UPDATES

ഇന്ത്യ

“ജെഎൻയുവിനെ മറ്റൊരു കേരളമാക്കാൻ അനുവദിക്കില്ല”: തെരഞ്ഞെടുപ്പിൽ തോറ്റ എബിവിപി രാത്രിയിൽ മിന്നലാക്രമണം നടത്തി

ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടായിരുന്നു എബിവിപിക്കാർ ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ജെഎൻയു തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ട ആർഎസ്എസ്സിന്റെ വിദ്യാർത്ഥി സംഘടനയായ എബിവിപി ഇക്കഴിഞ്ഞദിവസം രാത്രിയിൽ കാമ്പസ് ഹോസ്റ്റലുകളിൽ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതായി പരാതി. സാരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ചേർന്ന് പൊലീസിൽ രാത്രി തന്നെ പരാതി നൽകി.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്ന് മണിക്കൂറുകൾക്കകമാണ് ഹോസ്റ്റലുകളിൽ ആക്രമണമുണ്ടായത്. നേരത്തെ വോട്ടിങ് നടപടി തടസ്സപ്പെടുത്താനായി എബിവിപി ആക്രമണം നടത്തിയിരുന്നു.

ഞായറാഴ്ച പുലർച്ചെ 2.30ഓടു കൂടിയാണ് ആക്രമണം നടന്നത്. ഇതിന്റെ വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ചറിഞ്ഞ് സ്ഥലത്തെത്തിയ തന്നെയും എബിവിപി പ്രവർത്തകർ മർദ്ദിച്ചുവെന്ന് ജെഎൻയു തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എൻ സായ് ബാലാജി പറഞ്ഞു. ഇടത് വിദ്യാർത്ഥി നേതാവായ പവൻ മീണയെ ആക്രമിക്കുന്നതറിഞ്ഞാണ് സായ് ബാലാജി സ്ഥലത്തെത്തിയത്. വടികളും കുപ്പികളുമെല്ലാം സംഘടിപ്പിച്ചാണ് എബിവിപി പ്രവർത്തകര്‍ എത്തിയിരുന്നതെന്ന് സായ് ബാലാജി പറഞ്ഞു.

എബിവിപി നേതാവായ സൗരഭ് ശർമ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുമ്പിൽ കണ്ട വിദ്യാർത്ഥികളെ മുഴുവൻ ആക്രമിക്കുകയായിരുന്നു സൗരഭ് ശർമയെന്ന് സായ് ബാലാജി പറഞ്ഞു. ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് അവർ തന്നെയും മറ്റൊരു വിദ്യാർത്ഥിനിയെയും പരസ്യമായി ഭീഷണിപ്പെടുത്തി.

അഭിനയ് എന്ന വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ അതിക്രൂരമായി മർ‌ദ്ദിച്ചെന്നും അവന് ബോധം നഷ്ടമായെന്നും സായ് ബാലാജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. അഭിനയിനെ പ്രയാസപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്.

തന്നെയാണ് എബിവിപി പ്രവർത്തകർ ലക്ഷ്യം വെക്കുന്നതെന്നു മനസ്സിലാക്കിയ മറ്റുള്ളവർ ഒരു വാനിലേക്ക് കയറ്റിയിരുത്തിയെങ്കിലും ആക്രമണം അതിനകത്തേക്കും തുടര്‍ന്നു.

അഭിനയിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷി വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടായിരുന്നു എബിവിപിക്കാർ ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ വിദ്യാര്‍ഥി യൂണിയന്റെ മുന്‍ ജനറല്‍ സെക്രട്ടറി ശതരൂപ ചക്രവര്‍ത്തി ഉള്‍പ്പടെ മൂന്ന് പേരെ കാറിലെത്തിയ മുഖംമൂടിസംഘം ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. മറ്റൊരു ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കാലിന് സാരമായ പരിക്ക് പറ്റി.

ജെഎന്‍യു ചുവന്ന് തന്നെ: എബിവിപിയെ തകര്‍ത്ത് ഇടത് സഖ്യം തൂത്തുവാരി

Explainer: യുജിസിയെ തകർത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍