UPDATES

ട്രെന്‍ഡിങ്ങ്

ചാവേര്‍ എത്തിയത് മഹീന്ദ്ര സ്കോര്‍പ്പിയോയില്‍ 350 കിലോഗ്രാം സ്ഫോടക വസ്തുവുമായി; എന്താണ് അവന്തിപോരയില്‍ സംഭവിച്ചത്?-10 കാര്യങ്ങള്‍

ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഇന്നലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ 43 സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിന്‍റെ ഭീകര വാദ ചരിത്രത്തിലെ ഏറ്റവും വലിയ ചാവേറാക്രമണത്തില്‍ ഇന്നലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ 43 സൈനികര്‍ കൊല്ലപ്പെട്ടു. സിആർപിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ഭീകരാക്രമണത്തെ നികൃഷ്ടം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പത്തു കാര്യങ്ങള്‍:

1. 350 കിലോഗ്രാം സ്ഫോടക വസ്തുവുമായി മഹീന്ദ്ര സ്കോര്‍പ്പിയോയില്‍ എത്തിയ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈകീട്ട് 3.15നു സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് മഹീന്ദ്ര സ്കോര്‍പ്പിയോ ഇടിച്ചു കയറ്റുകയായിരുന്നു. ശ്രീനഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന അവന്തിപോര.

2.സ്ഫോടനം നടന്നതിന് 100 മീറ്റര്‍ പരിധിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. അത്യുഗ്രശേഷിയുള്ള ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നതെന്ന് ജമ്മു കശ്മീർ ഡിജിപി. 12 കിലോമീറ്റര്‍ പരിധിയില്‍ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍.

3. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം സംഘടനയില്‍ ചേര്‍ന്ന കകപോര സ്വദേശി ആദില്‍ അഹമ്മദ് ഡര്‍ ആണ് ആക്രമണം നടത്തിയത് എന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

4. ചാവേര്‍ ആക്രമണം നടത്തുമെന്ന് ജയ്ഷെ മുഹമ്മദ് മുന്നറിയിപ്പ് നല്കിയിരുന്നതായി സംസ്ഥാന പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്. വീഡിയോ അടക്കമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി പങ്കുവെച്ചിരുന്നതായി റിപ്പോര്‍ട്ട്.

5. 78 വാഹനങ്ങളിലായി 2500 സി ആര്‍ പി എഫ് ജവാന്‍മാരാണ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ആക്രമിക്കപ്പെട്ട ബസില്‍ ഉണ്ടായിരുന്നത് 39 സൈനികര്‍. കാലാവസ്ഥ മോശമായതിനാല്‍ രണ്ടു ദിവസമായി ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ സൈനികര്‍ ഒരു സമയത്ത് തന്നെ കോണ്‍വോയ് ആയി നീങ്ങിയത്. പുലര്‍ച്ചെ 3.30നാണ് കോണ്‍വോയ് ജമ്മു വിട്ടത്.

Read More: ആയുധങ്ങളല്ല, പക്വമായ രാഷ്ട്രീയ തീരുമാനങ്ങളായിരിക്കണം കശ്മീരിനെ വീണ്ടെടുക്കേണ്ടത്

6. സൈനിക വാഹനത്തില്‍ കണ്ടെത്തിയ ബുള്ളറ്റുകളുടെ പാടുകള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരുന്നു ആക്രമണം നടത്തിയെന്നാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. സംഭവിച്ചത് ഗൌരവതരമായ സുരക്ഷാ പാളിച്ച.

7. ജമ്മു കാശ്മീര്‍ പോലീസിനോടൊപ്പം നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഭീകരാക്രമണം സംബന്ധിച്ചു അന്വേഷണം നടത്തും.

8. സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം തോളോടു തോൾ ചേർന്ന് ഭീകരവാദത്തെ നേരിടുമെന്നും മോദി. സൈനികരുടെ ജീവത്യാഗം പാഴാവില്ലെന്നും പ്രധാനമന്ത്രി. രാജ്യമൊന്നാകെ ഭീകരവാദത്തിനെതിരെ ഒരുമിച്ചു നില്‍ക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീരുത്വത്തിന്റെ പ്രകടനമാണ് പുൽവാമയിൽ കണ്ടതെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്ലി. ശക്തമായ നടപടിയുണ്ടാകുമെന്ന് രാജ്നാഥ് സിങ്.

9. തങ്ങളുടെ മണ്ണില്‍ നടക്കുന്ന ഭീകര വാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭീകരവാദികളുടെ പട്ടികയെ പിന്തുണയ്ക്കണമെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു.

10. നടന്നത് രണ്ടു ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഭീകരാക്രമണം. 2001ല്‍ മൂന്നു ജയ്ഷെ മുഹമ്മദ് ജമ്മു കാശ്മീര്‍ അസംബ്ലിയിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ടാറ്റ സുമോ ഇടിച്ചു കയറ്റി ആക്രമണം നടത്തി. 38 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2016ല്‍ ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിന്നലാക്രമണം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍