UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീർ: മാധ്യമ പ്രവർത്തകനെ അർദ്ധരാത്രി വീടുകയറി അറസ്റ്റ് ചെയ്തു, എന്തിനെന്നറിയാതെ കുടുംബം

രാഷ്ട്രീയ നേതാകൾ ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കപ്പെട്ടെങ്കിലും ഒരു മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായാണ്.

കശ്മീരിലെ മാധ്യമ പ്രവർത്തകനും ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടറുമായ ഇർഫാൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇര്‍ഫാന്റെ കുടുംബം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ട്രാൽ സ്വദേശിയായ ഇർഫാൻ ദക്ഷിണ കശ്മീരിലെ പുൽവാമയിൽ നിന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കശ്മീരില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമാണ് ‘ഗ്രേറ്റർ കശ്മീര്‍’.

കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 370എ-ഉം 35-എയും റദ്ദാക്കിയതിന് പിന്നാലെ രാഷ്ട്രീയ നേതാകൾ ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കപ്പെട്ടെങ്കിലും ഒരു മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായാണ്.

“അവർ (സുരക്ഷാ സേന) ബുധനാഴ്ച രാത്രി 11.30-ഓടെ ഞങ്ങളുടെ വീട്ടിലെത്തി. ഇർഫാൻ പുറത്തിറങ്ങിയയുടനെ അവര്‍ അവനോട് കൂടെ പോകാന്‍ ആവശ്യപ്പെട്ടു. നേരിട്ട് ട്രാലിലെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്”, ഇർഫാന്റെ പിതാവ് മുഹമ്മദ് അമിൻ മാലിക് ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു. ഇന്നലെ രാത്രി മകനെ കാണാൻ അവര്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഇർഫാനെ കാണാൻ വ്യാഴാഴ്ച രാവിലെ ട്രാലിലെ പോലീസ് സ്റ്റേഷൻ സന്ദർശിച്ചതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി. “ഞാൻ മകനെ ഇന്ന് പോലീസ് സ്റ്റേഷനിൽ ചെന്നു കണ്ടു. എന്തുകൊണ്ടാണ് അവനെ തടഞ്ഞുവച്ചതെന്ന് അവനും അറിയില്ല”, എന്നാണ് ഉമ്മ ഹസീന പറയുന്നു. “ഒരു തെറ്റും ചെയ്യാത്ത തന്റെ മകനെ മോചിപ്പിക്കാൻ ഞാൻ പോലീസ് അധികാരികളോട് അഭ്യർത്ഥിക്കുകയാണ്”. കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങൾക്കെല്ലാം നിയന്ത്രണമുള്ളതിനാല്‍ ഇർഫാന്റെ‍ കുടുംബം ശ്രീനഗറിലെത്തിയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. അവന്തിപോര സീനിയർ എസ്.പി താഹിർ സലീമിനെ ‌കണ്ടിരുന്നുവെന്നും ഇർഫാന്റെ കുടുംബം വ്യക്തമാക്കി.

സമീപ കാലത്ത് ഇർഫാൻ എന്തെങ്കിലും ‘മോശം കാര്യങ്ങള്‍’ റിപ്പോർട്ട് ചെയ്തിരുന്നുവോ എന്ന് എസ്.പി അന്വേഷിച്ചു. എന്നാല്‍ കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ഇർഫാൻ ഓഫിസിലേക്ക് പോയിട്ടേയില്ലെന്ന് അവര്‍ എസ്.പിയെ അറിയിച്ചു. ഗ്രേറ്റർ കശ്മീര്‍ പത്രം കുറച്ചു ദിവസങ്ങളായി അച്ചടി നിറുത്തിവെച്ചിരിക്കുകയാണെന്ന് അദ്ദേഹത്തെ അറിയിച്ചുവെങ്കിലും കൃത്യമായൊരു മറുപടി നൽകാൻ എസ്.പി തയ്യാറായില്ലെന്നും ഹസീന പറയുന്നു.

അതേസമയം, എന്തുകൊണ്ടാണ് ഇർഫാനെ കസ്റ്റഡിയിലെടുത്തതെന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എസ്.പി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. എന്നാൽ ഇർഫാന്റെ‍ കുടുംബം തന്നെ വന്നുകണ്ടിരുന്നുവെന്നും കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കാശ്മീർ: യുഎൻ രക്ഷാ സമിതിയിൽ ഇന്ന് ചർച്ച, വിഷയം പരിഗണനയ്ക്കെത്തുന്നത് നാല് പതിറ്റാണ്ടിന് ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍