UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴ്‌വഴക്കം പാലിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; റിട്ടയർമെന്റ് ദിവസം ദീപക് മിശ്രയ്ക്കൊപ്പം ഇരിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ

ചെലമേശ്വർ തന്റെ റിട്ടയർമെന്റ് ദിവസം കീഴ്‌വഴക്കം ലംഘിച്ച് രണ്ടാംകോടതിയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനൊപ്പമാണ് ഇരിക്കുക.

ഈ വരുന്ന വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ റിട്ടയർമെന്റ്. സുപ്രീംകോടതി ജസ്റ്റിസ്സുമാർ വിരമിക്കുമ്പോൾ പരസ്പര ബഹുമാന സൂചകമായി ചീഫ് ജസ്റ്റിസ് ഇരിക്കുന്ന ഒന്നാംകോടതിയിൽ ബഞ്ച് പങ്കിടുന്നതാണ് കീഴ്‍വഴക്കം. എന്നാൽ, ജസ്റ്റിസ് ചെലമേശ്വർ ഇതിന് നിന്നു കൊടുക്കില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. കോടതിയിലെ വിപ്ലവകാരിയായി അറിയപ്പെടുന്ന ചെലമേശ്വറിന്റെ തീരുമാനം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്.

സുപ്രീംകോടതിയിൽ ദീപക് മിശ്ര കഴിഞ്ഞാൽ സീനിയോരിറ്റിയിൽ രണ്ടാമത് വരുന്നത് ചെലമേശ്വറാണ്. ചെലമേശ്വർ തന്റെ റിട്ടയർമെന്റ് ദിവസം കീഴ്‌വഴക്കം ലംഘിച്ച് രണ്ടാംകോടതിയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനൊപ്പമാണ് ഇരിക്കുക.

ജൂൺ 22നാണ് ചെലമേശ്വറിന്റെ റിട്ടയർമെന്റെങ്കിലും മെയ് 18നു ശേഷം വേനലവധിക്ക് പിരിയുകയാണ് കോടതി. ഇക്കാരണത്താൽ ഈ വെള്ളിയാഴ്ചയായിരിക്കും ചെലമേശ്വറിന്റെ കോടതിയിലെ അവസാനദിനം.

സുപ്രീംകോടതിയുടെ ബാർ അസോസിയേഷൻ ചെലമേശ്വറിന് ഒരു യാത്രയയപ്പ് നൽകാനും ആലോചിച്ചിരുന്നു. എന്നാൽ, ഇതിനോടും ചെലമേശ്വർ അനുകൂല മറുപടിയല്ല നൽകിയതെന്നാണ് അറിയുന്നത്. തന്റെ റിട്ടയർമെന്റ് ഒരു സ്വകാര്യ വിഷയമാക്കി നിറുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ചെലമേശ്വർ പറഞ്ഞതായാണ് വിവരം.

സുപ്രീംകോടിയിൽ അസാധാരണമായ ചിലത് നടക്കുന്നുവെന്നാരോപിച്ച് കോടതിനടപടികൾ നിറുത്തിവെച്ച് പുറത്തിറങ്ങി വാർത്താസമ്മേളനം വിളിച്ച കൊളീജിയം ജഡ്ജിമാരിൽ ഒരാളാണ് ചെലമേശ്വർ. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണമടക്കമുള്ള കേസുകൾ ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് അവർ സൂചിപ്പിച്ചു. ഇത്തരം സംഭവങ്ങളുടെ പരമ്പര തന്നെ സുപ്രീംകോടതിയിൽ നടക്കുന്നതായും കോടതിയുടെ വിശ്വാസ്യതയെ ഇവ തകർത്തതായും ചെലമേശ്വർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. ഇതെത്തുടർന്നുള്ള സംഭവവികാസങ്ങൾ പാർലമെന്റ് ചീഫ് ജസ്റ്റിസ്സിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം വരുന്നതിലേക്കു വരെ എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍