UPDATES

ഈദിനു മുമ്പായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി; മാധ്യമങ്ങൾക്ക് ആവശ്യമായ പാസ്സുകൾ നൽകിയിരുന്നു; ആശയവിനിമയ സൗകര്യങ്ങൾ ഘട്ടംഘട്ടമായി പുനസ്ഥാപിക്കും: ജമ്മു കാശ്മീർ ചീഫ് സെക്രട്ടറി

നിയന്ത്രണങ്ങൾ സ്ഥാപിച്ചതിനു ശേഷം കശ്മീരിൽ ഇതുവരെ ഒരു ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈദ് ദിനത്തിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ കശ്മീരികൾക്ക് സൗകര്യം ചെയ്തു നൽകിയിരുന്നെന്ന് ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരത തടയാനായി ചില പ്രതിരോധ നടപടികൾ സർക്കാരിന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്ത് സമീപഭാവിയിൽ തന്നെ ചില ഭീകര സംഘടനകൾ ആക്രമണങ്ങൾ നടത്തുമെന്ന വിശ്വാസ്യയോഗ്യമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പാടാക്കിയത്. മാധ്യമങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിങ് നടത്താനായി ആവശ്യമായ പാസ്സുകൾ മാധ്യമങ്ങൾക്ക് നൽകിയിരുന്നു. 11നും 12നും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു. ഇതുവഴി ഈദ് ആഘോഷം ശരിയായി നടക്കാൻ അവസരമൊരുങ്ങിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ആഗസ്റ്റ് 14നും 15നും കൂടുതൽ നിയന്ത്രണങ്ങൾ സ്ഥാപിക്കേണ്ടി വന്നിരുന്നെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികം താമസിക്കാതെ തുറക്കും. ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിക്കും. എല്ലാം ക്രമേണ ശരിയാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കശ്മീരിലെ ജനജീവിതം ക്രമേണ സാധാരണ നിലയിലായിത്തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ സ്ഥാപിച്ചതിനു ശേഷം കശ്മീരിൽ ഇതുവരെ ഒരു ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ടെലിഫോൺ ശൃംഖലകളും അടുത്ത ദിവസങ്ങളിൽ ശരിയായി പ്രവർത്തിച്ചു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുക. അതെസമയം മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

ഓരോ പ്രദേശങ്ങളിലായി നിയന്ത്രണങ്ങൾ ചുരുക്കിക്കൊണ്ടു വരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ആകെ 22 ജില്ലകളുള്ളതിൽ പന്ത്രണ്ടിടത്തും ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍