UPDATES

ട്രെന്‍ഡിങ്ങ്

ടാങ്ക്, പട്ടാളക്കാരുടെ ചിത്രങ്ങള്‍, വിവേകാനന്ദന്‍… ജെ.എന്‍.യുവില്‍ ഇനി എന്‍സിസിയും

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്താനുള്ള നടപടികളാണ് എന്നാണ് അധികൃതരുടെ അവകാശവാദം

വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി ജെ.എന്‍.യു ക്യാമ്പസില്‍ യുദ്ധ ടാങ്ക് പ്രദര്‍ശിപ്പിക്കുന്നതിനു പുറമെ എന്‍.സി.സി (നാഷണല്‍ കേഡറ്റ് കോര്‍പസ്)യും ആരംഭിക്കുന്നു. ബിരുദ. ബിരുദാനന്തര, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍.സി.സി പരിശീലനം നല്‍കുന്നത്. വിദ്യാര്‍ത്ഥികളില്‍ രാജ്യത്തോടെ പ്രതിബദ്ധത വര്‍ധിപ്പിക്കാനും പ്രതിരോധ സേനകള്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താനുമാണ് എന്‍.സി.സി ആരംഭിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി അടക്കമുള്ള സര്‍വകലാശാലകളില്‍ എന്‍.സി.സി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജെ.എന്‍.യുവില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി. ക്യാമ്പസില്‍ ‘നമ്മുടെ ഹീറോകള്‍’ എന്ന പേരില്‍ 21 പരംവീര്‍ ചക്ര ജേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ‘വാള്‍ ഓഫ് ഹീറോസ്’ രാജ്യത്ത് ആദ്യമായി ആരംഭിച്ചിട്ടുള്ളതും ജെ.എന്‍.യുവിലാണ്. ഇതിനു പിന്നാലെയായിരുന്നു ക്യാമ്പസില്‍ സൈനിക ടാങ്ക് പ്രദര്‍ശിപ്പിക്കണമെന്ന് വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ ഇന്നലെ കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടത്. ക്യാമ്പസില്‍ വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് എ ലെവല്‍ പരിശീലനവും ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ബി ലെവല്‍ പരിശീലനവുമാണ് നല്‍കുന്നത്. എന്‍.സി.സിയുമായി ക്യാമ്പസ് അധികൃതര്‍ ബന്ധപ്പെട്ടു കഴിഞ്ഞെന്നും വിവരമറിഞ്ഞപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ ഇതില്‍ ചേരാന്‍ എത്തുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. “കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒമ്പതിന് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതോടെ നഷ്ടപ്പെട്ടു പോയ ജെ.എന്‍.യുവിന്റെ പ്രതിച്ഛായ പുതിയ നടപടികള്‍ വഴി തിരിച്ചു പിടിക്കാന്‍ കഴിയും. ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്ന യുദ്ധടാങ്കും എന്‍.സി.സി വിദ്യാര്‍ഥികളുടെ പരിശീലനത്തിന് ഉപയോഗിക്കു”മെന്ന് എന്‍.സി.സിയുടെ മൂന്നംഗ കമ്മിറ്റി ചെയര്‍മാനും അധ്യാപകനുമായ ബുദ്ധ സിംഗ് പറഞ്ഞു.

എന്നാല്‍ ഇതിനേക്കാളേറെ മുന്‍ഗണന നല്‍കേണ്ട നിരവധി അക്കാദമിക് പ്രശ്‌നങ്ങള്‍ ക്യാമ്പസിലുണ്ടെന്ന് മുന്‍ വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോറി വിമര്‍ശിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മുന്‍ ബസ്തര്‍ ഐ.ജി എസ്.ആര്‍.പി കല്ലുരിയെയാണ് എ.ബി.വി.പിയും ചില അധ്യാപകരും ചേര്‍ന്ന് ഇത്തവണ ക്ഷണിച്ചിരിക്കുന്നത്. ഛത്തീസ്ഗഡില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടത്തിന് നല്‍കിയ സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ബുദ്ധ സിംഗ് പറഞ്ഞു. നക്‌സല്‍ വേട്ടയുടെ പേരില്‍ ആദിവാസികളെ കൊന്നൊടുക്കലും മനുഷ്യാവകാശ വിരുദ്ധ നടപടികളുമായി ഏറെ വിവാദത്തിലായ ഉദ്യോഗസ്ഥനാണ് കല്ലൂരി. നേരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ കല്ലൂരി അതിഥിയായി വന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍