UPDATES

ട്രെന്‍ഡിങ്ങ്

യശ്വന്തിന്റെ പ്രശ്നം വയസുകാലത്ത് പണിയില്ലാത്തതെന്ന് ജയ്റ്റ്ലി, താന്‍ അപേക്ഷിച്ചിരുന്നെങ്കില്‍ ജയ്റ്റ്ലിക്ക് പണി ഉണ്ടാകില്ലെന്ന് യശ്വന്ത്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും വിധം എന്തെങ്കിലും അദ്ഭുതമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രശ്‌നമുണ്ട്, പ്രതിസന്ധിയുണ്ട് എന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം.

രാജ്യത്തിന്റെ സാമ്പത്തികനില സംബന്ധിച്ച് തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സാമ്പത്തിക പ്രതിസന്ധിക്കുത്തരവാദികള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചിരുന്നു. രൂക്ഷ വിമര്‍ശനമാണ് ജയ്റ്റ്‌ലിക്കെതിരെ മുന്‍ ധന മന്ത്രി കൂടിയായ സിന്‍ഹ നടത്തിയത്. ഇതിന് മറുപടി പറയുകയായിരുന്നു ജയ്റ്റ്‌ലി. 80ാം വയസില്‍ വേറെ പണിയൊന്നും കിട്ടാത്തതുകൊണ്ടും ഒരു പണി കിട്ടാന്‍ വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് കൊണ്ടുമാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് യശ്വന്ത് സിന്‍ഹയുടെ പേരെടുത്ത് പറയാതെ അരുണ്‍ ജയ്റ്റ്‌ലി പരിഹസിച്ചു.

ന്യൂഡല്‍ഹിയില്‍ India @ 70, Modi @ 3.5 എന്ന പുസ്തകം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ പേര് India@70, [email protected] and job applicant@80” എന്നായിരുന്നു എന്ന് യശ്വന്ത് സിന്‍ഹയെ പരിഹസിച്ചുകൊണ്ട് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. എനിക്ക് മുന്‍ ധനമന്ത്രിയായിരിക്കുന്നതിന്റെ ആഡംബരവും സുഖവും ഇതുവരെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളമിസ്റ്റായി മാറിയ മുന്‍ ധനമന്ത്രിയുടെ അനുഭവവും എനിക്കില്ല. അതുകൊണ്ട് തന്നെ നയപരമായ മരവിപ്പുകള്‍ എനിക്ക് മറക്കാന്‍ കഴിയും. 1998-2002 കാലത്തെ 15 ശതമാനം നിഷ്‌ക്രിയ ആസ്തി മറക്കാന്‍ കഴിയും – ജയ്റ്റ്‌ലി പറഞ്ഞു. യശ്വന്ത് സിന്‍ഹയേയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയ മുന്‍ ധന മന്ത്രിയും കോണ്‍ഗ്രസ് നേതാവായ പി ചിദംബരത്തേയും ജയ്റ്റ്‌ലി പരിഹസിച്ചു. സിന്‍ഹ ചിദംബരത്തിനെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഒപ്പം ചിദംബരം യശ്വന്ത് സിന്‍ഹയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങളും.

നാല് വര്‍ഷം ധനമന്ത്രിയെന്ന നിലയില്‍ മോശം റെക്കോഡായിരുന്നു സിന്‍ഹയ്ക് ഇത് മൂലമായി പ്രധാനമന്ത്രി എബി വാജ്‌പേയിക്ക് സിന്‍ഹയെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കേണ്ടി വന്നത്. 2012 സെപ്റ്റംബറില്‍ തന്റെ ഫോണ്‍ ടാപ്പ് ചെയ്യാന്‍ ചിദംബരം ഉത്തരവിട്ടതായി സിന്‍ഹ ആരോപിച്ചിരുന്നു. ഉദാരവ്ത്കരണം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശം കാലമെന്നാണ് സിന്‍ഹ ധന മന്ത്രിയായിരുന്ന കാലത്തെ കുറിച്ച് ചിദംബരം 2014 മേയില്‍ പറഞ്ഞെതെന്ന് സിന്‍ഹ ഓര്‍മ്മിപ്പിച്ചു. വളര്‍ച്ചാനിരക്കില്‍ തന്റെ റെക്കോഡിനൊപ്പമെത്താന്‍ ചിദംബരം വീണ്ടും ജനിക്കേണ്ടി വരുമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു.

അതേസമയം താന്‍ ജോലിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കില്‍ ജയ്റ്റ്‌ലിക്ക് പണിയുണ്ടാകുമായിരുന്നില്ല എന്ന് യശ്വന്ത് സിന്‍ഹ തിരിച്ചടിച്ചടിച്ചു. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് യശ്വന്ത് സിന്‍ഹയുടെ മറുപടി.  സാമ്പത്തിക പ്രതിസന്ധിക്ക് ധന മന്ത്രിയെ അല്ലാതെ പിന്നെ ആഭ്യന്തര മന്ത്രിയെ ആണോ വിമര്‍ശിക്കേണ്ടത് എന്ന് യശ്വന്ത് സിന്‍ഹ ചോദിച്ചു. പ്രധാനമന്ത്രി പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചിട്ടും ധനമന്ത്രിക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. പ്രശ്‌നമുണ്ട്, പ്രതിസന്ധിയുണ്ട് എന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം. താന്‍ ധമന്ത്രിയായിരുന്ന കാലത്ത് ഏറെ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് പോയത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില അക്കാലത്ത് കൂത്തനെ ഉയര്‍ന്നിരുന്നതായി സിന്‍ഹ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി തീവ്രദേശീയതയുടെ പേരിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സിന്‍ഹ ആരോപിച്ചു. തന്റെ അഭിപ്രായം തള്ളിക്കൊണ്ട് മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത് വന്നത് സംബന്ധിച്ചും യശ്വന്ത് സിന്‍ഹ പരാമര്‍ശിച്ചു. ഇത് കുടുംബപ്രശ്‌നമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ എന്റെ മകന്റെ രാഷ്ട്രീയ ഭാവി തകരാറിലാവുകയാണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ യശ്വന്ത് സിന്‍ഹയുടെ നിലപാടുകളെ പേരെടുത്ത് പറയാതെ ജയന്ത് സിന്‍ഹ വിമര്‍ശിച്ചിരുന്നു.

അടുത്ത് ബജറ്റ് നിര്‍ണായകമാണ്. 2018ലെ ബജറ്റാണ് മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. 2019ലെ അവസാന ബദറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും വിധം എന്തെങ്കിലും അദ്ഭുതമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ സമിതിയുടെ നിഗമനം ഏറെ വൈകിയാണ്. എന്തായാലും സമിതി എന്ത് നിര്‍ദ്ദേശമാണ് മുന്നോട്ട് വയ്ക്കാന്‍ പോകുന്നതെന്ന നോക്കാം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുര എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വകാര്യ നിക്ഷേപങ്ങള്‍ വരണം. സമ്പദ് വ്യവസ്ഥ ശക്തിപ്പെടണം – യശ്വന്ത് സിന്‍ഹ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍