UPDATES

“കശ്മീരിന്റെ പ്രത്യേക പദവി വെച്ച് കുട്ടിക്കളി അനുവദിക്കില്ല”: മെഹ്ബൂബ മുഫ്തിയുടെ വീട്ടിൽ സർവ്വകക്ഷിയോഗം

കശ്മീരിന്റെ പ്രത്യേക പദവി വെച്ച് കേന്ദ്രം കുട്ടിക്കളി കളിക്കുന്നതിനെ തടയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തു വരണമെന്ന് അവർ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ജമ്മു കശ്മീരിൽ‌ കേന്ദ്ര സർക്കാർ അതിജാഗ്രത പുലർത്തവെ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി സർവ്വകക്ഷി യോഗം വിളിച്ചു. സംസ്ഥാനത്ത് കേന്ദ്രം മനപ്പൂർവ്വം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നാണ് മെഹ്ബൂബാ മുഫ്തിയും ഒമർ അബ്ദുള്ളയും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കൾ ഇക്കഴിഞ്ഞ മണിക്കൂറുകളിൽ ആരോപിച്ചു കൊണ്ടിരിക്കുന്നത്. കശ്മീരിൽ പുൽവാമയിലുണ്ടായതിനു സമാനമായ ആക്രമണം സംഘടിപ്പിക്കാൻ പാക് സൈന്യം നേരിട്ട് ശ്രമം നടത്തുന്നുണ്ടെന്ന് ഇന്റലിജൻസ് വിവരം തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ 35,000 സൈനികരെ കശ്മീരിലേക്ക് അയയ്ക്കുകയാണ് കേന്ദ്രം.

ഇതിനിടയിൽ കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യുന്നതിനുള്ള ഗൂഢാലോചനയും കേന്ദ്രം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മെഹ്ബൂബ മുഫ്തി സർവ്വകക്ഷിയോഗം വിളിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. കശ്മീരിന്റെ പ്രത്യേക പദവി വെച്ച് കേന്ദ്രം കുട്ടിക്കളി കളിക്കുന്നതിനെ തടയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തു വരണമെന്ന് അവർ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്താത്തതിലുള്ള അതൃപ്തിയും അവർ പ്രകടിപ്പിക്കുകയുണ്ടായി. ആർട്ടിക്കിൾ 35A-യിൽ തൊട്ടുള്ള കളി എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്ന് അവർ പറയുകയുണ്ടായി. “അതിൽ തൊടുവന്നവരുടെ കൈ മാത്രമല്ല, ശരീരം മൊത്തം പൊള്ളും,” മുഫ്തി പറഞ്ഞു.

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ഇതേ പ്രശ്നമുന്നയിച്ച് രംഗത്തുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ഗവർണർ സത്യ പാൽ മാലിക്കിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതെസമയം തങ്ങൾക്ക് പൊലീസിന്റെ നിർബന്ധം മൂലം സർവ്വകക്ഷിയോഗം നടക്കേണ്ട വേദി മാറ്റേണ്ടി വന്നുവെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു. ഒരു ഹോട്ടലിൽ വെച്ച് യോഗം നടത്താനാണ് ആലോചിച്ചിരുന്നത്. ഇതിന് പൊലീസ് അനുമതി കൊടുക്കാഞ്ഞതിനാൽ‌ യോഗം തന്റെ വീട്ടിലേക്ക് മാറ്റിയതായി അവർ പറഞ്ഞു. ആറുമണിക്ക് യോഗം തുടങ്ങുമെന്നാണ് അവർ അറിയിച്ചിരുന്നത്.

അതെസമയം കശ്മീരിൽ ജീവിക്കുന്നവർ ഏറെ ഭീതിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുദ്ധം തന്നെ പ്രതീക്ഷിക്കുന്ന മട്ടിലാണ് ജനങ്ങൾ ഭക്ഷണ സാധനങ്ങൾ ശേഖരിച്ചു വെക്കുന്നത്. കടകൾക്കു മുമ്പിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്റലിജന്‍സ് തലവന്മാരുടെ യോഗം വിളിച്ചതായി റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്റലിജൻസ് ബ്യൂറോ ചീഫ് അർവിന്ദ് കുമാർ, റോയുടെ സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൂപ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പാകിസ്താന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT) അധിനിവേശ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവയിൽ ചിലതിനെ പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിക്കുകയുണ്ടായി. ജൂലായ് 31ന് കേരന്‍ സെക്ടറിലാണ് ബാറ്റ് ആക്രമണ ശ്രമം നടത്തിയത്. അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും കരസേന വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ബാറ്റ് ആക്രമണ ശ്രമം നടത്തിയതായി ആര്‍മി പറയുന്നു. ഇന്ത്യ ബോഫോഴ്‌സ് പീരങ്കികള്‍ കൊണ്ട് പ്രത്യാക്രമണം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍