UPDATES

ശ്രീനഗറിലെ എല്ലാ മുസ്ലിം പള്ളികളുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു

ഇത് സാധാരണമായ ഒരു നടപടിയാണെന്നും പൊലീസ് സ്റ്റേഷനുകളിൽ നിന്നും അടിസ്ഥാന വിവരങ്ങൾ മുൻപും ശേഖരിച്ചിട്ടുണ്ടെന്നും സീനിയർ സൂപ്രണ്ട് പറയുന്നു.

ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് പള്ളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു. മേഖലയിലെ എല്ലാ മുസ്ലിം പള്ളികളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ അടിയന്തിരമായി നൽകണമെന്ന് അഞ്ച് സൂപ്രണ്ടുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. “നിങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ എല്ലാ പള്ളികളുടെയും അവയുടെ മാനേജ്മെന്റുകളുടെയും വിവരങ്ങൾ നൽകുക. ഉന്നതാധികാരികൾക്ക് സമർപ്പിക്കാനായാണിത്,” ശ്രീനഗർ സീനിയർ സൂപ്രണ്ട് ഹസീബ് മുഗൾ നൽകിയ ഉത്തരവ് പറയുന്നു.

അതെസമയം ഇത് സാധാരണമായ ഒരു നടപടിയാണെന്നും പൊലീസ് സ്റ്റേഷനുകളിൽ നിന്നും അടിസ്ഥാന വിവരങ്ങൾ മുൻപും ശേഖരിച്ചിട്ടുണ്ടെന്നും സീനിയർ സൂപ്രണ്ട് പറയുന്നു. ശ്രീനഗറിലെ ആർപിഎഫ് സീനിയർ ഡിവിഷണൽ കമ്മീഷണർ കഴിഞ്ഞദിവസം എല്ലാ ഉദ്യോഗസ്ഥരും ആവശ്യമായ ഭക്ഷണവും വെള്ളവും കരുതണമെന്നും തങ്ങളുടെ കുടുംബങ്ങളെ കശ്മീരിൽ നിന്നും പുറത്തേക്കയയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ കത്ത് വാർത്തയായതോടെ അധികൃതർ അത് പിൻവലിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് അധിക സൈനിക വിന്യാസം നടത്താനുള്ള തീരുമാനവും കഴിഞ്ഞ ദിവസങ്ങളിലാണ് വന്നത്. ഇതിനിടെ നാളെ കാശ്മീരിനെ സംബന്ധിച്ച ബിജെപി രൂപീകരിച്ച കോര്‍ സമിതിയുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുമോ എന്നു വ്യക്തമായിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് കാശ്മീര്‍ സംബന്ധിച്ച നിര്‍ണായക യോഗം നടക്കുന്നത്. അതിനിടെ കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച കാര്യവും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംഘപരിവാറില്‍ ഏക അഭിപ്രായമല്ല ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷം കാശ്മിര്‍ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ അത് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. കാശ്മീരിന് ബാധകമായ ഭരണഘടനയുടെ 35 A വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസുകളില്‍ തീരുമാനമാകും വരെ നടപടികള്‍ ഉണ്ടാവില്ലെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചതെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ ഇന്നലെ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്കൊപ്പം കാശ്മീരിലും തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ബിജെപി ആലോചിക്കുന്നതായി പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രാം മാധവാണ് കാശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 20-നാണ് കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍