UPDATES

ട്രെന്‍ഡിങ്ങ്

ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊല: പൊലീസ് രേഖപ്പെടുത്തിയത് ബൈക്ക് മോഷണ കേസിലെ മൊഴി; അക്രമത്തെക്കുറിച്ച് പരാമര്‍ശമില്ല

അന്‍സാരിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഝാര്‍ഖണ്ഡിലെ സാരായ്‌കേല ജില്ലയില്‍ മുസ്ലീം യുവാവ് ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അക്രമത്തെക്കുറിച്ച് പറയാതെ, കൊല്ലപ്പെട്ട യുവാവിന് മേല്‍ അക്രമികള്‍ ആരോപിക്കുന്ന ബൈക്ക് മോഷണം സംബന്ധിച്ച മൊഴി മാത്രം എടുത്ത് പൊലീസ്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 24കാരനായ താബ്രിസ് അന്‍സാരിയെ ഹിന്ദുത്വ ഗുണ്ടകളായ ഒരു സംഘം അക്രമികള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത്. സിവില്‍ ഹോസ്പിറ്റലില്‍ നിന്ന ജംഷഡ്പൂരിലെ ആശുപത്രിയിലെത്തിച്ചപ്പോളേക്കും അന്‍സാരി മരിച്ചിരുന്നു. ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നെല്ലാം നിര്‍ബന്ധപൂര്‍വം വിളിപ്പിച്ചായിരുന്നു. ക്രൂരമായ അക്രമം നടന്നത്. അന്‍സാരിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അന്‍സാരിയെ ജൂണ്‍ 18ന് മോഷണക്കുറ്റത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. മോഷണം നടത്തി എന്നാണ് പൊലീസ് രേഖപ്പെടുത്തിയ അന്‍സാരിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. അതേസമയം 11 ഗ്രാമവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍സാരിക്കെതിരെ ബൈക്ക് മോഷണം ആരോപിച്ച് പരാതി നല്‍കിയ കമല്‍ മാഹ്‌തോ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഖര്‍സാവന്‍ പൊലീസ് സ്‌റ്റേഷനില്‍ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥനും എഎസ്‌ഐയും കേസ് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തത് എന്ന് എസ് പി എസ് കാര്‍ത്തിക് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നാട്ടുകാര്‍ മര്‍ദ്ദിച്ചതിനെക്കുറിച്ച് അന്‍സാരി പൊലീസിനോട് ഒന്നും പറയാതിരുന്നത് കാരണമായിരിക്കാം ഇത് രേഖപ്പെടുത്താത്തത് എന്നും എസ് പി പറഞ്ഞു. പ്രത്യേക സംഘം സംഭവം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം അന്‍സാരിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നതടക്കമുള്ള പരാതികള്‍ ബന്ധുക്കള്‍ക്കുണ്ട്. പൊലീസ് ലോക്കപ്പിലായിരുന്ന അന്‍സാരിയെ വളരെ അവശനും സംസാരിക്കാന്‍ കഴിയാത്ത നിലയിലുമാണ് കണ്ടത് എന്ന് അമ്മാവന്‍ മഖ്‌സൂദ് ആലം പറയുന്നു.
പക്ഷെ പൊലീസിനോട് അന്‍സാരി അക്രമത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് വിശ്വസിക്കുന്നില്ല. പൊലീസ് മനപൂര്‍വം ഇത് ഒതുക്കുന്നതാണ്. അന്‍സാരിക്കേറ്റം കൊടിയ മര്‍ദ്ദനം ആര്‍ക്കും വ്യക്തമായി മനസിലാക്കാന്‍ കഴിയുന്നതാണ് – ആലം ചൂണ്ടിക്കാട്ടി.

ഝാര്‍ഖണ്ഡില്‍ ഇത് 13ാമത്തെ സംഭവമാണ് എന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്നും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ കുറ്റപ്പെടുത്തി. അതേസമയം ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങളെല്ലാം ബിജെപിയുടേയും ആര്‍എസ്എസിന്റേയും മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും തലയില്‍ കെട്ടിവയ്ക്കുന്ന ഒരു ട്രെന്‍ഡ് ഇപ്പോള്‍ നിലവിലുണ്ട് എന്നാണ് ബിജെപി നേതാവും മന്ത്രിയുമായ സിപി സിംഗിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍