UPDATES

ട്രെന്‍ഡിങ്ങ്

ആര്‍കെ നഗര്‍; ക്ലൈമാക്സില്‍ ജയലളിത 20 സെക്കന്‍ഡ്സ്

നാടകീയമായ വീഡിയോ പുറത്തുവന്നതോടെ നാളെ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമെന്താകും?

ഒരു തമിഴ് തിരൈപടത്തിന്റെ എല്ലാ ചേരുവുകളും നിറഞ്ഞതാണ് ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ്. ജനവിധി രേഖപ്പെടുത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മറ്റൊരു ട്വിസ്റ്റുകൂടിയുണ്ടായിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ അന്ത്യനാളുകളിലെ ഇരുപത് സെക്കന്‍ഡ്സ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നു. ജയലളിതയുടെ വിശ്വസ്തയും അന്ത്യനാളുകളില്‍ ഒപ്പമുണ്ടാകുകയും ചെയ്ത തോഴി വികെ ശശികല നേരിട്ട് പകര്‍ത്തിയ വീഡിയോ ആണിതെന്നാണ് വീഡിയോ പുറത്തുവിട്ട ടിടിവി ദിനകരന്‍ പക്ഷം പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ ജയളിത മരിച്ചതോടെയാണ് ആര്‍കെ നഗറിലെ സീറ്റില്‍ ഒഴിവുവന്നത്. അന്നുമുതല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉയര്‍ന്നു വന്നിരുന്നു. അമ്മയുടെ യഥാര്‍ത്ഥ മരണകാരണം അറിയണമെന്നായിരുന്നു തമിഴ്മക്കളുടെ ആവശ്യം.

എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും പുറത്തുവിടാതിരുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവിടുമ്പോള്‍ അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം തന്നെയാണ് മുഖ്യമായും ചര്‍ച്ചയാകുന്നത്. കാരണം ആര്‍കെ നഗറില്‍ നാളെയാണ് ഉപതെരഞ്ഞെടുപ്പ്. വീഡിയോ പുറത്തുവിടുന്നത് ജയയുടെ ആത്മഭിമാനത്തെ ബാധിക്കുമെന്നാണ് അന്ന് ദിനകരപക്ഷം പറഞ്ഞിരുന്നത്. വീഡിയോ പുറത്തുവിട്ട പുറത്താക്കപ്പെട്ട എംഎല്‍എ വെട്രിവേല്‍ പറയുന്നത് സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജപ്രചരണങ്ങള്‍ തന്നെ ഇതിന് നിര്‍ബന്ധിച്ചുവെന്നാണ്. ജയലളിതയുടെ മരണത്തില്‍ ഏറ്റവുമധികം സംശയത്തിന്റെ നിഴലിലായവരാണ് ദിനകരനും അമ്മായി ശശികലയും. ദിനകരന്‍ നാളെ ജനവിധി തേടാനിരിക്കെ ഇന്ന് തന്നെ ഈ വീഡിയോ പുറത്തുവിട്ടതിന് പിന്നിലെ ലക്ഷ്യം മനസിലാക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കാര്‍ക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. ഈ സാഹചര്യത്തില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. തമിഴ്മക്കളെ സംബന്ധിച്ച അമ്മയെന്നത് ഒരു വികാരമാണ്. അതിനാല്‍ ഈ വീഡിയോ പുറത്തുവിട്ട് ജനവികാരവും ജനവിധിയും തനിക്കൊപ്പം നിര്‍ത്താമെന്ന് തന്നെയാണ് ദിനകരന്റെ കണക്കുകൂട്ടല്‍. ജയലളിതയുടെ സ്വന്തം മണ്ഡലമെന്ന നിലയില്‍ പ്രശസ്തമായ ആര്‍കെ നഗറിലേക്കാണ് അവരുടെ മരണ ശേഷം തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ജയലളിതയുടെ അസാന്നിധ്യത്തില്‍ ആര്‍കെ നഗറിലെ വിധിയെന്താണെന്നത് തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെയും വിധിയായിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പണമൊഴുക്കി മണ്ഡലം സ്വന്തമാക്കാമെന്നാണ് പ്രമുഖ കക്ഷികളായ ഡിഎംകെയും അണ്ണാഡിഎംകെയും ആദ്യം മുതല്‍ കരുതുന്നത്. ഇതിന്റെ ഫലമായി ആദ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. സീറ്റ് ഒഴിവ് വന്ന് ഒരു വര്‍ഷത്തിന് ശേഷം മാത്രം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായതും അതിനാലാണ്.

ജയലളിതയുടെ മരണത്തിന് ശേഷമുള്ള അണ്ണാ ഡിഎംകെ – കഥ ഇതുവരെ

ജയയുടെ മരണത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം കീഴ്‌മേല്‍ മറിയുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റപ്പോള്‍ ജയലളിത തനിക്ക് പകരം മുഖ്യമന്ത്രിയാക്കിയ ഒ പനീര്‍സെല്‍വത്തെ ഒഴിവാക്കി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനിച്ചത്. ഇതോടെ പാര്‍ട്ടിയിലെ ഒരുവിഭാഗം പനീര്‍സെല്‍വത്തിനൊപ്പവും മറ്റൊരു വിഭാഗം ശശികലയ്‌ക്കൊപ്പവും നിലനിന്നു. പളനിസാമിയെ മുഖ്യമന്ത്രിയാക്കാന്‍ എംഎല്‍എമാരെ തട്ടിക്കൊണ്ട് പോകല്‍ നാടകം പോലുള്ള സംഭവങ്ങളും അരങ്ങേറി. ഇതിനിടെ പഴയ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വീണ്ടും ജയിലിലായതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റുണ്ടായി. ശശികല അകത്തായതോടെ അവരേക്കാള്‍ അംഗബലം തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞ പളനിസാമി പനീര്‍സെല്‍വവുമായി വീണ്ടും ഒത്തുചേര്‍ന്ന് അവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തു. അതോടൊപ്പം കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയുമായി ഒരു സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളും നടത്തി. പനീര്‍സെല്‍വത്തിന് ഉപമുഖ്യമന്ത്രി പദവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും നല്‍കിയാണ് അദ്ദേഹത്തെ ഒപ്പം നിര്‍ത്തിയത്. എന്നാല്‍ ഇതോടെ ശശികല പക്ഷത്തുള്ള ടിടിവി ദിനകരന്‍ ഉള്‍പ്പെടെയുള്ള കുറെ എംഎല്‍എമാര്‍ ഇടഞ്ഞു. വീണ്ടും വിശ്വാസവോട്ടെടുപ്പിന്റെ ഘട്ടം വന്നപ്പോള്‍ എംഎല്‍എമാരെ ഒളിപ്പിക്കുന്ന നാടകത്തിന് കളമൊരുങ്ങിയെങ്കിലും വിശ്വാസവോട്ടെടുപ്പ് താല്‍ക്കാലികമായി റദ്ദാക്കുന്ന കോടതി ഉത്തരവോടെ ആ സാഹചര്യവും ഒഴിവായി. പാര്‍ട്ടി ചിഹ്നത്തിനമായ രണ്ടിലയ്ക്ക് വേണ്ടി നടത്തിയ പോരാട്ടത്തിലും ദിനകരന്‍ പരാജയപ്പെട്ടു.

പുരട്ശ്ചിത്തലൈവിയുടെ വിപ്ലവ വിളയാട്ടങ്ങള്‍

ഇതോടെ ആര്‍കെ നഗറില്‍ ഡിഎംകെ-എഐഎഡിഎംകെ പോരാട്ടം എന്നതിനപ്പുറം ദിനകരനെ കൂടി നേരിടേണ്ട അവസ്ഥയായി എഐഎഡിഎംകെയ്ക്ക്. ഇതിനിടെയാണ് ജയലളിതയുടെ തനിപ്പകര്‍പ്പായ ദീപ ജയകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. ഇതോടൊപ്പം ചലച്ചിത്ര താരം വിശാലും മത്സരരംഗത്തെത്തിയതോടെ എഐഎഡിഎംകെ ശരിയ്ക്കും അങ്കലാപ്പിലായി. എന്നാല്‍ ദീപയുടെയും വിശാലിന്റെയും നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതോടെ ആ സീനും അവസാനിച്ചു. വിശാലിന്റെ പത്രികയില്‍ പിന്തുണച്ചുകൊണ്ട് ഒപ്പുവച്ചിരിക്കുന്നയാളുടേത് കള്ളയൊപ്പാണെന്ന ആരോപണത്തിലാണ് പത്രിക തള്ളിയത്. ആളെ നേരിട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ സമയം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് അതിന് സാധിച്ചില്ല. തന്റെ പത്രികയില്‍ ഒപ്പുവച്ചയാളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും വിശാല്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ 59 സ്ഥാനാര്‍ത്ഥികളാണ് ആര്‍കെ നഗറില്‍ മത്സരിക്കുകയെന്ന് വ്യക്തമായി. എന്നാല്‍ ക്ലൈമാക്‌സിലെ ഏറ്റുമുട്ടല്‍ മൂന്ന് പേര്‍ തമ്മിലാകുമെന്നാണ് വിലയിരുത്തലുകള്‍. പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരനും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനനും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുതു ഗണേഷനും ആണ് അവര്‍.

അന്യം നിന്നുപോകുമോ ഈ ദ്രാവിഡക്കുപ്പായങ്ങള്‍?

വര്‍ഷങ്ങളായി അമ്മയിലൂടെ എഐഎഡിഎംകെ സ്വന്തമാക്കി വച്ചിരിക്കുന്ന ആര്‍കെ നഗറില്‍ ദിനകരന്‍, മധുസൂദനന്‍ എന്നീ ആടുകള്‍ ഏറ്റുമുട്ടുമ്പോള്‍ ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെ റോള്‍ ആണ് മരുതു ഗണേഷിന്. എന്നാല്‍ അമ്മയുടെ മരണത്തെക്കുറിച്ചുള്ള അവ്യക്തത തുടരുന്നത് തനിക്ക് അനുകൂലമാകുമെന്നും അദ്ദേഹം കരുതിയിരുന്നു. അമ്മ സ്ഥാപിച്ച ഔദ്യോഗിക പക്ഷത്തെ ആര്‍കെ നഗറിലെ ജനങ്ങള്‍ കൈവിടില്ലെന്നതാണ് മധുസൂദനന്റെ ആത്മവിശ്വാസം. ഇതിനിടെയിലാണ് ദിനകരന്‍ പക്ഷം അമ്മയുടെ അന്ത്യനാളുകളിലെ വീഡിയോ പുറത്തുവിട്ട് ആര്‍കെ നഗറിലെ ജനങ്ങളുടെ മനസ് ഇളക്കിയിരിക്കുന്നത്. ജയലളിതയെ ആശുപത്രിയിലെത്തിക്കാതെ ശശികല മരണത്തിന് വിടുകയായിരുന്നുവെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കാണ് ദിനകരന്‍ ഇതോടെ അന്ത്യം കുറിച്ചത്. ഐസിയുവില്‍ നിന്നും മുറിയിലെത്തി ജൂസ് കുടിച്ചുകൊണ്ട് ടിവി കാണുന്ന ജയലളിതയെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ഇന്ന് രാവിലെ പുറത്തുവന്ന് മിനിറ്റുകള്‍ക്കകം തന്നെ വൈറലായി എന്നതിലൂടെ ഈ വീഡിയോയ്ക്ക് തമിഴ്മക്കള്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാകും.

ഈ വീഡിയോ ആര്‍കെ നഗറിലെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എന്തായാലും ഉറപ്പാണ്. അത് ആര്‍ക്ക് അനുകൂലമായായിരിക്കുമെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന നാടകീയത ഇപ്പോഴും നിലനില്‍ക്കുന്നു. ഇനി ജനവധി അറിയുന്ന ക്ലൈമാക്‌സില്‍ എന്തൊക്കെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ തിരക്കഥാകൃത്തുക്കള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

ജയലളിതയും സ്വേച്ഛാധികാരത്തിന്റെ കലയും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍