UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍; ഈദ് ആഘോഷിക്കേണ്ടെന്ന് മുസ്ലീം സംഘടന

സാമൂഹിക, മത സൗഹാര്‍ദത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളേയും ക്ഷണിച്ച് കഴിഞ്ഞ 20 വര്‍ഷമായി നടത്തിവരുന്ന ചടങ്ങാണ് റദ്ദാക്കിയത്

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമുദായിക സംഘര്‍ഷ സാഹചര്യത്തില്‍ ഈദ് മിലാന്‍ ആഘോഷിക്കേണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ ജമാഅത്തെ-ഉല്‍മ-ഐ-ഹിന്ദിന്റെ തീരുമാനം. വിശുദ്ധമാസത്തിന്റെ സമാപ്തി സൂചിപ്പിച്ചുകൊണ്ടുള്ള കൂടിച്ചേരലാണ് ഈദ് മിലന്‍. സാമൂഹിക, മത സൗഹാര്‍ദത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളേയും കഴിഞ്ഞ 20 വര്‍ഷമായി ജമാഅത്തെ ചടങ്ങിന് ക്ഷണിക്കാറുണ്ടായിരുന്നു. ഈ വര്‍ഷം ജൂണ്‍ 30നാണ് ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിമാരുമൊക്കെ ചടങ്ങില്‍ ക്ഷണിതാക്കളായിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗായിരുന്നു സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിലാണ് ചടങ്ങ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് കൊലപാതകങ്ങളെ അപലപിച്ചുകൊണ്ട് ജമാഅത്തെ ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് മഅദനി അറിയിച്ചു. ‘രാജ്യത്ത് തകര്‍ന്ന കൊണ്ടിരിക്കുന്ന സാമുദായിയ ഐക്യത്തിന്റെ സാഹചര്യത്തില്‍ ചടങ്ങിനെ പ്രത്യേക പ്രാധാന്യം കല്‍പിക്കേണ്ടതില്ല,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയില്‍ 15കാരനായ ജുനൈദ് ഖാന്റെ കൊലപാതകത്തില്‍ മറ്റൊരു പ്രമുഖ മുസ്ലീം സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമി ഹിന്ദ് പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ സമാധാനപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ഈദ് പ്രാര്‍ത്ഥനകള്‍ക്കിടയില്‍ കറുത്ത ബാഡ്ജ് ധരിക്കാന്‍ ഹരിയാനയിലെ ജുനൈദിന്റെ ഗ്രാമവാസികള്‍ തീരുമാനിച്ചിട്ടുണ്ട്. മുസ്ലീങ്ങളെയും ദളിതരെയും പോലുള്ള പ്രാന്തവല്‍കൃത സമൂഹങ്ങളെ രണ്ടാം തരം പൗരന്‍മാരായാണ് പരിഗണിക്കുന്നതെന്നും അതിനാല്‍ തന്നെ അപകര്‍ഷതബോധമാണ് അവരെ ഭരിക്കുന്നതെന്നും ജമാഅത്തെ സെക്രട്ടറി മഅദനിയുടെ പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു.

ഭൂരിപക്ഷ സമുദായങ്ങളുടെ മനസില്‍ മേധാവിത്വമനോഭാവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസുത്രണപ്പെട്ടുന്ന ഇത്തരം കൊലപാതക പരമ്പരകളെ അപലപിച്ച സമാധാനകാംക്ഷികളും നീതി ആഗ്രഹിക്കുന്നവരുമായ ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ സരുക്ഷയും സംരക്ഷണവും ഉറപ്പാക്കുക എന്ന അതിന്റെ ചുമതല സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്നും മഅദനി ചൂണ്ടിക്കാട്ടുന്നു. ഈദും ഹോളിയും ദീപാവലിയുമെല്ലാം ആഹ്ലാദത്തോടെയും സമാധാനത്തോടെയും എല്ലാവര്‍ക്കും ആഘോഷിക്കാന്‍ സാധിക്കുന്നതരത്തില്‍ സമാധാനവും പൊതുജനങ്ങള്‍ക്കിടയിലെ വിശ്വാസ്യതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അടിച്ചമര്‍ത്തപ്പെട്ടവരും ദുര്‍ബലരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വവും വേദനയും ആഹ്ലാദവും പരസ്പരം പങ്കുവെക്കാനുമുള്ള അന്തരീക്ഷവുമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്.

ജമാഅത്തെ-ഇ-ഇസ്ലാമി ഹിന്ദ് ഉള്‍പ്പെടെയുള്ള നിരവധി മുസ്ലീം സംഘടനകളുടെ പ്രതിനിധികള്‍ ഞായറാഴ്ച ഹരിയാനയിലെ കാന്ദവല്ലി ഗ്രാമം സന്ദര്‍ശിക്കുകയും ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും സാമുദായിക ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ജമാഅത്തെ-ഇ-ഇസ്ലാമി-ഹിന്ദ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. സംഭവങ്ങളുടെ എല്ലാം പിന്നില്‍ സാമൂഹിക വിരുദ്ധരായ ജനക്കൂട്ടമാണെന്നിരിക്കെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് പ്രതിഷേധജനകമാണെന്നും പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന വികാരമാണ് നിലനില്‍ക്കുന്നതെന്ന് അത് ആരോപിച്ചു. ജുനൈദിന്റെ കുടുംബത്തിന് സംഘം 25,000 രൂപ നഷ്ടപരിഹാരമായി നല്‍കി.

എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ ഇന്ന് നടത്താനിരുന്ന ഈദ്ഗാഹ് പിന്‍വലിച്ചതായി ഇന്നലെ വൈകി സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതെന്തെങ്കിലും പ്രതിഷേധനത്തിന്റെ ഭാഗമല്ല എന്നാണ് സൂചന. മോശം കാലവസ്ഥയാണ് ചടങ്ങ് പിന്‍വലിക്കാന്‍ കാരണമെന്ന് സംഘാടകര്‍ അറിയിച്ചതായി ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍