UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ നീതിന്യായ സംവിധാനം ആക്രമണങ്ങൾക്കിടയിലും ഉറച്ചുനിൽക്കാൻ കെല്‍പ്പുള്ള സ്ഥാപനം: വിടപറയൽ ചടങ്ങിൽ ജസ്റ്റിസ് ദീപക് മിശ്ര

താൻ ആളുകളെ അവരുടെ പ്രവൃത്തികളിലൂടെയാണ് മതിക്കുകയെന്ന് ദീപക് മിശ്ര പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിരമിക്കൽ പ്രമാണിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷൻ സംഘടിപ്പിച്ച വിടചൊല്ലൽ ചടങ്ങ് അഡ‍്വക്കറ്റ് ജനറൽ കെകെ വേണുഗോപാലിന്റെ പ്രസംഗത്തോടെയാണ് തുടങ്ങിയത്. ദീപക് മിശ്ര തെരഞ്ഞെടുത്ത കേസുകളും അവയുടെ എണ്ണവും ഓർക്കുക രസകരമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താമാധ്യമങ്ങൾ അദ്ദേഹത്തെ ഒരു ലിംഗസമത്വ പോരാളിയെന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജഡ്ജിമാർ റിട്ടയർമെന്റിനു ശേഷം മറ്റ് ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കരുതെന്ന ന്യായം തനിക്ക് മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.

മെഡിക്കൽ കോഴക്കേസിൽ ദീപക് മിശ്രയെ പിന്തുണച്ച് താൻ തുറന്ന കത്തെഴുതിയ സംഭവത്തെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു ബാർ അസോസിയേഷൻ പ്രസിഡണ്ട് വികാസ് സിങ് തന്റെ പ്രസംഗത്തിനിടെ ചെയ്തത്. സുപ്രീംകോടതി എന്ന സ്ഥാപനത്തെ രക്ഷിക്കുകയായിരുന്നു തന്റെ കത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അടുത്ത ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കേണ്ട രഞ്ജൻ ഗോഗോയിയും ദീപക് മിശ്രയുടെ ഗുണഗണങ്ങൾ വാഴ്ത്തി. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ മിശ്രയും ഉണ്ടായിരുന്നതായി ഗോഗോയ് ചൂണ്ടിക്കാട്ടി. ഭരണഘടനാമൂല്യങ്ങളെ നിലനിർത്താൻ ഇനിയും ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദീപക് മിശ്രയുടെ വാക്കുകൾ

താൻ ആളുകളെ അവരുടെ പ്രവൃത്തികളിലൂടെയാണ് മതിക്കുകയെന്ന് ദീപക് മിശ്ര പറഞ്ഞു. അവരുടെ ചരിത്രം ചികയുന്നത് തന്റെ രീതിയല്ല. തന്നോടുള്ള യഥാർത്ഥ സ്നേഹം കൊണ്ടു തന്നെയാണ് ഇത്രയധികമാളുകൾ തന്നെക്കാണാൻ പരിപാടിക്കെത്തിയതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

താൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ അതിൽ വാചോടോപങ്ങൾ ഒട്ടുമുണ്ടാകില്ലെന്നു പറഞ്ഞ ദീപക് മിശ്ര പണക്കാരന്റെയും പാവപ്പെട്ടവന്റെയും കണ്ണുനീരിന് വ്യത്യാസമില്ലെന്നും മറ്റും വാചാലനായി. ആക്രമണങ്ങൾക്കിടയിലും ഉറച്ചുനിൽക്കാൻ കെല്‍പ്പുള്ള സ്ഥാപനമാണ് സുപ്രീംകോടതിയെന്നും മിശ്ര വിശദീകരിച്ചു.

ദീപക് മിശ്രയ്ക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു പ്രതിപക്ഷം. ലോയ കേസ് അടക്കമുള്ള കേസുകളിൽ ദീപക് മിശ്രയുടെ നിലപാടുകളെ സംശയത്തിന്റെ നിഴലിലാക്കി കൊളാജിയം ജഡ്ജിമാർ കോടതിക്ക് വെളിയിലിറങ്ങി പ്രതിഷേധസ്വരമുയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍