UPDATES

മകള്‍ വിശന്ന് മരിച്ചു എന്ന് ആ അമ്മ പറഞ്ഞതാണോ നിങ്ങളുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്?

തന്റെ കുട്ടിയുടെ മരണകാരണത്തിലെ സത്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നിരക്ഷരയും അഗതിയുമായ ഒരമ്മ നിര്‍ബന്ധം പിടിച്ചതുകൊണ്ടു മാത്രം ഒരു ദേശം ഇകഴ്ത്തപ്പെടുമോ?

ഡിജിറ്റല്‍ യുഗത്തിലേക്ക് അതിവേഗം കുതിക്കുന്നു എന്നവകാശപ്പെടുന്ന രാജ്യത്താണ് ആധാര്‍ ബന്ധിപ്പിക്കാത്തതിന് റേഷന്‍ നിഷേധിച്ചതു വഴി 11 വയസുള്ള ഒരു ബാലിക പട്ടിണി കിടന്നു മരിച്ചത്. ഇക്കാര്യം പുറംലോകമറിഞ്ഞതോടെ ആ കുടുംബത്തെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നതെന്ന് അവരെ സന്ദര്‍ശിച്ച ശേഷം സ്ക്രോളില്‍ എഴുതിയ ലേഖനത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മാന്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ആ വസ്തുതകളിലേക്ക്.

ഒക്ടോബറില്‍, പടര്‍ന്നുകയറുന്ന പട്ടിണിയില്‍ കോഹ്ലി ദേവിക്ക് തന്റെ ഇളയ മകളെ നഷ്ടമായി. വ്യസനിക്കാനുള്ള ഒരവസരവും ജീവിതം അവര്‍ക്ക് നല്‍കിയില്ല. അവരുടെ ദൈര്‍ഘ്യമേറിയ ദുഃസ്വപ്‌നങ്ങളുടെ തുടക്കം മാത്രമായിരുന്നു ഇത്. പട്ടിണി മൂലമാണ് തന്റെ മകള്‍ മരിച്ചതെന്ന അവകാശവാദത്തിലൂടെ രാജ്യത്തിനും അവരുടെ ഗ്രാമത്തിനും നാണക്കേടുണ്ടാക്കി എന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന ഭരണകൂടമടക്കമുള്ളവര്‍. ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ എവിടെ എത്തിയിരിക്കുന്നു എന്നതിന്റെ ഒരു പ്രതിബിംബമാണ് അവരുടെ ദയനീയ സ്ഥിതി.

കോഹ്ലി ദേവിയുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം അതിദ്രുതം മാനസികരോഗത്തിലേക്ക് പതിച്ച് തുടങ്ങുതിന് മുമ്പ് തന്നെ അവരുടെ ജീവിതം കഠിനമായിരുന്നു. ജാര്‍ഖണ്ഡിലെ സിദേഗ ജില്ലയിലെ അവരുടെ ഗ്രാമത്തില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ, വരുമാനം ഒന്നും ലഭിക്കാത്ത ചെറിയ തുണ്ട് ഭൂമിയാണ് അവര്‍ക്ക് സ്വന്തമായി ഉള്ളത്. വയലുകളിലും കെട്ടിട നിര്‍മ്മാണ മേഖലയിലും കഠിനാദ്ധ്വാനത്തിന് പ്രതിഫലമായി അദ്ദേഹം മാസത്തില്‍ അഞ്ച് ദിവസം 100 രൂപ വീതം സമ്പാദിക്കുമായിരുന്നു. പശുത്തൊഴുത്തുകള്‍ വൃത്തിയാക്കുകയോ അല്ലെങ്കില്‍ വനവിഭവങ്ങള്‍ ശേഖരിക്കുകയോ ചെയ്യുന്നത് വഴി ഇതിലും ചെറിയ വരുമാനമാണ് കോഹ്ലി ദേവിക്ക് ലഭിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ഭര്‍ത്താവ് ഉറങ്ങുകയോ വെറുതെ കറങ്ങി നടക്കുകയോ മാത്രം ചെയ്യുന്നു. ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും നാല് കുട്ടികളെയും ശുശ്രൂഷിക്കുകയും ഊട്ടുകയും ചെയ്യേണ്ട ഭാരം മുഴുവന്‍ കോഹ്ലി ദേവിയുടെ മെലിഞ്ഞ തോളില്‍ പതിച്ചിരിക്കുന്നു.

രണ്ട് പെണ്‍കുട്ടികള്‍ക്ക് 12 വയസായപ്പോള്‍ തന്നെ കോഹ്ലി ദേവി അവരെ വിവാഹം കഴിപ്പിച്ചയച്ചു; ഒരാള്‍ വീട്ടിലേക്ക് മടങ്ങിയെത്തി. ഒരു ആ കുഞ്ഞിനെ അവര്‍ മാറോടടക്കി പിടിച്ചിരിക്കുന്നു. 11 വയസുള്ള സന്തോഷിയായിരുന്നു ഏറ്റവും ഇളയ പുത്രി. അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ കോഹ്ലി ദേവി അവളെ സ്‌കൂളില്‍ വിടുന്നത് നിറുത്തുകയും വീട്ടിലേക്ക് അല്‍പം പണം കൊണ്ടുവരുന്നതിനായി ഭൂവുടമകളുടെ കാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു. ആദിവാസി കുടിലുകളില്‍ ഇത് അസാധാരണമല്ല.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ല: റേഷന്‍ നിഷേധിച്ച 11-കാരി പട്ടിണി കിടന്നു മരിച്ചു

എന്നാല്‍, പട്ടിണി അകറ്റുന്നതിനായി പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന സബ്‌സിഡി റേഷനെ നിര്‍ണായകമായി ആശ്രയിക്കുന്ന കുടുംബത്തില്‍ ദുരന്തം വിതയ്ക്കുന്നതായിരുന്നു എല്ലാ റേഷന്‍ കാര്‍ഡുകളും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡായ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള സംസ്ഥാന ഭരണകൂടത്തിന്റെ തീരുമാനം. ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടുമാത്രം സംസ്ഥാനത്ത് റദ്ദാക്കിയ 11 ലക്ഷം കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകളില്‍ ഒന്ന് മാത്രമാണ് കോഹ്ലി ദേവിയുടേത്. പട്ടിണിയില്‍ നിന്നും കുടുംബത്തെ ഉയര്‍ത്തി നിറുത്തുന്ന ഒരേയൊരു പിടിവള്ളി സബ്‌സിഡി ധാന്യങ്ങളായിരുന്നു. ഈ ചരട് പൊട്ടിയതോടെ കുടുംബം പട്ടിണിയിലേക്ക് ആഴ്ന്നുപോയി. മറ്റ് ചില സാമൂഹിക അവകാശങ്ങള്‍ കൂടി തകര്‍ന്നത് ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കി. കരാറുകാര്‍ നിയമവിരുദ്ധമായി വലിയ യന്ത്രങ്ങള്‍ ഉപയോഗിക്കാനും വേതന രജിസ്റ്ററുകളില്‍ കൃത്രിമം കാണിക്കാനും തുടങ്ങിയതോടെ, ഗ്രാമീണ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് ചട്ട പ്രകാരമുള്ള വേതന തൊഴിലുകള്‍ ലഭിക്കാതെയുമായി. കോഹ്ലി ദേവിയുടെ അമ്മായിയമ്മയ്ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി. സന്തോഷി പഠനം മുടക്കിയെങ്കിലും, സ്‌കൂളുകളില്‍ നല്‍കിയിരുന്ന ഉച്ചഭക്ഷണത്തിനായി അവര്‍ പശുമേയ്ക്കല്‍ ഇടയ്ക്ക് നിറുത്തിവെച്ച് ഭക്ഷണം കഴിക്കുന്നതിനായി സ്‌കൂളില്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ ദുര്‍ഗ പൂജ പ്രമാണിച്ച് സ്‌കൂള്‍ അവധിയായിരുന്നു.

ജോലിയൊന്നും കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ, കോഹ്ലി ദേവിയും അവരുടെ മകളും ഉയര്‍ന്ന ജാതിക്കാരായ അയല്‍ക്കാരുടെ വീടുകളുടെ പുറത്ത് ഭക്ഷണത്തിനായി യാചിച്ചു. പക്ഷെ, അവര്‍ പിന്നീട് എന്നോട് ചോദിച്ചത് പോലെ, “ഭക്ഷണം നല്‍കണമെന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും നിര്‍ബന്ധിക്കാന്‍ സാധിക്കുമോ?” സന്തോഷിയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ആഹാരത്തിനു വേണ്ടി യാചിച്ചുകൊണ്ട് അവള്‍ എപ്പോഴും വിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. അവളുടെ വയറുവേദന അസഹ്യമായപ്പോള്‍ അമ്മ അവളെ അടുത്തുള്ള വൈദ്യന്റെ അടുത്ത് കൊണ്ടുപോയി. “നിങ്ങളുടെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല. അവള്‍ക്ക് ആകെ വേണ്ടത് ഭക്ഷണമാണ്”, എന്ന് അദ്ദേഹം അവരോട് ശാന്തമായി പറഞ്ഞു. പക്ഷെ അവരുടെ കുടിലില്‍ തേയില ഇലകളും ഉപ്പും മാത്രമാണ് ഉണ്ടായിരുന്നത്. വിശപ്പടക്കുന്നതിനായി അവര്‍ തന്റെ മകള്‍ക്ക് ഉപ്പ് ചേര്‍ത്ത ചായ നല്‍കി. ‘ചോറ്, ചോറ്’ എന്ന് കരഞ്ഞുകൊണ്ട് ഒടുവില്‍ ആ പെകുണ്‍കുട്ടി മരിച്ചെന്ന് അവളുടെ അമ്മ ഓര്‍ക്കുന്നു.

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം യുവാക്കളെ തല്ലിക്കൊല്ലുന്ന വീഡിയോകള്‍ പ്രചരിക്കുന്നു; ഇരകള്‍ ജീവന് വേണ്ടി യാചിക്കുന്നു

അവരുടെ ജാതിയില്‍ മൃതദേഹം ദഹിപ്പിക്കുയല്ല മറിച്ച് അടക്കുകയാണ് ചെയ്യുന്നത് എന്നതിനാല്‍ അവര്‍ കണ്ണീരോടെ തന്റെ കുഞ്ഞിനെ ആഴം കുറഞ്ഞ ഒരു ശവക്കുഴിയില്‍ അടക്കി. കുട്ടിയുടെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരെയും, ഇതേ പ്രശ്‌നം നേരിടുന്ന മറ്റ് നിരവധി പേരെയും സഹായിച്ചിരുന്ന ഫുഡ് കാംമ്പെയിന്‍ എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകര്‍, അവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സന്തോഷിയുടെ മരണം അറിഞ്ഞപ്പോള്‍, റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കാനുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ക്രൂരമായ തീരുമാനം മൂലമാണ് കുട്ടി മരിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദേശീയ മാധ്യമങ്ങളുടെ സ്ഥിരം അലംഭാവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വാര്‍ത്ത എങ്ങനെയോ പത്രങ്ങളുടെ ഒന്നാം പേജില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ആ തരത്തില്‍, ആ മരണം ക്ഷണികമായെങ്കിലും നമ്മുടെ മനഃസാക്ഷിയെ കീറിമുറിച്ചു.

സത്യം പറഞ്ഞതിന് ശിക്ഷിക്കപ്പെടുന്നു

പ്രദേശത്തെ ഉദ്യോഗസ്ഥര്‍ അതിവേഗം ന്യായീകരണങ്ങളുമായി രംഗത്തെത്തി. പട്ടിണി മൂലമല്ലെന്നും മലേറിയ മൂലമാണ് കുട്ടി മരിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ അവകാശവാദത്തെ കോഹ്ലി ദേവി ശക്തമായി നിരാകരിച്ചു. ‘അവള്‍ക്ക് ഒരു രോഗവുമില്ലാതിരിക്കെ മലേറിയ മൂലമാണ് അവള്‍ മരിച്ചതെന്ന് ഞാനെന്തിന് പറയണം?’ എന്ന് അവര്‍ ചോദിച്ചു. കഥ കെട്ടടങ്ങാന്‍ മടിച്ചു. പകരം അത് പൊട്ടിത്തെറിക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് എയര്‍കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ പൊടി നിറഞ്ഞ ഗ്രാമത്തിലേക്ക് കുതിച്ചെത്തുകയും ചെയ്തു. ചിലര്‍ കുട്ടിയുടെ കുഴിമാടത്തില്‍ മെഴുകുതിരിയും പിടിച്ച് നിന്ന് സെല്‍ഫിയും ചിത്രങ്ങളുമെടുത്തു. മറ്റ് ചിലര്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തു. തന്റെ കുട്ടി പട്ടിണി മൂലമാണ് മരിച്ചതെന്ന വാദം ഉപേക്ഷിക്കണമെന്നും മലേറിയ മൂലമാണ് അവള്‍ മരിച്ചതെന്ന് അംഗീകരിക്കണമെന്നും ഉദ്യോഗസ്ഥരും ഭരണകക്ഷിയായ ബിജെപിയുടെ അംഗങ്ങളും കോഹ്ലി ദേവിയെ താക്കീത് ചെയ്തു.

ഝാര്‍ഖണ്ഡില്‍ ആദിവാസികളെ ‘ഹിന്ദു’ക്കളാക്കാന്‍ സംഘപപരിവാര്‍; ബീഫ് പ്രധാന ആയുധം

അങ്ങനെ ചെയ്യുകയാണെങ്കില്‍ മതിയായ പാരിതോഷികം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അവരോട് പറഞ്ഞു. എന്നാല്‍ കോഹ്ലി ദേവി അനിതരസാധാരണമായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുയും തന്റെ മകള്‍ മരിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള സത്യത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. പ്രലോഭനങ്ങള്‍ ഫലിക്കില്ലെന്ന് കണ്ടപ്പോള്‍, കോഹ്ലി ദേവി നിലപാടില്‍ ഉറച്ച് നില്‍ക്കുപക്ഷം കുട്ടിയുടെ ശവശരീരം കുഴിമാടത്തില്‍ നിന്നും മാന്തി പുറത്തെടുക്കുമെന്നും പോസ്റ്റുമോര്‍ട്ടത്തിനായി ശരീരം കീറിമുറിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കി. പക്ഷെ ഇവിടെയും, ‘എന്റെ മകള്‍ മരിച്ചുകഴിഞ്ഞു. ഇനി അവളുടെ ശരീരത്തില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എന്ത് സംഭവിക്കാനാണ്?’ എന്ന സമചിത്തമായ ചോദ്യമാണ് കോഹ്ലി ദേവി തിരിച്ച് ചോദിച്ചത്.

തന്റെ കുട്ടി പട്ടിണി മൂലമാണ് മരിച്ചതെന്ന് വാദിച്ച കോഹ്ലി ദേവി ഗ്രാമത്തിന് ‘ചീത്തപ്പേര്’ സമ്പാദിച്ച് നല്‍കിയിരിക്കുകയാണന്ന് മുഖ്യമന്ത്രി രഘുബാര്‍ ദാസ് ആരോപിച്ചു. ഇതൊരു സൂചനയായി എടുത്ത ഗ്രാമത്തിലെ ഉന്നതജാതിക്കാര്‍, അവരുടെ ആരോപണത്തിന്റെ പേരില്‍ ഗ്രാമത്തിന് അപമാനമുണ്ടാക്കി എന്ന് കോഹ്ലി ദേവിയെ അധിക്ഷേപിച്ചു. രാജ്യത്തിന് തന്നെ അവര്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്ന് ചിലര്‍ കുറച്ച് കൂടി കടത്തിപ്പറഞ്ഞു. എന്നാല്‍ തന്നെ പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കോഹ്ലി ദേവി ചെറുത്തുനിന്നതോടെ അവരുടെ കുടുംബത്തിന് നേരെ ബഹിഷ്‌കരണം നടപ്പിലാക്കി. ഉന്നതജാതിക്കാര്‍ അവരെ ചോദ്യം ചെയ്യാനും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ, കോഹ്ലി ദേവിക്ക് പോലീസ് സംരക്ഷണം വേണമെന്ന് ഫുഡ് കാംമ്പെയിന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അവരുടെ കുടിലിന് മുന്നില്‍ ഒരു പോലീസുകാരന്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

ഝാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ ജനക്കൂട്ടം അടിച്ചു കൊന്നത് ഏഴു പേരെ

എന്താണ് രാജ്യത്തിന് അപമാനം ഉണ്ടാക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. തന്റെ കുട്ടിയുടെ മരണകാരണത്തിലെ സത്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നിരക്ഷരയും അഗതിയുമായ ഒരമ്മ നിര്‍ബന്ധം പിടിച്ചതുകൊണ്ടു മാത്രം ഒരു ദേശം ഇകഴ്ത്തപ്പെടുമോ? അതോ അതിന്റെ ഡിജിറ്റല്‍ ഭാവനയെ കൃത്യമായി പിന്തുടരാന്‍ രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായ ജനതയ്ക്ക് കഴിയാത്തതുകൊണ്ട് അവരുടെ ജീവന്‍രക്ഷാ ഉപാധികള്‍ നിഷേധിക്കുന്ന നിഷ്ഠൂരമായ ഭരണകൂടമാണോ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നത്? അതോ ദാരിദ്ര്യത്തില്‍ നിന്നും അനാഥത്വത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വിവേകപൂര്‍ണമായ ഒരു സാമൂഹ്യസംരക്ഷണം കെട്ടിപ്പടുക്കാന്‍ നമുക്കിനിയും സാധിച്ചിട്ടില്ലന്നതോ? അതോ തങ്ങളുടെ അവസാന നിശ്വാസം വരെയും ഭക്ഷണത്തിനായി കരഞ്ഞുകൊണ്ട് കുട്ടികള്‍ മരിക്കുന്നത് തടയാന്‍ കുതിച്ചുപായുന്ന സാമ്പത്തികവളര്‍ച്ചയ്ക്കും നിറഞ്ഞുകവിയുന്ന സര്‍ക്കാര്‍ പാണ്ടികശാലകള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നതിനാലോ?

ഗോമാതാക്കളുടെ അച്ഛാദിനങ്ങൾ അഥവാ ഒരു ജനതയുടെ കെട്ട കാലം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍