UPDATES

ട്രെന്‍ഡിങ്ങ്

ജെഎൻയു വോട്ടെണ്ണൽ എബിവിപി തടഞ്ഞത് തെരഞ്ഞെടുപ്പ് റദ്ദാക്കിക്കിട്ടാനെന്ന് സംശയം; കൗണ്ടിങ് വീണ്ടും തുടങ്ങി

സെപ്തംബർ 14ന് രാത്രി പത്തു മണിക്കാണ് കൗണ്ടിങ് തുടങ്ങിയത്.

ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ എബിവിപി അനുകൂലികളായ വിദ്യാര്‍ത്ഥികൾ വോട്ടെണ്ണൽ തടയുന്നതിന്റെ വീഡിയോ പുറത്തുവന്നു. ശനിയാഴ്ച കാലത്ത് നാലുമണിക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയ എബിവിപി പ്രവർത്തകർ പകലും അവിടെ തുടരുകയായിരുന്നു.

തെരഞ്ഞെടുപ്പ് റദ്ദാക്കിക്കാനാണ് എബിവിപി ശ്രമം നടത്തുന്നതെന്നാണ് വിവരം. വോട്ടെണ്ണൽ അക്രമത്തിലൂടെ തടസ്സപ്പെടുത്തുകയും അതുവഴി മറ്റു വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയും ചെയ്ത് തിരിച്ച് ആക്രമണമുണ്ടാകുന്ന സ്ഥിതി വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ നീക്കം തിരിച്ചറിഞ്ഞ മറ്റു സംഘടനകൾ എബിവിപിയുടെ അക്രമങ്ങളോട് പരമാവധി സംയമനം പാലിച്ചു. മറ്റൊരു സംഘടനയും വോട്ടെണ്ണുന്നതിൽ പരാതി പറയുകയുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

നേരത്തെ വിവിധ വിദ്യാർത്ഥി സംഘടനകൾ എബിവിപിയുടെ ആക്രമണത്തിനെതിരെ ശബ്ദിച്ച് രംഗത്തെത്തിയിരുന്നു. ഐസ, ഡിഎസ്എഫ്, ബാപ്‌സ, എസ്എഫ്‌ഐ, സിആര്‍ജെഡി, എഐഎസ്എഫ്, എന്‍എസ്യു ഐ, എസ്ഐഒ, വൈഎഫ്ഡിഎ, ബിഎഎസ്ഒ, എംഎസ്എഫ്, കളക്ടീവ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് എബിവിപിക്കെതിരെ പ്രസ്താവനയിറക്കിയത്.

അതെസമയം വോട്ടെണ്ണൽ വീണ്ടും തുടങ്ങിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് വോട്ടെണ്ണൽ പുനരാരംഭിച്ചു എന്നാണ് റിപ്പോർട്ട്. രാവിലെയാണ് എബിവിപി പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആക്രമണം നടത്തി നടപടികൾക്ക് തടസ്സമുണ്ടാക്കിയത്. കൗണ്ടിങ് സെന്ററിലെ അധികാരികളെയും ഇവർ ആക്രമിച്ചു. തങ്ങളെ അറിയിക്കാതെ കൗണ്ടിങ് തുടങ്ങി എന്നായിരുന്നു എബിവിപിയുടെ ആരോപണം. എന്നാൽ പലവട്ടം അനൗൺസ് ചെയ്തിട്ടും എബിവിപി പ്രതിനിധി എത്താതിരുന്നതിനെത്തുടർന്ന് അക്കാര്യം കൂടി അനൗൺസ് ചെയ്താണ് കൗണ്ടിങ് തുടങ്ങിയത്. ഇത് മനപ്പൂർവ്വം അക്രമം നടത്താനുള്ള ആസൂത്രിത പരിപാടിയായിരുന്നെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.

എബിവിപി പ്രവര്‍ത്തകര്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിച്ചതായും കൗണ്ടിംഗ് നടക്കുന്ന കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ത്തതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരേയും ഇവര്‍ ആക്രമിച്ചു. വീഡിയോ എടുക്കാന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ പിടിച്ചുവച്ചു. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലളിത് പാണ്ഡെയും ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി വെങ്കട് ചൗബേയും അക്രമത്തില്‍ പങ്കാളികളായി. ബാലറ്റുകള്‍ പിടിച്ചെടുക്കാനും ഇവര്‍ ശ്രമിച്ചതായി എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികള്‍ ഒപ്പുവച്ച പൊതുപ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് ശേഷവും എബിവിപി അക്രമം നടത്തിയിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിങ്ങളെ തല്ലിയത് പോലെ ഇവിടെയും തല്ലുമെന്നായിരുന്നു ജെഎന്‍യുവിലെ എബിവിപി ഘടകത്തിന്റെ ഭീഷണി.

സെപ്തംബർ 14ന് രാത്രി പത്തു മണിക്കാണ് കൗണ്ടിങ് തുടങ്ങിയത്. 15ന് രാവിലെ നാലു മണിയോടെ എബിവിപി പ്രവർത്തകർ കൗണ്ടിങ് നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചു കയറി. കൗണ്ടിങ് നടത്തുന്ന ഉദ്യോഗസ്ഥരെ ഇവർ ആക്രമിച്ചതായി ജെഎൻയു ഇലക്ഷൻ കമ്മറ്റി പറഞ്ഞു. ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച പെട്ടികൾ തകർക്കാനും ശ്രമമുണ്ടായി.

അതെസമയം തങ്ങൾ ഇപ്പറഞ്ഞതൊന്നും ചെയ്തില്ലെന്ന് എബിവിപി പറഞ്ഞു. രാവിലെ നാലുമണിക്ക് സമാധാനപരമായി സമരം ചെയ്യുക മാത്രമേ ചെയ്തുള്ളൂ. തങ്ങളെ അറിയിക്കാതെ കൗണ്ടിങ് നടത്തിയതിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.

എന്നാൽ, ജെഎൻയുവിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവന എബിവിപിയുടെ വാദത്തിന് വിരുദ്ധമാണ്. ശനിയാഴ്ച പുലർച്ചെയോടെ എബിവിപി ആക്രമണം നടത്തിയെന്ന് അവർ ആരോപിച്ചു. കൗണ്ടിങ് വിവരം തങ്ങളെ അറിയിച്ചില്ലെന്ന എബിവിപിയുടെ വാദം തെറ്റാണെന്നും അവർ വ്യക്തമാക്കി. കൗണ്ടിങ് എജന്റുമാരെ വിടണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മറ്റി അനൗൺസ്മെന്റ് നടത്തിയിരുന്നു. എബിവിപി തങ്ങളുടെ ഏജന്റിനെ വിടാതിരിക്കുകയാണ് ചെയ്തത്. കൗണ്ടിങ് വെള്ളിയാഴ്ച രാത്രി പത്തു മണിക്ക് തുടങ്ങിയതിനു ശേഷം പിറ്റെദിവസം പുലർച്ചെയാണ് പ്രതിഷേധമെന്ന പേരിൽ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍