UPDATES

ട്രെന്‍ഡിങ്ങ്

ജേര്‍ണലിസ്റ്റും ഹിന്ദുത്വ വിമര്‍ശകയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തി

എഴുത്തുകാരനും സാമൂഹിക വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൌരി ലങ്കേഷ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് ബംഗളുരുവിലെ വസതിയില്‍ വെടിയേറ്റു മരിച്ചു. അജ്ഞാതരായ മൂന്നു പേര്‍ അവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ വസതിയിലാണ് സംഭവം.

ലങ്കേഷ് പത്രികയുടെ എഡിറ്ററും സാമൂഹിക വിമര്‍ശകയുമായിരുന്നു ഗൗരി ലങ്കേഷ്. എഴുത്തുകാരനും സാമൂഹിക വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൌരി ലങ്കേഷ്. ഇതേ വിധത്തിലാണ് യുക്തിവാദിയായ എം.എം കല്‍ബുര്‍ഗിയും രണ്ടു വര്‍ഷം മുമ്പ് വെടിയേറ്റ്‌ മരിച്ചത്. ഹിന്ദുത്വ സംഘടനകളായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് മനസിലായിട്ടും അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല.

കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ അവര്‍ അപ്പോള്‍ തന്നെ മരിച്ചെന്ന് പോലീസ് പറഞ്ഞു.

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആറു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഹുബള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധച്ചത്. രണ്ടു കേസുകളിലായായിരുന്നു ശിക്ഷ.

2008 ല്‍ കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ വ്യാജ സ്വര്‍ണം വില്‍ക്കുന്ന ഒരു റാക്കറ്റിനെ പിടികൂടിയിരുന്നു. ഈ സംഘത്തില്‍ ചില ബിജെപി നേതാക്കള്‍ ഉണ്ടെന്ന തരത്തില്‍ വിവരം പുറത്തു വന്നിരുന്നെങ്കിലും പൊലീസിന് ആരെയും പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ ഗൗരി എഡിറ്ററായ കന്നഡ ടാബ്ലോയിഡില്‍ 2008 ജനുവരി 23 നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഈ സംഘത്തില്‍ ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, വെങ്കിടേഷ് മിസ്ട്രി, ഉമേഷ് ദുഷി, ശിവാനന്ദ് ഭട്ട് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് എഴുതിയിരുന്നു. ഇതിനെതിരേയാണ് തങ്ങളെ അപമാനിക്കുന്ന വാര്‍ത്ത എഴുതിയെന്ന പരാതിയുമായി ദര്‍വാഡ് എം പി കൂടിയായ പ്രഹ്ലാദ് ജോഷി, ഉമേഷ് ദുഷി എന്നിവര്‍ കോടതിയില്‍ കേസ് നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞവരോട് ഗൗരിയുടെ മറുപടി; ‘ചിലര്‍ എന്നെ ഇരുമ്പഴിയുടെ പിന്നില്‍ കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജാമ്യം കിട്ടിയതുകൊണ്ട് അങ്ങനെ സംഭവിച്ചില്ല’ എന്നായിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അവര്‍ പറഞ്ഞു.

Also Read: ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസ്; മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു പിഴയും തടവു ശിക്ഷയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍