UPDATES

ട്രെന്‍ഡിങ്ങ്

ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ ആര്‍മി ആയുധപ്പുരക്ക് സമീപം വീട് നിര്‍മ്മിക്കുന്നു; സൈന്യത്തിന് പ്രതിഷേധം

അതേസമയം ഇത് തന്റെ സ്ഥലമാണെന്നും തനിക്ക് ആവശ്യമുള്ള രീതിയില്‍ ഇത് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നുമാണ് നിര്‍മ്മല്‍ സിംഗ് പറയുന്നത്. സൈന്യം ഇവിടെ ആളുകളെ കക്കൂസ് നിര്‍മ്മിക്കാന്‍ പോലും അനുവദിക്കില്ലെന്നും നിര്‍മ്മല്‍ സിംഗ് കുറ്റപ്പെടുത്തുന്നു.

ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത, സ്പീക്കര്‍ നിര്‍മ്മല്‍ സിംഗ് തുടങ്ങിയ ബിജെപി നേതാക്കള്‍ നഗ്രോട്ടയിലെ ആര്‍മി അമ്യൂണിഷന്‍ ഡിപ്പോക്ക് സമീപം ഭൂമി വാങ്ങി വീടുകള്‍ നിര്‍മ്മിക്കുന്നത് വിവാദമാകുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി വഴിയാണ് 2014ല്‍ 12 ഏക്കര്‍ സ്ഥലം ഇവിടെ നിര്‍മ്മല്‍ സിംഗ് വാങ്ങിയത്. ഇവിടെ 2000 ചതുരശ്ര അടി സ്ഥലത്താണ് നിര്‍മ്മല്‍ സിംഗ് വീട് നിര്‍മ്മിക്കുന്നത്. ഈ നിര്‍മ്മാണത്തില്‍ പ്രതിഷേധമറിയിച്ച് 16 കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്.ജനറല്‍ സരണ്‍ജീത് സിംഗ് മാര്‍ച്ച് 19ന് നിര്‍മ്മല്‍ സിംഗിന് കത്ത് നല്‍കിയിരുന്നു. ഇത് സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ തെറ്റാണെന്ന് സരണ്‍ജീത് സിംഗ് നിര്‍മ്മല്‍ സിംഗിനുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആയുധപ്പുരക്ക് സമീപമുള്ള ഈ വീട് നിര്‍മ്മാണം നിര്‍ത്തി പുനപരിശോധിക്കണമെന്ന് സരണ്‍ജീത് സിംഗ് കത്തില്‍ ആവശ്യപ്പെടുന്നു. ആയുധ ഡിപ്പോയുടെ പുറം മതിലില്‍ നിന്നും 530 മീറ്റര്‍ പരിധിക്കുള്ളിലാണ് നിര്‍മ്മാണം നടക്കുന്നത്.

ഗുരുതരമായ സുരക്ഷാ ലംഘനം ചൂണ്ടിക്കാട്ടി നിര്‍മ്മാണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവര്‍ ഇതിനെ അവഗണിക്കുകയായിരുന്നു ഇതേ തുടര്‍ന്നാണ് ആര്‍മി കമാന്‍ഡര്‍ അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന നിലവിലെ സ്പീക്കര്‍ നിര്‍മ്മല്‍ സിംഗിന് കത്ത് നല്‍കിയത്. നിര്‍മ്മല്‍ സിംഗിനും നിലവിലെ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയ്ക്കും ബിജെപി ലോക് സഭ എംപി ജുഗല്‍ കിഷോറിനും ഓഹരിപങ്കാളിത്തമുള്ള ഹിംഗിരി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഭൂമി വാങ്ങിയത്. 1903ലെ വര്‍ക്‌സ് ഓഫ് ഡിഫന്‍സ് ആക്ടിനും 2002 സെപ്റ്റംബറില്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനും വിരുദ്ധമാണ് നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് കോര്‍പ്‌സ് കമാന്‍ഡര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമ്യൂണിഷന്‍ ഡിപ്പോയുടെ പുറംമതിലില്‍ നിന്ന് ആയിരം യാര്‍ഡ് പരിധിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

അതേസമയം ഇത് തന്റെ സ്ഥലമാണെന്നും തനിക്ക് ആവശ്യമുള്ള രീതിയില്‍ ഇത് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നുമാണ് നിര്‍മ്മല്‍ സിംഗ് പറയുന്നത്. സൈന്യം ഇവിടെ ആളുകളെ കക്കൂസ് നിര്‍മ്മിക്കാന്‍ പോലും അനുവദിക്കില്ലെന്നും നിര്‍മ്മല്‍ സിംഗ് കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍