UPDATES

മസൂദ് അസ്ഹര്‍: വാജ്പേയി സര്‍ക്കാര്‍ മോചിപ്പിച്ചതിനു പിന്നാലെ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിച്ച കൊടുംഭീകരന്‍; അന്ന് വില പേശിയത് അജിത് ഡോവല്‍; ഇന്ത്യക്ക് എന്നും തലവേദന

കാര്‍ ബോംബ് ആക്രമണങ്ങള്‍ ജയ്ഷ് ഇ മുഹമ്മദ് നേരത്തെയും നടത്തിയിട്ടുണ്ട്.

ഇടക്കാലത്ത് നിര്‍ജ്ജീവമായിരുന്ന ജയ്ഷ് ഇ മുഹമ്മദ് കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മു കാശ്മീരിലെ വിവിധ ഭീകരാക്രമണങ്ങളിലൂടെ വീണ്ടും സജീവമാണ്. കാശ്മീരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല ചെയ്യപ്പെട്ട ഭീകരാക്രണമാണ് കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുന്നത് 2000-ലാണ്. അവരുടെ ആദ്യ ആക്രമണം 2000 ഏപ്രിലില്‍ കാശ്മീരിലാണുണ്ടായത്. ആര്‍മി ബാരക്ക് ലക്ഷ്യം വച്ചുള്ള ചാവേര്‍ ബോംബ് ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൗലാന മസൂദ് അസ്ഹര്‍ ആണ് ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍. പാക് പഞ്ചാബിലെ ബഹവല്‍പൂര്‍ സ്വദേശിയായ, ഒരു സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മകന്‍. മസൂദ് അസ്ഹറിനെ തിഹാര്‍ ജയിലില്‍ നിന്ന് വിട്ടയച്ചത് 1999ല്‍ എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം മസൂദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെട്ട ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോവുകയും യാത്രക്കാരെ  ബന്ദികളാക്കുകയും ചെയ്തതിനു പിന്നാലെ അവരെ മോചിപ്പിക്കുന്നതിനായിരുന്നു അസ്ഹര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ ഇന്ത്യ വിട്ടയച്ചത്.

ഹര്‍ക്കത്തുള്‍ അന്‍സാര്‍, ഹര്‍ക്കത്തുള്‍ ജിഹാദ്, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 1994ല്‍ ശ്രീനഗറിലെത്തിയ മസൂദിനെ ആ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ അറസ്റ്റ് ചെയ്തു. മസൂദ് ജയിലിലായി. അന്ന് 26 വയസ് മാത്രം പ്രായമുണ്ടായിരുന്ന അസ്ഹര്‍ പോര്‍ട്ടുഗീസ് പാസ്പോര്‍ട്ടില്‍ ജേര്‍ണലിസ്റ്റ് എന്ന വ്യാജേനെയാണ് കാശ്മീരിലെത്തിയത്. അറസ്റ്റിലായ അസ്ഹര്‍ ആരാണ് എന്നത് സംബന്ധിച്ച് കാര്യമായ അന്വേഷണങ്ങളൊന്നും തുടക്കത്തില്‍ ഉണ്ടായില്ലെങ്കിലും അന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ ഭാഗമായി അവിടെ ജോലി ചെയ്തിരുന്ന ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലും, ഇന്ന് ഭീകരവാദം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ ആസിഫ് ഇബ്രാഹിമും ഉള്‍പ്പെട്ട സംഘം അസ്ഹര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ചികഞ്ഞെടുത്തതോടെയാണ്‌ വലയില്‍ വീണത് വമ്പന്‍ സ്രാവാണ് എന്നു ബോധ്യമാകുന്നത്.

1995ല്‍ ആറ് വിദേശ ടൂറിസ്റ്റുകളെ ജമ്മു കാശ്മീരില്‍ തട്ടിക്കൊണ്ടുപോയി. അല്‍ ഫറാന്‍ എന്ന സംഘടനയുടെ പേരിലുള്ളവരാണ് തട്ടിക്കൊണ്ടുപോയത്. ഇവര്‍ തട്ടിക്കൊണ്ടുപോയവരെ വിട്ടയയ്ക്കാനായി മുന്നോട്ട് വച്ച ഒരു ആവശ്യം മസൂദിനെ വിട്ടയയ്ക്കണം എന്നായിരുന്നു. എന്നാല്‍ അത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. 1999 ഡിസംബര്‍ 24ന് കാഠ്മണ്ഡുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് (IC-814) വിമാനം ഭീകരര്‍ റാഞ്ചി. അമൃത്സറിലിറക്കി ഇന്ധനം നിറച്ച് പാകിസ്താനിലെ ലാഹോറിലേയ്ക്കും ദുബായിലേയ്ക്കും പിന്നീട് അവിടെനിന്ന് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേയ്ക്കും കൊണ്ടുപോയി. ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അഫ്ഗാന് താലിബാനാണ് അന്ന് ഇവരെ സഹായിച്ചത്.

അന്ന് ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കാന്‍ ഭീകരരുമായി വിലപേശല്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടതും ഡോവലാണ് എന്നതും ശ്രദ്ധേയം. ഇന്ത്യ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ ഇന്റലിജന്‍സ് പിഴവുകളിലൊന്നായി കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കൈകാര്യം ചെയ്ത രീതി പിന്നീട് വിമര്‍ശിക്കപ്പെട്ടു. മസൂദ് അസ്ഹര്‍ അടക്കം മൂന്ന് ഭീകരരെ വിട്ടുകിട്ടുക, വന്‍ തുക പണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയാണ് ഡോവലും സംഘവും ചെയ്തത്. മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകരരേയും പണവും കൊണ്ട് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിംഗും ഡോവലും കാണ്ഡഹാറിലേയ്ക്ക് പോയി. സ്വതന്ത്രനായ മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പോയി ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിച്ചു. അല്‍-ക്വയ്ദയുടെയും ഒസാമ ബിന്‍ ലാദന്റെയും സഹായത്തോടെയായിരുന്നു ഇതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അന്ന് അസ്ഹറിനൊപ്പം വിട്ടയക്കപ്പെട്ടവരില്‍ ഒരാളായ ഒമര്‍ ഷെയ്ക്ക് ഇന്ന് പാക്കിസ്ഥാനില്‍ ജയിലിലാണ്- അമേരിക്കന്‍ പൌരനും വാള്‍സ്ട്രീറ്റ് ജേര്‍ണലിസ്റ്റുമായ ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍.

കാര്‍ ബോംബ് ആക്രമണങ്ങള്‍ ജയ്ഷ് ഇ മുഹമ്മദ് നേരത്തെയും നടത്തിയിട്ടുണ്ട്. 2000ല്‍ 17 വയസുകാരനായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി അഫാഖ് അഹമ്മദ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാരുതി കാര്‍ ശ്രീനഗറില്‍ ആര്‍മിയുടെ 15 കോര്‍പ്‌സ് ആസ്ഥാനത്തേയ്ക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചു. കാര്‍ ഗേറ്റില്‍ തന്നെ പൊട്ടിത്തെറിച്ചു. ഈ ആക്രമണമാണ് കാശ്മീരില്‍ ജയ്ഷ് ഇ മുഹമ്മദിന്റെ വരവറിയിച്ചത്. അതേവര്‍ഷം ക്രിസ്മസ് ദിനത്തില്‍ ബ്രിട്ടീഷ് പൗരനായ ഭീകരപ്രവര്‍ത്തകനെ അതേ ആസ്ഥാനത്തേയ്ക്ക് കാര്‍ ബോംബുമായി അയച്ചു. 2005ല്‍ അവന്തിപ്പോരയില്‍ ജെഇഎമ്മിന്റെ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു. 2001 സെപ്റ്റംബര്‍ 11ല്‍ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ജമ്മു കാശ്മീര്‍ നിയമസഭയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം താലിബാനെതിരെയുള്ള യുഎസ് സൈന്യത്തിന്റെ നടപടികള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കിയതോടെ ജെഇഎം പാകിസ്താന്‍ ഗവണ്‍മെന്റുമായി സംഘര്‍ഷത്തിലായി. 2003ല്‍ മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ആക്രമണം ഈ സംഘര്‍ഷം രൂക്ഷമാക്കി. രണ്ട് തവണയാണ് മുഷറഫിന് നേരെ ജെഇഎം വധശ്രമം നടത്തിയത്.

2001 ഡിസംബറില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചു. 2001ല്‍ ജയ്ഷ് ഇ മുഹമ്മദിനെ പാകിസ്താന്‍ നിരോധിച്ചെങ്കിലും പ്രവര്‍ത്തനം നിര്‍ബാധം തുടരുകയായിരുന്നു. അതേസമയം മസൂദ് അസ്ഹറിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ നിരന്തര ആവശ്യം പാകിസ്താന്‍ സ്ഥിരമായി തള്ളിക്കളയുകയാണ് പതിവ്. മസൂദിനെതിരെ തെളിവില്ലെന്നാണ് പാകിസ്താന്റെ വാദം. 2008ലെ മുംബയ് ഭീകരാക്രമണത്തിലും മസൂദിനും ജയ്ഷിനും പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചു. മസൂദിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പാക്കുന്നത് ചൈന പല തവണ ഇടപെട്ട് തടഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ അസ്ഹറിനെ പാക്കിസ്ഥാന്‍ കരുതല്‍ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊന്നും ശരിയായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

ആറു വര്‍ഷത്തോളം പുറത്തധികം വിവരമില്ലാതിരുന്ന അസ്ഹര്‍ 2014- ലാണ് പിന്നീട് സജീവമാകുന്നത്. അതുവരെ സാധാരണ പൌരനായി ബഹവല്‍പൂരില്‍ താമസിച്ചു കൊള്ളാം എന്ന് പാക് സര്‍ക്കാരുമായുള്ള ധാരണയിലായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ തന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വന്‍ ജനപങ്കാളിത്തമുള്ള റാലിയിലൂടെയാണ് അസ്ഹര്‍ വീണ്ടും ജനശ്രദ്ധയില്‍ വരുന്നത്. കാശ്മീരില്‍ വീണ്ടും ‘വിശുദ്ധ യുദ്ധം’ തുടങ്ങുകയാണെന്നും അസ്ഹര്‍ അന്ന് പ്രഖ്യാപിച്ചു.

2016 ജനുവരിയിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തു. 2016 സെപ്റ്റംബറില്‍ ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി കാശ്മീരില്‍ നിരവധി ആക്രമണങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് ആസൂത്രണം ചെയ്തത്. 2017 ഡിസംബറില്‍ ജെഇഎം കമാന്‍ഡര്‍ നൂര്‍ മുഹമ്മദ് ത്രാലിയെ ഇന്ത്യന്‍ സേന വധിച്ചു. ഇത് സംഘടനയ്ക്ക് വലിയ തിരിച്ചടിയായി. പ്രവര്‍ത്തനം നിര്‍ജ്ജീവമായിപ്പോയിരുന്ന സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇയാളായിരുന്നു.

പാകിസ്താന്‍ അധികൃതരുടെ പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങിയതും ഇന്ത്യന്‍ ഇന്റലിജന്‍സ് സംഘടനയില്‍ നുഴഞ്ഞു കയറി സംഘടനയെ ദുര്‍ബലപ്പെടുത്തിയതും നേതാക്കളെ വലിയ തോതില്‍ വധിച്ചതും ജെഇഎമ്മിന് തിരിച്ചടിയായി. 2004ല്‍ ജയ്ഷ് ഇ മുഹമ്മദിന്റെ ഉന്നത നേതാക്കളെ ലൊലാബിലെ യോഗത്തിനിടെ സുരക്ഷാസേന വധിച്ചു. 2011 മാര്‍ച്ചില്‍ ജെഇഎം കാശ്മീര്‍ തലവനായിരുന്ന സജാദ് അഗാനിയെ വധിച്ചു. ത്രാലിക്ക് പകരം വന്ന പാക് പൗരന്‍ മുഫ്തി വഖാസിനെ 2018 മാര്‍ച്ചില്‍ അവന്തിപ്പോരയില്‍ സുരക്ഷാസേന വധിച്ചു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശവാസികളായ കാശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തും നിരന്തരം ആക്രമണങ്ങള്‍ നടത്തിയും കാശ്മീരില്‍ ജയ്ഷ് ഇ മുഹമ്മദ് സാന്നിധ്യമറിയിക്കുന്നുണ്ട്.

2019ല്‍ തന്നെ ഒരു ഡസനോളം ഭീകരാക്രമണങ്ങള്‍ കാശ്മീരില്‍ ജയ്ഷ് നടത്തി. റിപ്പബ്ലിക് ദിനത്തിന് മുമ്പായി ശ്രീനഗറില്‍ രണ്ട് ആക്രമണങ്ങള്‍. തന്റെ രണ്ട് അനന്തരവന്മാരെ മസൂദ് അസ്ഹര്‍ കാശ്മീര്‍ താഴ്‌വരയിലേയ്ക്കയച്ചു. ഇതില്‍ ഒരാളെ 2017 ഒക്ടോബറില്‍ സുരക്ഷാ സേന വധിച്ചു – തല്‍ഹ റാഷിദ്. മറ്റൊരു അന്തരവന്‍ ഉസ്മാന്‍ ഹൈദറിനെ കഴിഞ്ഞ വര്‍ഷവും വധിച്ചു. വേറൊരു അന്തരവനായി മുഹമ്മദ് ഉമൈര്‍ ആണ് പുല്‍വാമയില്‍ 46 സിആര്‍പിഎഫ് സൈനികരെ വധിച്ച ഭീകരാക്രമണം ആസൂത്രണം ചെയ്തത് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്. ഭീകരാക്രണമണം നടക്കുമെന്ന ഇന്റലിജന്‍സ് ഇന്‍പുട്ട് കാശ്മീര്‍ പൊലീസ് ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫും ആര്‍മിയും ബിഎസ്എഫും അടക്കമുള്ള വിവിധ സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നു. ആക്രമത്തിന് രണ്ട് ദിവസം മുമ്പ് അഫ്ഗാന്‍ മോഡല്‍ ഭീകരാക്രമണം നടത്തുമെന്ന സൂചനയുമായി ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോയും വന്നിരുന്നു. എന്നാല്‍ ഗുരുതരമായ സുരക്ഷാ അലംഭാവമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നു തന്നെയാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍