UPDATES

ട്രെന്‍ഡിങ്ങ്

‘വിശാലസഖ്യത്തിനു പിന്നിൽ പാകിസ്താൻ’; കശ്മീരിൽ ബിജെപിയുടെ ‘മിന്നലാക്രമണം’: നിയമസഭ പിരിച്ചുവിട്ട് ഗവർണർ

ഒരു തെരഞ്ഞെടുപ്പ് നടത്തുകയും അതുവഴി സംസ്ഥാനത്തിന് സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നും ഗവർണർ നിരീക്ഷിച്ചു.

ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ട് ഗവർണർ സത്യ പാൽ മാലിക്കിന്റെ അപ്രതീക്ഷിത നീക്കം. സംസ്ഥാനത്ത് ബിജെപിയിതര കക്ഷികളുടെ വിശാലസഖ്യം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് അതിനെ പൊളിക്കുന്ന നടപടി ഗവർണറുടെ ഭാഗത്തു നിന്നുണ്ടായത്. പിഡിപി-ബിജെപി സഖ്യ സർക്കാർ തകർന്നതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി ജമ്മു കശ്മീരിൽ ഗവർണർ ഭരണമാണ് നിലനിൽക്കുന്നത്.

ഗവർണറുടെ ന്യായം

സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കാൻ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കഴിയില്ലെന്നാണ് ഗവർണർ സത്യ പാൽ മാലിക്ക് പറയുന്നത്. ബദ്ധവൈരികളായ രാഷ്ട്രീയ കക്ഷികൾ ചേർന്ന് രൂപീകരിക്കുന്ന സർക്കാരിന് സ്ഥിരത ഉറപ്പാക്കാനാകില്ല. സംസ്ഥാനത്തിന്റെ ദുർബലമായ സുരക്ഷാ സാഹചര്യങ്ങളെക്കൂടി കണക്കിലെടുക്കുമ്പോൾ സ്ഥിരതയുള്ള ഒരു സർക്കാരിനെയാണ് ആവശ്യം. അത്തരമൊരു സർക്കാരിനു മാത്രമേ സുരക്ഷാ സേനകൾക്ക് വേണ്ട പിന്തുണ ഉറപ്പാക്കാനാകൂ എന്നും ഗവർണർ പറഞ്ഞു.

ശരിയായ സമയത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുകയും അതുവഴി സംസ്ഥാനത്തിന് സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നും ഗവർണർ നിരീക്ഷിച്ചു.

നാഷണൽ കോൺഫറൻസ്, കോൺഗ്രസ്സ് എന്നീ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ പിഡിപി നേതാവ് മെഹബൂബാ മുഫ്തി അവകാശവാദമുന്നയിച്ച് ഗവർണറെ കണ്ടിരുന്നു. 56 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് മുഫ്തി അവകാശപ്പെട്ടത്.

പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാഗ് ഗനി ലോണും സർക്കാർ രൂപീകരണത്തിന് കോപ്പുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. രണ്ട് അംഗങ്ങളാണ് ഈ പാർട്ടിക്ക് നിയമസഭയിലുള്ളതെങ്കിലും ബിജെപിയുടെയും പുറത്തു നിന്നുള്ള 18 എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

അൽതാഫിന്റെ ശ്രമങ്ങൾ

മുതിർന്ന പിഡിപി നേതാവ് അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിലാണ് നാഷണൽ കോൺഫറൻസ്-പിഡിപി-കോൺഗ്രസ്സ് സഖ്യത്തിന് വഴിയൊരുങ്ങിയിരുന്നത്. ഈ നീക്കം ബിജെപിയെ അന്ധാളിപ്പിച്ചിരുന്നു. പീപ്പിൾസ് കോൺഫറൻസ് നേതാവ് ബിജെപിയുമായി ചേർന്ന് സഖ്യശ്രമം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അൽതാഫിന്റെ ചരടുവലികൾ നടന്നത്. 55 മുതൽ 60 വരെ എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ തനിമ ആക്രമിക്കപ്പെടുകയാണ്. ആർട്ടിക്കിൾ 370, 35A എന്നിവ അപകടത്തിലാണ്” -അദ്ദേഹം വ്യക്തമാക്കി.

87 അംഗ ജമ്മു കശ്മീർ മന്ത്രിസഭയിൽ 29 നിയമസഭാംഗങ്ങളാണ് പിഡിപിക്കുണ്ടായിരുന്നത്. കോൺഗ്രസ്സിന് 12ഉം നാഷണൽ കോൺഫറൻസിന് 15ഉം അംഗങ്ങളുണ്ടായിരുന്നു. സര്‍ക്കാർ രൂപീകരണത്തിന് 44 സീറ്റുകളാണ് ആവശ്യമായിരുന്നത്. വിശാലസഖ്യത്തിന് ഈ സംഖ്യ ഒപ്പിക്കൽ എത്രയും എളുപ്പമായിരുന്നു. പിഡിപിയും നാഷണല്‌ കോൺഫറൻസും മാത്രം ചേർന്നാൽ സർക്കാർ രൂപീകരണം നടക്കുമെന്നിരിക്കെ ബിജെപിയെ സംബന്ധിച്ച് ചാക്കിട്ടുപിടിത്തം ഏതാണ്ട് അസാധ്യവുമായിരുന്നു.

ബിജെപിയുടെ അഭിപ്രായം

ജമ്മു കശ്മീരിൽ രൂപം കൊള്ളാനൊരുമ്പെട്ട പുതിയ വിശാലസഖ്യം ഭീകരവാദത്തോട് സൗഹൃദം പുലർത്തുന്ന പാർട്ടികളുടേതായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. പാകിസ്താനാണ് ഈ നീക്കത്തിനു പിന്നിലെന്നും ബിജെപി ആരോപിച്ചു. ഭീകരവാദികളെ നേരിടാൻ സ്ഥിരതയുള്ള ഒരു സർക്കാരാണ് ആവശ്യമെന്നും ഭീകരവാദ സൗഹൃദ കക്ഷികളുടെ ഒരുമിക്കലല്ലെന്നും ബിജെപി ട്വിറ്റുകളിലൂടെ പറഞ്ഞു. വിശാലസഖ്യശ്രമം നടത്തിയ പിഡിപിയുമായാണ് ബിജെപി കശ്മീരിൽ സഖ്യ സർക്കാർ സ്ഥാപിച്ചിരുന്നത്.

കാശ്മീര്‍ ഒരു കരു മാത്രമാണ്; കളി പുറത്താണ്

മൂന്ന് വര്‍ഷത്തെ പിഡിപി-ബിജെപി ഭരണത്തില്‍ കാശ്മീരില്‍ 74 ശതമാനം പേര്‍ കൂടി അംഗപരിമിതരായി

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

കാശ്മീരില്‍ കുത്തി ചോര വീഴ്ത്തുന്ന മോദി സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍