18 മാസമാകുന്നതിന് മുമ്പ് ഇവരെ മോചിപ്പിക്കുമെന്നാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്.
കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തടങ്കലില്‍ വച്ചിരിക്കുന്ന
ജമ്മു കാശ്മീരിലെ രാഷ്ട്രീയ കക്ഷി നേതാക്കളെ ഒന്നര വര്‍ഷത്തിനകം മോചിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്. 18 മാസമാകുന്നതിന് മുമ്പ് ഇവരെ മോചിപ്പിക്കുമെന്നാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്. കത്രയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ജിതേന്ദ്ര സിംഗ്.
മാധ്യമങ്ങള്‍ ഇതിങ്ങനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്, ഇവരെ എപ്പോള്‍ മോചിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ജിതേന്ദ്ര സിംഗ് ഇക്കാര്യം പറഞ്ഞത്. കാശ്മീരിലെ സംഘര്‍ഷങ്ങള്‍ അവസാനിച്ച് സ്ഥിതിഗതികള്‍ ശാന്തമായാല്‍ സംസ്ഥാന പദവി തിരിച്ചുനല്‍കും. അതിന് 72 വര്‍ഷം വേണ്ടി വരില്ല – ജിതേന്ദ്ര സിംഗ് പറഞ്ഞു. കാശ്മീരി നേതാക്കളുടെ തടങ്കല്‍ കാലാവധി സംബന്ധിച്ച് ഇതാദ്യമായാണ് കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗം പ്രതികരിക്കുന്നത്.
ഒരു പതാക, ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി എന്ന ആവശ്യം ഉന്നയിച്ച് ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ പോരാട്ടം, ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതോടെ വിജയം കണ്ടിരിക്കുകയാണ്. കാശ്മീരില്‍ കുടുംബവാഴ്ച ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിച്ചിരുന്നത് ഈ വകുപ്പുകളായിരുന്നു. മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റ് ആറിന് പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലായിരുന്നു. കഴിഞ്ഞ ദിവസം ഫാറൂഖ് അബ്ദുള്ളയെ ഹാജരാക്കണം എന്നും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭ എംപിയും എംഡിഎംകെ നേതാവുമായ വൈക്കോ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ അദ്ദേഹത്തിന് മേല്‍ പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിയിരുന്നു. വിചാരണയില്ലാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ വ്യവസ്ഥയുള്ള നിയമമമാണിത്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഓഗസ്റ്റ് അഞ്ചിനും തലേദിവസവുമായാണ് മുന്‍ മുഖ്യമന്ത്രിമാരടക്കം ഒട്ടുമിക്ക നേതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരെല്ലാം വീട്ടുതടങ്കലിലോ മറ്റ് കേന്ദ്രങ്ങളിലോ ആയി തടവില്‍ തുടരുകയാണ്.