UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്; അതിന് ഇന്ത്യന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുക തന്നെ വേണം

Avatar

സജി മാര്‍ക്കോസ്

 

പത്ത് കോടി ജനങ്ങള്‍ വീക്ഷിച്ച വിധിപ്രസ്താവനയായിരുന്നു ലോസ് ഏഞ്ചലസ് കൗണ്ട് കോടതിയില്‍ 1995-ല്‍ നടന്ന ഓ.ജെ സിംപ്‌സണ്‍ പ്രതിയായ കുപ്രസിദ്ധ കൊലപാതക കേസ്. അമേരിക്കന്‍ ക്രിമിനല്‍ ചരിത്രത്തിലെ ‘ട്രയല്‍ ഓഫ് ദി സെഞ്ച്വറി’ എന്ന് വിളിക്കപ്പെട്ട പ്രസ്തുത കേസ് സ്വന്തം ഭാര്യയേയും കൂട്ടുകാരനേയും സിംപ്‌സണ്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി എന്നതായിരുന്നു. വിധി പ്രസ്താവിച്ച ദിവസം അമേരിക്കയിലെ ഫോണ്‍ ഉപയോഗത്തില്‍ 45 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തുകയുണ്ടായി. ജല ഉപഭോഗം 30 ശതമാനം കുറവുള്ളതായും കണ്ടെത്തിയിരുന്നു. ദേശീയ ഫുട്ബോള്‍ ടീമിലെ അംഗവും നടനുമായിരുന്ന സിംപ്‌സന്റെ വിധികേള്‍ക്കുവാന്‍ ജനങ്ങള്‍ ടോയ്‌ലറ്റ് പോലും ഉപേക്ഷിച്ച് വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ കാതുകൂര്‍പ്പിച്ചു ഇരുന്നുവത്രേ!

കേസില്‍ സിംപ്‌സണ്‍ കുറ്റവിമുക്തനായി. കൊലപാതകി ഉപയോഗിച്ചു എന്ന കരുതപ്പെടുന്ന രക്തം പുരണ്ട ഗ്‌ളൗസ് പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പക്ഷേ, ക്രോസ് വിസ്താരത്തിന്റെ അവസാനം, പ്രധാന തെളിവായി പ്രോസിക്കൂഷന്‍ സമര്‍പ്പിച്ച കൈയ്യുറ സിംപ്‌സന്റെ കൈയ്യില്‍ പാകമല്ല എന്ന മുഖ്യ കാരണത്താല്‍ ‘കുറ്റം സംശയാതീതമായി തെളിയിക്കാന്‍’ പ്രോസിക്ക്യൂഷനു കഴിഞ്ഞില്ല എന്ന് കോടതി നിരീക്ഷിക്കുകയും സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതിയെ വെറുതെ വിടുകയും ചെയ്തു. ആഫ്രിക്കന്‍ വംശജനായ സിംപ്‌സണെ കുറ്റവിമുക്തനാക്കിയതില്‍ വലിയ കോലാഹങ്ങളും ചര്‍ച്ചകളും അമേരിക്കന്‍ പൊതുസമൂഹത്തില്‍ അക്കാലത്ത് നടന്നു.

 

തുടര്‍ന്ന് ഇരയുടെ കുടുംബങ്ങള്‍ സിംപ്‌സണെതിരെ കൊലപാതകത്തിന്റെ കാരണക്കാരന്‍ എന്ന കുറ്റം ആരോപിച്ച് സിവില്‍ കേസ് ഫയല്‍ ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞ് 1997-ല്‍ സിവില്‍ കോടതി സിംപ്‌സണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 3.35 കോടി ഡോളര്‍ പിഴ വിധിച്ചു. പിന്നീട് 2008-ല്‍ ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോടതി ഈ വിധി ശരിവച്ചു.

 

തീര്‍പ്പില്‍ എത്തിച്ചേരുവാന്‍ അടിസ്ഥാനമാക്കുന്ന നിഗമനങ്ങളും സിവില്‍ കേസുകളില്‍ കുറ്റം തെളിയിക്കുന്നതിന് വേണ്ട തെളിവുകളുടെ നിലവാരവുമാണ് ഒരേ കുറ്റകൃത്യം ഒരേ രാജ്യത്തെ രണ്ട് കോടതികളില്‍ വിരുദ്ധ നിഗമനങ്ങളില്‍ എത്തിച്ചേരുവാനുണ്ടാക്കിയ കാരണങ്ങള്‍ക്ക് പിന്നില്‍.

 

അമേരിക്കയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും തുടരുന്ന ഇംഗ്‌ളീഷ് – ക്രിമിനല്‍ ജസ്റ്റിസ് പ്രകാരം ഒരു ക്രിമിനല്‍ കേസില്‍ കുറ്റാരോപിതന് മരണശിക്ഷ തന്നെ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍, കുറ്റകൃത്യം സംശയാതീതമായി (Beyond Reasonable Doubt) തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷന്‍ ഭാഗത്തിനാണ്. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയായി പരിഗണിക്കപ്പെടുകയും ചെയ്യും.

 

 

ലോകത്ത് വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയസംവിധാനങ്ങളില്‍ കോടതികള്‍ നിഗമനങ്ങളിലെത്തുന്നതിനുള്ള വഴികള്‍ പൊതുവേ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.

1. Preponderance of Evidence: ഇരുപക്ഷത്തിന്റേയും വാദഗതികള്‍ കേട്ടതിനു ശേഷം സമര്‍പ്പിക്കപ്പെട്ടുള്ള തെളിവുകള്‍ പരിശോധിച്ച് പ്രതി കുറ്റം ചെയ്യാനുള്ള സാധ്യത 50 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പ്രതി കുറ്റക്കാരനാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന സംവിധാനമാണിത്. വളരെ താഴ്ന്ന നിലവാരത്തിലുള്ള നിയമ സംവിധാനമായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. പൊതുവേ സിവില്‍ കേസുകളില്‍ മാത്രമേ ഇത്തരം നിഗമനങ്ങളില്‍ കോടതികളെത്തിച്ചേരാറുള്ളൂ.

2. Beyond Reasonable Doubt: ഇംഗ്‌ളീഷ് ക്രിമിനല്‍ ജസ്റ്റിസ് പിന്തുടരുന്ന രാജ്യങ്ങളില്‍ പൊതുവേ പിന്തുടരുന്ന വളരെ ഉയര്‍ന്ന നീതിന്യായ സങ്കല്‍പ്പമാണിത്. കുറ്റകൃത്യം ചെയ്തതത് പ്രതിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടുന്നത് വരെ പ്രതിയെ കുറ്റക്കാരനായി കാണുകയോ ശിക്ഷ വിധിക്കുകയോ ചെയ്യുകയില്ല. കുറ്റവാളികള്‍ രക്ഷപെട്ടാലും നിരപരാധികള്‍ ഒരു കാരണവശാലും ശിക്ഷി ക്കപ്പെടാതിരിക്കാനുള്ള പിഴവുകളില്ലാത്ത സംവിധാനമാണിത്.

 

3. Clear and Convincing Evidence: മുകളില്‍ പ്രസ്താവിച്ച രണ്ട് നീതിനായ സങ്കല്പങ്ങള്‍ക്കുമിടയിലുള്ള ഒരു മധ്യപാദസംവിധാനമാണിത്. സംശയങ്ങള്‍ക്കുള്ള ചില ഉത്തരങ്ങള്‍ പ്രോസിക്യൂഷനു നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും നല്‍കപ്പെട്ട തെളിവുകളും ലഭ്യമായ സാക്ഷിമൊഴികളും വച്ച് പ്രതി കുറ്റക്കാരനാകാന്‍ വലിയ ഒരു സാധ്യത ഉണ്ടെന്ന് ബോധ്യപ്പെട്ടാന്‍ കോടതിക്ക് പ്രതിയെ കുറ്റക്കാരനായി കരുതാം.

 

ഇന്ത്യ ഇപ്പോള്‍ തുടരുന്ന Beyond Reasonable Doubt എന്ന കടുത്ത കുറ്റാരോപിതപക്ഷത്തു നില്‍ക്കുന്ന നിയമ സംവിധാനത്തില്‍ നിന്നും അല്‍പ്പം വ്യതിചലിച്ച് Clear and Convincing Evidence എന്ന മാര്‍ഗ്ഗത്തില്‍ ക്രിമിനല്‍ നിയമ സംവിധാനങ്ങള്‍ പുനര്‍കൃമീകരണം നടത്തണം എന്ന് മളീമഠ് ക്രിമിനല്‍ നിയമ പരിഷ്‌കരണകമ്മിറ്റി 2003-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ഇന്ത്യയില്‍ കുറ്റാരോപിതരില്‍ ഏതാണ് 47 ശതമാനം പേരും കുറ്റം തെളിയിക്കപ്പെടാതെ സ്വതന്ത്രരാകുന്ന പശ്ചാത്തലത്തിലാണ് വളരെ നിര്‍ണ്ണായകമായ ഈ ശുപാര്‍ശ ജസ്റ്റീസ് മളീമഠ് കമ്മിറ്റി നടത്തിയിരിക്കുന്നത്.

 

പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട വ്യവസ്ഥാപിത നിയമസംവിധാനങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് വരെ ആത്മീയഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഇംഗ്‌ളണ്ടിലും യൂറോപ്പിലും കോടതി പ്രവര്‍ത്തിച്ചിരുന്നു. വിധിനിര്‍ണ്ണയത്തില്‍ തെറ്റുകള്‍ കടന്നുകൂടിയാല്‍ ദൈവകോപം ന്യായാധിപനേയും കുടുംബത്തേയും പിന്തുടര്‍ന്നേക്കാമെന്ന ഭയത്തില്‍ നിന്നുമാണ് കുറ്റമറ്റ നീതിന്യായവ്യവസ്ഥയിലേക്ക് യൂറോപ്പിനെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചതും ഇംഗ്‌ളീഷ് ക്രിമിനല്‍ ജസ്റ്റിസ് എന്ന വ്യവസ്ഥ രൂപപ്പെടുത്തുവാന്‍ കാരണമായതും. കാലാന്തരത്തില്‍ ജനാധിപത്യ, മതേതര രാജ്യങ്ങളില്‍ രണ്ട് പ്രബല ചിന്താഗതികള്‍ രൂപം കൊള്ളുകയുണ്ടായി.

 

1. Inquisitorial system: കുറ്റാന്വേഷണ ഘട്ടത്തില്‍ കോടതികള്‍ നേരിട്ട് ഇടപെടുകയും തെളിവു ശേഖരണത്തിലും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിലും തുടക്കം മുതല്‍ ജഡ്ജികള്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഈ സംവിധാനത്തില്‍ ന്യായവിസ്താരത്തിന് എത്തുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.

 

2. Adversarial system: ഇംഗ്‌ളണ്ടിലും ഇന്ത്യ ഉള്‍പ്പടെ മിക്ക കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും തുടരുന്ന ഈ സംവിധാനത്തില്‍ കുറ്റാന്വേഷണം പോലീസിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. അന്വേഷണത്തിന്റെ അവസാനം പോലീസിനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍മാര്‍ സ്‌റ്റേറ്റിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാവുകയും രണ്ടു പക്ഷത്തേയും വാദഗതികളും തെളിവുകളും പരിശോധിച്ച് നിഷ്പക്ഷരായ ന്യായാധിപര്‍ നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. കൂടുതല്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി ന്യായാധിപനു ന്യായവിസ്താരത്തില്‍ ഇടപെടാനാകും എന്ന മേന്മ ഈ സംവിധാനത്തിനുള്ളതായി കരുതപ്പെടുന്നു. പക്ഷേ, കേസന്വേഷണത്തിലോ പ്രീ-ട്രയല്‍ പ്രക്രിയയിലോ ന്യായധിപന്റെ മേനോട്ടം ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ കുറ്റാരോപിതര്‍ രക്ഷപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല, സാമ്പത്തികമായും സാമൂഹികമായും സ്വാധീനമുള്ളവര്‍ മെച്ചപെട്ട നിയമവിദഗ്ദരുടെ സഹായത്തില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നു എന്നൊരു ന്യൂനത ഇത്തരം സംവിധാനങ്ങള്‍ക്കുള്ളതായി നിരീക്ഷിക്കപ്പെടുന്നു.

 

ജസ്റ്റീസ് മളീമഠ് കമ്മറ്റി ഈ രണ്ടും സംവിധാനങ്ങളുടേയും നല്ല വശങ്ങള്‍ എടുത്ത് ഒരു ഹൈബ്രിഡ് നിയമസംവിധാനം ഇന്ത്യയില്‍ ശുപാര്‍ശ ചെയ്യുന്നു.

 

 

ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ മറ്റൊരു പോരായ്മ കുറ്റകൃത്യത്തിന്റെ ഇരയ്ക്ക്, അല്ലെങ്കില്‍ ഇര കൊല്ലപ്പെട്ടാല്‍ ഇരയുടെ നിയമാനുസൃത പ്രതിനിധികള്‍ക്ക് നീതി നിര്‍വഹണ സംവിധാനത്തില്‍ ഒരു പങ്കുമില്ല എന്നതാണ്. പല പരിഷ്‌കൃത രാജ്യങ്ങളിലും ഇരയ്ക്കും പ്രതിനിധികള്‍ക്കും കൂടുതല്‍ തെളിവ് നല്‍കുന്നതിനും കുറ്റാരോപിതനോട് ചോദ്യം ചോദിക്കുന്നതിനും സ്വന്തമായി വക്കീലിനെ വച്ച് നിയമനടപടികളില്‍ ഭാഗഭാക്കാകുന്നതിനും പ്രതിയുടേ ജാമ്യാപേക്ഷയില്‍ അഭിപ്രായം പറയുന്നതിനും അവസരമുണ്ട്. നോര്‍വേ പോലുള്ള മെച്ചപ്പെട്ട നിയമവ്യവസ്ഥയുള്ള രാജ്യങ്ങളില്‍ കുറ്റകൃത്യം രേഖപ്പെടുത്തുന്ന സമയം മുതല്‍ ശിക്ഷിക്കപ്പെടുന്ന പ്രതിയുടെ പുനരധിവാസം വരെയുള്ള കാര്യങ്ങളില്‍ ഇരക്ക് വളരെ കൃത്യമായ പങ്കുണ്ട്. ശിക്ഷാകാലത്ത് ഇരയുമായോ ഇരയുടേ പ്രതിനിധിയുമായോ നേരിട്ടോ അല്ലാതെയോ ഉള്ള ആശയവിനിമയം നടത്തുന്നതു പോലും നോര്‍വ്വേ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുറ്റവാളികളില്‍ പശ്ചാത്താപം ഉണ്ടാക്കുന്നതിനും പല സംഭവങ്ങളിലും ശിക്ഷയ്ക്കുപരിയായി ഇരയ്ക്കു വേണ്ടി പ്രായശ്ചിത്തം ചെയ്യുന്നതിന് കുറ്റവാളിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി നിരീക്ഷപ്പെട്ടിട്ടുണ്ട്.

 

കോടതിയുടെ ഒരു ഓഫീസര്‍ എന്ന ഔദ്യോഗിക പദവി വഹിക്കുന്നുണ്ട് എങ്കിലും ഇന്ത്യന്‍ കോടതി നടപടികളില്‍ പലപ്പോഴും നിലവാരം കുറഞ്ഞ പ്രകടനം കാഴ്ചവക്കുന്നവരാണ് പബ്‌ളിക് പ്രോസിക്യൂട്ടര്‍മാര്‍. ഒരു കേസ് പിന്‍വലിക്കുന്നതുള്‍പ്പടെ വളരെ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം, പരിശീലനം, സേവന വേതന വ്യവസ്ഥകള്‍, ഓരോ കേസിലേയും കോടതിയിലെ പ്രകടനം എന്നിവ പരിശോധിക്കപ്പെടേണ്ടതാണ്.

 

ഇപ്പോള്‍ ഏറേ മാധ്യമശ്രദ്ധ നേടിയ സൗമ്യ വധക്കേസില്‍ സുപ്രീം കോടതി ചോദിച്ച നിര്‍ണ്ണായകമായ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷനു തൃപ്തികരമായ ഉത്തരം നല്‍കാനാകാതെ പോയത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

മുന്‍പറഞ്ഞ പല കാരണങ്ങളും പ്രോസിക്യൂഷന്റെ ‘ഉത്തരമില്ലായ്മക്ക്’ കാരണമായി തീര്‍ന്നിട്ടുണ്ട്. ന്യായാധിപന്മാര്‍ക്ക് സത്യം ബോധ്യപ്പെട്ടാലും നിയമത്തിന്റെ വാചകങ്ങള്‍ക്കും അപ്പുറം നിയമത്തിന്റെ അന്ത:സത്ത ഗ്രഹിക്കാത്ത അതിസമര്‍ത്ഥന്മാരായ പ്രതിഭാഗം വക്കീലിന് സാങ്കേതികമായി കുറ്റക്കാരന് സംശയത്തിന്റെ ആനുകൂല്യം നേടിയെടുക്കുവാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍ ഗൗരവമുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റാന്വേഷണം മുതല്‍ മേല്‍നോട്ടം വഹിക്കുവാന്‍ കോടതിക്ക് അധികാരമുണ്ടെങ്കില്‍ പ്രതി രക്ഷപെടുന്നതിനെ തടയാന്‍ കോടതികള്‍ക്ക് കഴിയും.
ഉയര്‍ന്ന നീതിബോധം ഉറപ്പുവരുത്തുകയും നിരന്തര പരിശീലനം നല്‍കുകയും കൃത്യമായ ഗുണനിലവാര പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്താല്‍ പബ്‌ളിക് പ്രോസികൂട്ടര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കും. അവര്‍ക്ക് അര്‍ഹമായ പരിഗണനകളും പ്രതിഫലവും ഉറപ്പാക്കുവാന്‍ സ്‌റ്റേറ്റിനു കഴിയുകയും വേണം.

 

ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ കേസിന്റെ എല്ലാ ഘട്ടത്തിലും ഇരക്ക് ഇടപെടുവാന്‍ അവസരമുണ്ടാക്കേണ്ടതുണ്ട്. സൗമ്യ വധക്കേസിന്റെ സുപ്രീം കോടതിയിലെ നടപടികള്‍ പത്രമാധ്യമങ്ങള്‍ വഴിയാണ് സൗമ്യയുടെ അമ്മ അറിഞ്ഞത് എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.

കൂടുതല്‍ കുറ്റമറ്റതും ശാസ്ത്രീയവുമായ കേസ് അന്വേഷണവും ഇരയ്ക്ക് കൂടി പങ്കാളിത്തമുള്ള സുതാര്യമായ കോടതി നടപടികളും ന്യായാധിപന്‍മാര്‍ കൂടി ഇടപെടുന്ന കുറ്റാന്വേഷണ സംവിധാനവും പുതിയ കാലഘട്ടത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ആവശ്യപ്പെടുന്നു. കുറ്റവാളി ശിക്ഷിക്കപ്പെടാത്ത ഓരോ കേസിലും ഒന്നോ അതിലധികമോ ക്രിമിനലുകളെ പൊതുസമൂഹത്തിലേക്ക് സ്വതന്ത്രമായി തുറന്ന് വിടുകയാണ്. അതിന് ഒരവസാനം ഉണ്ടായേ തീരൂ.

 

(എഞ്ചിനീയറും യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് ബഹറിനില്‍ താമസിക്കുന്നു)

 

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍