UPDATES

ട്രെന്‍ഡിങ്ങ്

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിന്റെ യഥാര്‍ത്ഥ ഉടമയാര്? മന്നാര്‍ഗുഡി മാഫിയയുടെ മറ്റൊരു തട്ടിപ്പിന്റെ കഥ

ശശികല അധികാരത്തില്‍ നിന്നും അകലെയാണെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ പീറ്ററിനില്ല

ഉന്നതര്‍ ഉള്‍പ്പെടെ പലരുടെയും സ്വത്തുക്കള്‍ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അവരുടെ തോഴി ശശികലയും സംഘവും ചേര്‍ന്ന് ബലംപ്രയോഗിച്ച് പിടിച്ചെടുത്ത കഥകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുടെ ഗുണ്ടായിസത്തിന് വിധേയമായി തങ്ങളുടെ സ്വത്തുക്കള്‍ നിസാരവിലയക്ക് വില്‍ക്കേണ്ടി വന്ന കഥകള്‍ പ്രമുഖ സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജയലളിതയുടെ ഏറ്റവും വലിയ സമ്പാദ്യമായി കണക്കാക്കപ്പെടുന്ന കോടനാട് എസ്‌റ്റേറ്റും ഇത്തരത്തിലുള്ള ഒരു ബലപ്രയോഗത്തിലൂടെയാണ് ഈ സംഘം കൈക്കലാക്കിയത് എന്നാണ് ന്യൂസ് മിനിട്ടില്‍ ധന്യ രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോടഗിരി എന്ന യഥാര്‍ത്ഥ പേരുള്ള കോടനാട് എസ്‌റ്റേറ്റിന്റെ മുന്‍ ഉടമ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സിന്റെ ലക്ഷ്മി സുബ്രഹ്മണ്യവുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച ‘ദി വീക്ക്’ ആണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. ഇതേ തുടര്‍ന്നാണ് ന്യൂസ് മിനിട്ടുമായി സംസാരിക്കാന്‍ പീറ്റര്‍ തയ്യാറായത്. സമീപകാലത്ത് വാച്ചറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടനാട് എസ്‌റ്റേറ്റ് വിവാദത്തിലായിരുന്നു. 906 ഏക്കര്‍ വരുന്ന കോടനാട് തേയില എസ്‌റ്റേറ്റ് എങ്ങനെയാണ് വെറും 7.6 കോടി രൂപയ്ക്ക് ശശികല 1994ല്‍ സ്വന്തമാക്കിയതെന്ന് ധന്യ രാജേന്ദ്രനുമായുള്ള സംസാരത്തില്‍ പീറ്റര്‍ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പിതാവും ബ്രിട്ടീഷ് പൗരനുമായിരുന്ന വില്യം ജോണ്‍സിന്റെ പേരിലായിരുന്നു ഭൂമി.

150 ഓളം വരുന്ന ഗുണ്ടാസംഘമാണ് ഭീഷണിയുമായി രംഗത്തുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. 1992 മുതല്‍ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള സമ്മര്‍ദങ്ങള്‍ ആരംഭിച്ചിരുന്നു. വ്യാപാരിയായ പി രാജരത്തിനം, ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പി ശെങ്കോട്ടയ്യന്‍, മദ്യമുതലാളിയായ എന്‍പിവി രാമസ്വാമി ഉഡയാര്‍ എന്നിവരാണ് ഭൂമി തട്ടിയെടുക്കുന്നതില്‍ ശശികലയ്ക്ക് നിര്‍ണായക സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരും കോടതിയും ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കും എന്ന പ്രതീക്ഷയിലാണ് 60-കാരനായ പീറ്റര്‍.

ഒരു ഒത്തുതീര്‍പ്പിനാണ് താന്‍ ശ്രമിക്കുന്നതെങ്കിലും അതിന് നിര്‍ബന്ധിക്കാനുള്ള ശേഷി തനിക്കില്ല. കോടതിയും സര്‍ക്കാരും ഇടപെടുകയും നീതി ലഭ്യമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം അതുകൊണ്ടാണ് ഇപ്പോള്‍ താന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും വ്യക്തമാക്കി. ശശികല ഭൂമി വിട്ടു നല്‍കിയില്ലെങ്കില്‍ അവര്‍ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനെങ്കിലും തയ്യാറാവണമെന്നും പീറ്റര്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടത് കുടുംബത്തിന് വലിയ പ്രയാസമുണ്ടാക്കിയെങ്കിലും പേടിയും പ്രതീക്ഷയും മൂലമാണ് താന്‍ രണ്ടു ദശാബ്ദത്തിലേറെ നിശബ്ദനായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരണം തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ രണ്ട് സ്ത്രീകള്‍ക്കെതിരെ സംസാരിക്കാന്‍ ആരും തയ്യാറായിരുന്നില്ല.

ജയലളിതയ്‌ക്കെതിരെ സുബ്രഹ്മണ്യം സ്വാമി നല്‍കിയ അനഃധികൃത സ്വത്ത് സമ്പാദന കേസിന്റെ ഗതിവിഗതികളും സംഭവം പുറത്തുവിടുന്നതിന് വിഘാതമായി. കോടനാട് ടീ എസ്‌റ്റേറ്റ്‌സ് ലിമിറ്റഡ് ഉള്‍പ്പെടയുള്ള 32 കമ്പനികള്‍ അനഃധികൃതമാണെന്നായിരുന്നു കേസ്. കേസില്‍ കോടതി വിധി പെട്ടെന്നുണ്ടാകും എന്ന് പ്രതീക്ഷയിലായിരുന്നു പീറ്ററും കുടുംബവും. എന്നാല്‍, കേസ് നീണ്ടുപോവുകയും ഒടുവില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കുകയുമായിരുന്നു. പത്തുവര്‍ഷം മുമ്പ് വരുമെന്ന് കരുതിയ വിധി ഈ വര്‍ഷമാണ് വന്നത്.

എസ്റ്റേറ്റിന് വേണ്ടിയുള്ള വിലപേശല്‍ രണ്ടുവര്‍ഷം നീണ്ടെങ്കിലും പീറ്റര്‍ ഒരിക്കല്‍ പോലും ജയലളിതയെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഒരു തവണ ജയലളിതയെ കണ്ടിരുന്നു. ചെന്നൈയില്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു അത്. എന്നാല്‍ എല്ലാം ശരിയല്ലെ എന്ന് മാത്രമാണ് അവര്‍ ചോദിച്ചത്. അതിന് ശേഷം ശശികല കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു. എല്ലാം ജയലളിതയ്ക്ക് വേണ്ടിയാണെന്ന ആരോപണം ഉയരുമ്പോഴും അതിന് തങ്ങളുടെ കൈയില്‍ തെളിവുകളൊന്നുമില്ലെന്ന് പീറ്റര്‍ പറയുന്നു. എന്നാല്‍ ശശികലയുടെ ഇടപെടലിന് തെളിവുണ്ട് താനും. കൂടാതെ അവരുടെ മരുമകന്‍ സുധാകരനും മറ്റൊരു ബന്ധുവും ചര്‍ച്ചകളുടെ ഭാഗവുമായിരുന്നു.

ഒരു വില്‍പന കരാര്‍ ഉണ്ടായിരുന്നില്ലെന്നും പീറ്റര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പങ്കാളിത്ത ഉടമ്പടി മാത്രമാണ് ഉണ്ടാക്കിയത്. എസ്റ്റേറ്റില്‍ തങ്ങള്‍ക്ക് ഒരു ഓഹരി ഉണ്ടായിരുന്നു. പിന്നീട് അത് ഉഡയാറിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്വന്തമായി. അവര്‍ ഒരിക്കലും എസ്റ്റേറ്റിലേക്ക് വന്നിരുന്നില്ലെന്നും അതൊരു ബിനാമി ഇടപാടായിരുന്നുവെന്നും പീറ്റര്‍ ഓര്‍ക്കുന്നു. രേഖകള്‍ തയ്യാറായതിന്റെ പിറ്റെ ദിവസം തന്നെ ശശികലയുടെ കുടുംബം എസ്റ്റേറ്റിന്റെ ചുമതല ഏറ്റെടുത്തു.

ജയലളിത ഭരണത്തില്‍ നിന്നും പുറത്തായതിന് ശേഷം അധികാരത്തില്‍ വന്ന ഡിഎംകെ തന്നെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ തയ്യാറാണെന്ന ഉറപ്പ് അപ്പോഴും ശശികല നല്‍കിക്കൊണ്ടിരുന്നു. മാത്രമല്ല ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ഡിഎംകെയ്ക്ക് താല്‍പര്യം. എന്നാല്‍ രാഷ്ട്രീയക്കളികളില്‍ പങ്കാളിയാകാന്‍ താനിഷ്ടപ്പെടാതിരുന്നതിനാല്‍ അതിന് തുനിഞ്ഞില്ല. ആര് അധികാരത്തില്‍ ഇരിക്കുന്നു എന്നതിനപ്പുറം തമിഴ്‌നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും പീറ്റര്‍ ചോദിക്കുന്നു.
വാഗ്ദാനങ്ങള്‍ പാലിക്കണം എന്ന് അപേക്ഷിക്കുകയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലെന്നാണ് ഇടനിലക്കാര്‍ പറഞ്ഞത്. ആ സമയം ആയപ്പോഴേക്കും ജയലളിത അധികാരത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് തുടരുമ്പോഴും അവര്‍ ഭൂമി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികള്‍ തുടരുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ശശികല അധികാരത്തില്‍ നിന്നും അകലെയാണെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിനില്ല. എന്നാലും പോരാടാന്‍ തന്നെയാണ് പീറ്ററിന്റെയും കുടുംബത്തിന്റെയും തീരുമാനം. കോടഗിരിയിലാണ് തന്റെ പിതാവ് വളര്‍ന്നതെന്നും അതിനാല്‍ തന്നെ അതിനോട് ഒരു വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ പോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും പീറ്റര്‍ പറഞ്ഞുനിറുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍