UPDATES

ധീര ജവാന്മാർക്ക് ഐക്യദാർഢ്യം; സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ വിട്ട് രാജ്യത്തെ ആത്മവിശ്വാസത്തിലേക്ക് നയിക്കണമെന്ന് സർക്കാരിനോട് 21 പ്രതിപക്ഷ പാർട്ടികൾ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംഭവങ്ങൾക്കു ശേഷം ഒരു സർവ്വകക്ഷി യോഗം വിളിക്കാതിരുന്നതിനെയും യോഗം വിമർശിച്ചു.

പുൽവാമയിൽ പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തിനെതിരെ രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് പ്രസ്താവന തയ്യാറാക്കിയത്. ഭീകരതയ്ക്കെതിരെ രാജ്യത്തെ സൈന്യം നടത്തുന്ന നീക്കങ്ങളോട് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ധീരമായ പ്രത്യാക്രമണത്തെയും പ്രതിപക്ഷ പാർട്ടികൾ പ്രകീർത്തിച്ചു. ഭീകരതയ്ക്കെതിരായ ദൗത്യങ്ങളിൽ സൈനികർ വരിച്ച രക്തസാക്ഷിത്വത്തെ ലജ്ജാകരമായ രീതിയിൽ രാഷ്ട്രീയവല്‍ക്കരിക്കുന്നതിൽ തങ്ങൾക്കുള്ള വ്യഥയും പ്രതിപക്ഷ രാഷ്ട്രീകക്ഷികൾ പ്രകടിപ്പിച്ചു. ദേശീയ സുരക്ഷ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതിനെ യോഗം വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംഭവങ്ങൾക്കു ശേഷം ഒരു സർവ്വകക്ഷി യോഗം വിളിക്കാതിരുന്നതിനെയും യോഗം വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യ വഴക്കങ്ങളിൽ ഇത്തരം പെരുമാറ്റങ്ങള്‍ ഇല്ലാത്തതാണെന്ന് പ്രതിപക്ഷ പ്രസ്താവന പറഞ്ഞു. നിലവിലെ സുരക്ഷാപരമായ സാഹചര്യത്തിലുള്ള ആശങ്കയും യോഗം പ്രകടിപ്പിച്ചു. ഇന്ത്യയുടെ സൈനിക സന്നാഹങ്ങൾക്കു നേരെ പാകിസ്താൻ നടത്തിയ ആക്രമണവും അതിനെ പ്രതിരോധിക്കുന്നതിനിടയിൽ ഒരു യുദ്ധവിമാനം നഷ്ടമായതുമെല്ലാം ആശങ്കാജനകമാണെന്ന് പ്രതിപക്ഷം പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്ത് ജനങ്ങളെ ആത്മവിശ്വാസത്തിലേക്ക് നയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍