UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യു തിരഞ്ഞെടുപ്പ് ഇന്ന്; വിജയപ്രതീക്ഷയുമായി ഇടതുപക്ഷ സഖ്യം

ലെഫ്റ്റ് യൂണിറ്റി എന്ന പേരില്‍ ഐസ, എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച് മത്സരിക്കുന്നു.

ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഇന്ന്. പതിറ്റാണ്ടുകളായി ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മാത്രം നിയന്ത്രിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ ഇത്തവണയും ചുവന്ന് തന്നെ ഇരിക്കുമോ എന്നാണ് അറിയാനുള്ളത്. ഇത്തവണ നാല് പ്രധാന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയുണ്ട് – ലെഫ്റ്റ് യൂണിറ്റി എന്ന പേരില്‍ ഐസ, എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച് മത്സരിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഐസയില്‍ നിന്ന് എന്‍ സായ് ബാലാജി, വൈസ് പ്രസിഡന്റ് ആയി ഡിഎസ്എഫിലെ ശാരിക ചൗധരി, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐയിലെ ഐജാസ് അഹമ്മദ് റാത്തര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എഐഎസ്എഫിലെ അമുദ ജയദീപ് എന്നിവരാണ് മത്സരിക്കുന്നത്. അമുദ മലയാളിയാണ്.

കഴിഞ്ഞ തവണ എഐഎസ്എഫ് സഖ്യത്തിലുണ്ടായിരുന്നില്ല. എഐഎസ്എഫിന്റെ പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച അപരാജിത രാജ (സിപിഐ നേതാക്കള്‍ ഡി രാജയുടേയും ആനി രാജയുടേയും മകള്‍) പരാജയപ്പെട്ടിരുന്നു. ഇത്തവണ എല്ലാ ഇടതുപക്ഷ സംഘടനകളും ചേര്‍ന്ന സഖ്യത്തിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന പ്രസംഗമായിരുന്നു സായ് ബാലാജിയുടേത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഒരു ലിഞ്ചിസ്ഥാന്‍ (ആള്‍ക്കൂട്ട കൊലകളുടെ നാട്) ആക്കുകയാണ് മോദിയെന്ന് സായ് ബാലാജി ആരോപിച്ചു. നോട്ട് നിരോധനം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ബാലാജി ഉന്നയിച്ചു. അതേസമയം ലെഫ്റ്റ് യൂണിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എബിവിപി സ്ഥാനാര്‍ത്ഥി ലളിത് പാണ്ഡെ രംഗത്തെത്തി. ഇത് അവസരവാദ സഖ്യമാണ് എന്നാണ് എബിവിപിയുടെ ആരോപണം.

Also Read: മോഹന്‍ലാലിന് ഒരു ജെ എന്‍ യുക്കാരന്റെ തുറന്ന കത്ത്

ഇടതിനും വലതിനും അപ്പുറം ദലിതര്‍ക്ക് വേണ്ടി ശരിയായ പാത തിരഞ്ഞെടുക്കാനാണ് ദലിത് – ആദിവാസി വിദ്യാര്‍ത്ഥി സംഘടന എന്ന് അവകാശപ്പെടുന്ന ബാപ്‌സയുടെ (ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ് അസോസിയേഷന്‍) ആഹ്വാനം. കാമ്പസിലെ അടിച്ചമര്‍ത്തപ്പെടുന്ന ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ് എന്ന് ബാപ്‌സ അവകാശപ്പെടുന്നു. തല്ലപ്പെള്ളി പ്രവീണ്‍ ആണ് ബാപ്‌സയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കാമ്പസില്‍ എബിവിപി ശക്തിപ്പെടുകയാണെന്നും ഇതിനെതിരായോ അഡ്മിനിസ്‌ട്രേഷന്റെ വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരായോ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ബാപ്‌സ നേതാവ് കുറ്റപ്പെടുത്തി.

ആര്‍ജെഡിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര ആര്‍ജെഡി ഇത്തവണ ആദ്യമായി ജെഎന്‍യു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ജയന്ത് കുമാര്‍ ആണ് സിആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. എന്‍ എസ് യു ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വികാസ് യാദവ് ആണ്. ജഹാനു കുമാര്‍ ഹീര്‍, നിധി മിശ്ര സെയ്ബ് ബിലാവല്‍ എന്നിവരും സ്വതന്ത്രരായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.

Also Read: വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ മകന്‍; ജെഎന്‍യു വഴി ഇപ്പോള്‍ ഓക്സ്‌ഫോര്‍ഡില്‍; വി.ആര്‍ നജീബ്/അഭിമുഖം

2016ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും തുടരെയുണ്ടായ വിദ്യാര്‍ഥി വേട്ടയുടെയും പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേഷനുമായും നിരന്തര സംഘര്‍ഷത്തിലാണ് ഇടതുപക്ഷ സംഘടനകള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍. 2017 ഒക്ടോബറില്‍ എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനമടക്കം സംഘര്‍ഷഭരിതവും കലുഷിതവുമായി തുടരുകയാണ് ജെഎന്‍യു കാമ്പസ്. സര്‍വകലാശാലയിലെ പ്രവേശന ചട്ടങ്ങളുടെ പരിഷ്‌കാരം, പ്രവേശനത്തിലെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഏകപക്ഷീയമായ അച്ചടക്ക നടപടികള്‍, ഉന്നത വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, യുജിസിയെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയവയ്‌ക്കെതിരെയെല്ലാം ശക്തമായ പ്രതിഷേധമാണ് ഇടത് വിദ്യാര്‍ത്ഥി യൂണിയനും എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനകളും ഉയര്‍ത്തുന്നത്.

Also Read: ജെഎന്‍യു സമരമുഖത്ത് നിന്ന് വിസിക്ക് ഒരു തുറന്ന കത്ത്

മോഹന്‍ലാലിന് ഒരു ജെ എന്‍ യുക്കാരന്റെ തുറന്ന കത്ത്

വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ മകന്‍; ജെഎന്‍യു വഴി ഇപ്പോള്‍ ഓക്സ്‌ഫോര്‍ഡില്‍; വി.ആര്‍ നജീബ്/അഭിമുഖം

സംഘപരിവാര്‍ അപഹസിച്ചത് എന്റെ മലയാളിസ്വത്വത്തെ/പ്രായത്തെ; ജെഎന്‍യു മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി എഴുതുന്നു

ഒരു സർവ്വകലാശാലയെ തകർക്കുന്ന വിധം

ജെ എന്‍ യു എന്ന പ്രതീകം

ജെഎന്‍യു സമരമുഖത്ത് നിന്ന് വിസിക്ക് ഒരു തുറന്ന കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍