ജൂലായ് 23ന് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയിരുന്നില്ല.
ഝാര്‍ഖണ്ഡില്‍ താബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കേസിലെ 13 പ്രതികള്‍ക്കെതികൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കിയ ഝാര്‍ഖണ്ഡ് പൊലീസ് നടപടി പ്രതിഷേധമുയര്‍ത്തിയിരുന്നു. സാരികേല – ഖര്‍സാവന്‍ പൊലീസ് ഇന്നലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സപ്ലിമെന്ററി ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം മൂലമല്ല താബ്രിസ് മരിച്ചത് എന്നും ഹൃദയാഘാതം മൂലമാണ് എന്നും പറഞ്ഞാണ്, കൊലക്കുറ്റം പൊലീസ് ഒഴിവാക്കിയിരുന്നത്.
ജൂലായ് 23ന് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയിരുന്നില്ല. പകരം ഐപിസി 304ാം വകുപ്പാണ് ചുമത്തിയിരുന്നത്. അന്‍സാരിയുടെ ആന്തരാവയവ പരിശോധന റിപ്പോര്‍ട്ടില്‍ മരണ കാരണം മര്‍ദ്ദനമാണ് എന്ന് വ്യക്തമാക്കുന്ന യാതൊന്നുമില്ല എന്നാണ് പൊലീസ് ന്യായീകരണമായി പറഞ്ഞത്. ഹൃദയാഘാതമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നും പൊലീസ് പറഞ്ഞിരുന്നു.
അതേസമയം ഹൃദയാഘാതമാണ് മരണകാരണം എന്നതിലും അവ്യക്തതയുള്ളതിനാല്‍ റിപ്പോര്‍ട്ട് എംജിഎം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്ക് അയച്ചിരുന്നു. എംജിഎം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലുകള്‍ക്കുണ്ടായിരിക്കുന്ന ഒടിവ് കനമുള്ള വസ്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഗുരുതര പരിക്കാണ് എന്നാണ്. ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്നതില്‍ ഈ പരിക്കുകള്‍ കാരണമായിട്ടുണ്ട് – പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
വെല്‍ഡിംഗ് ജോലി ചെയ്തിരുന്ന 24കാരനായ താബ്രിസ് അന്‍സാരിയെ ധാട്കിദി ഗ്രാമത്തിലെ ഒരു സംഘം ആളുകള്‍ ജൂണ്‍ 18നാണ് ആക്രമിച്ചത്. മോഷം ആരോപിച്ചായിരുന്നു ആക്രമണം. കെട്ടിയിട്ട് രാത്രി മുഴുവന്‍ മര്‍ദ്ദിക്കുകയും ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. താബ്രിസ് അന്‍സാരിയെ മര്‍ദ്ദിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. പൊലീസ് അന്‍സാരിയെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കുണ്ടായിരുന്ന അന്‍സാരിക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് സദര്‍ ഹോസ്പിറ്റലിവെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്തിരുന്നു. അന്‍സാരിയെ ജയിലിലേയ്ക്ക് കൊണ്ടുപോയി. ജയിലില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് ജൂണ്‍ 22ന് താബ്രിസ് അന്‍സാരി മരിച്ചത്.
പൊലീസിനും ഡോക്ടര്‍മാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി താബ്രിസ് അന്‍സാരിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുടേയും പകര്‍പ്പുകള്‍ വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്. നീതി കിട്ടിയില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നാണ് ഭാര്യ സാഹിസ്ത പര്‍വേസ്
ഇന്നലെ പറഞ്ഞത്.