രോതസ് കൈകാര്യത്തില്‍ വൈദഗ്ദ്ധ്യം ആര്‍ജ്ജിച്ച  കമ്പനികളില്‍ പ്രമുഖമായ Water Gen അധ്യക്ഷ മിഖായേല്‍ മീരിലാഷ്വ്ളി റിവ്ലിനോടൊപ്പമുള്ള സംഘത്തിലുണ്ട്. അദ്ദേഹം ചണ്ഡീഗഡിനൊപ്പം കര്‍ണാളിലെ ഇന്‍ഡ്യ-ഇസ്രയേല്‍ കാര്‍ഷിക പദ്ധതിയുടെ കേന്ദ്രവും സന്ദര്‍ശിക്കും. ഇത്തരം 15 മികവിന്റെ കേന്ദ്രങ്ങള്‍ ഈ പദ്ധതിയില്‍ തുടങ്ങിയിട്ടുണ്ട്. പഴം പച്ചക്കറി കൃഷിയിലെ യന്ത്രവത്കരണം, സംരക്ഷിത കൃഷി, നഴ്സറി കൈകാര്യം, സൂക്ഷ്മ ജലസേചനം, ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രത്യേകിച്ചുമുള്ള വിളവെടുപ്പിനുശേഷമുള്ള കൈകാര്യം എന്നിവയിലൊക്കെ ഇസ്രയേല്‍ വൈദഗ്ദ്ധ്യവും സാങ്കേതികവിദ്യയും ഇന്ത്യക്ക് സഹായകമാണ്. ഇസ്രയേലി വെള്ളത്തുള്ളി ജലസേചനവിദ്യകളും ഉത്പന്നങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

4. ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന്റെ ചരിത്രം എന്താണ്?
1950 സെപ്റ്റംബര്‍ 17-നു ഇന്ത്യ, ഇസ്രായേലിനെ ഔപചാരികമായി അംഗീകരിച്ചു. തൊട്ടുപിന്നാലെ ജൂത ഏജന്‍സി ബോംബെയില്‍ ഒരു എമിഗ്രേഷന്‍ കാര്യാലയം തുടങ്ങി. പിന്നീടത് വാണിജ്യ കാര്യാലയവും പിന്നെ കോണ്‍സുലേറ്റുമാക്കി മാറ്റി. പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിച്ചതോടെ 1992-ല്‍ ഇരുകൂട്ടരും നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു. ഇതിനുശേഷം പ്രതിരോധ, കാര്‍ഷിക മേഖലകളിലെ സഹകരണം ശക്തമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് ശാസ്ത്ര, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിലേക്കും വ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിനൂതന സാങ്കേതിക/അറിവ് മേഖലകളിലെ ബന്ധം വരും നാളുകളില്‍ ശക്തമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ സൌഹൃദപരമാണ്.

5. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ,സാമ്പത്തിക ബന്ധങ്ങള്‍ എന്താണ്?
1992-ല്‍ 200 ദശലക്ഷം ഡോളറായിരുന്ന (രത്ന വ്യാപാരമായിരുന്നു അന്ന് പ്രധാനം) ഉഭയകക്ഷി വ്യാപാരം 2011-ല്‍ 5.19 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. തുടര്‍ന്നത് 4.5 ബില്ല്യണ്‍ ഡോളറിനടുത്തായി നില്‍ക്കുകയാണ്. ഉഭയകക്ഷി വ്യാപാരത്തിന്റെ ഏതാണ്ട് 50%-വും ഇപ്പൊഴും രത്നവ്യാപാരമാണെങ്കിലും മരുന്ന്, കൃഷി, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയം, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിലേക്കും വാണിജ്യം വ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതി വിലപിടിച്ച കല്ലുകളും ലോഹങ്ങളും, ഔഷധ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, പച്ചക്കറി ഉത്പന്നങ്ങള്‍, ഖനിജ ഉത്പന്നങ്ങള്‍ എന്നിവയാണ്. ഇറക്കുമതി പ്രധാനമായും വിലപിടിപ്പുള്ള കല്ലുകള്‍, രാസവസ്തുക്കള്‍ (പ്രധാനമായും പൊട്ടാഷ്), ലോഹങ്ങള്‍, യന്ത്രങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രയേല്‍ തന്ത്രപരമായി ചൈന, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തി.  2000 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 73.7 ബില്ല്യണ്‍ ഡോളറാണ്. യു.എസ്, യൂറോപ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് വരുന്ന ഇസ്രയേലില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍