UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയത്തിലിറങ്ങിയ കശ്മീരി ഐഎഎസ്സുകാരൻ ഷാ ഫൈസലിനെ രാജ്യം വിടുന്നതിനിടെ പിടികൂടി വീട്ടുതടങ്കലിലാക്കി

സ്വയംഭരണാവകാശം നീക്കിയ നടപടിക്കെതിരെ ശക്തമായി സോഷ്യൽ മീ‍ഡിയയിൽ പ്രതികരിച്ചു കൊണ്ടിരുന്നയാളെയാണ് ഇപ്പോൾ തടങ്കലിലാക്കിയിരിക്കുന്നത്.

കശ്മീരിൽ സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി ശ്രദ്ധേയനായ ഷാ ഫൈസലിനെ ഡൽഹി വിമാനത്താവളത്തിൽ നിന്നും കേന്ദ്ര സർക്കാർ പിടികൂടി വീട്ടു തടങ്കലിലാക്കി. ഇദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വിദേശത്തേക്ക് പോകാനിരിക്കെയാണ് ഷാ ഫൈസലിനെ പിടികൂടിയത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടി‌ക്കു പിന്നാലെ സംസ്ഥാനത്തെ നേതാക്കളെ മുഴുവൻ തടങ്കലിലാക്കിയിരിക്കുകയാണ്.

സ്വയംഭരണാവകാശം നീക്കിയ നടപടിക്കെതിരെ ശക്തമായി സോഷ്യൽ മീ‍ഡിയയിൽ പ്രതികരിച്ചു കൊണ്ടിരുന്നയാളെയാണ് ഇപ്പോൾ തടങ്കലിലാക്കിയിരിക്കുന്നത്. കശ്മീരിൽ അഹിംസയിലൂന്നിയ ദീർഘകാലം നിലനിൽക്കുന്ന ഒരു ജനമുന്നേറ്റം ആവശ്യമാണെന്ന് കഴിഞ്ഞദിവസം ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതുവഴി മാത്രമേ രാഷ്ട്രീയ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി.

രണ്ട് മുൻ മുഖ്യമന്ത്രിമാരടക്കമുള്ളവർ വീട്ടുതടങ്കലിൽ കഴിയുകയാണിപ്പോൾ. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ഒരു തടവറയ്ക്ക് തുല്യമാണെന്ന് അവിടം സന്ദർശിച്ച പൗരവാകാശ പ്രവര്‍ത്തകര്‍ പറയുകയുണ്ടായി. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴാങ് ഡ്രീസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമൂനാ മൊല്ല, സിപിഐ എംഎല്‍ നേതാവ് കവിതാ കൃഷ്ണന്‍, നാഷണല്‍ അലൈയന്‍സ് ഓഫ് പിപ്പീള്‍സ് മൂവ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘമാണ് കാശ്മീര്‍ സന്ദര്‍ശിച്ചത്. ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാശ്മീരില്‍ സൈനിക നിയന്ത്രണത്തിലുളള തടവറയായി മാറിയിരിക്കയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കാശ്മീരിന്റെ അവകാശങ്ങള്‍ എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കാത്തതും അധാര്‍മ്മികവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതിഷേധിക്കാനുള്ള അവകാശം പോലുമില്ലാതെ കാശ്മീരികളെ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ട് വിമർശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍