UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീംകോടതിയുടെ നിലനിൽപ്പും ജീവനും അപകടത്തിൽ; ചരിത്രം നമ്മളോട് പൊറുക്കില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

കൊളീജിയം ശുപാർശകൾക്കു മീതെ അടയിരിക്കുന്ന സർക്കാരിനെതിരെ ഒന്നുമുരിയാടാതിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് കുര്യൻ ജോസഫ് രംഗത്ത്

കൊളീജിയം ശുപാർശകൾക്കു മീതെ അടയിരിക്കുന്ന സർക്കാരിനെതിരെ ഒന്നുമുരിയാടാതിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് കുര്യൻ ജോസഫ് രംഗത്ത്. സർക്കാരിന്റേത് കോടതിയുടെ ചരിത്രത്തിലൊരിടത്തും കാണാത്ത തരം നയങ്ങളാണെന്നും ഇതിനെതിരെ പ്രതികരിക്കാതിരുന്നാൽ ചരിത്രം നമ്മളോട് പൊറുക്കില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും, സീനിയർ അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജുമാരായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട കൊളീജിയം നിർദ്ദേശമാണ് സർക്കാർ നടപ്പാക്കാതെ വൈകിക്കുന്നത്. ഫെബ്രുവരിയിലാണ് ഈ ശുപാർശ കൊളീജിയം നൽകിയത്.

കൊളീജിയം ശുപാർശകൾക്ക് എന്തു സംഭവിച്ചെന്നതിനെപ്പറ്റി ഒന്നുമറിയാതെ കൊളീജിയം അംഗങ്ങള്‍ക്ക് മൂന്നുമാസത്തോളം ഇരുട്ടത്തിരിക്കേണ്ടി വരുന്ന അവസ്ഥ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് കുര്യൻ ജോസഫ് കത്തിൽ പറഞ്ഞു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് ഒരു ഏഴംഗ ബഞ്ചിനെ നിയമിക്കണമെന്ന് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. മുതിർന്ന ജഡ്ജിമാരുടെ ഈ ബഞ്ചിന് തുറന്ന കോടതിയിൽ വാദം കേൾക്കാനും സർക്കാരിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും കഴിയുമെന്ന് കുര്യൻ ജോസഫ് വിശദീകരിച്ചു. ഇതുവഴി ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിയമനത്തിനുള്ള വാറന്റ് പുറപ്പെടുവിക്കാനും ഇതിന്റെ ലംഘനത്തിന് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനും സുപ്രീംകോടതിക്ക് സാധിക്കും.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ ഞങ്ങള്‍ ഉന്നയിച്ച ആരോപണം ശരിയാണെന്നുവരും-ജസ്റ്റിസ് ചെലമേശ്വര്‍

സാധാരണമായ സമയത്തിനുള്ളിൽ പ്രസവം നടന്നില്ലെങ്കിൽ അടിയന്തിരമായി ശസ്ത്രക്രിയ നടന്നിരിക്കണം. ഇല്ലെങ്കിൽ കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ മരണപ്പെടും. സർക്കാരിന്റേത് അധികാര ദുർവ്വിനിയോഗമാണ്. ഇതിനെതിരെ ഒന്നും മിണ്ടാതിരിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് കോടതി നൽകുന്നത്. കോടതിയുടെ സ്വാതന്ത്ര്യത്തിന് ഇതൊരു ഭീഷണിയല്ലേയെന്ന ചോദ്യവും കുര്യൻ ജോസഫ് ഉന്നയിച്ചു. ജസ്റ്റിസ് കർണനുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ അന്തസ്സിനെയാണ് ബാധിച്ചതെങ്കിൽ ഇപ്പോഴത്തെ സംഭവങ്ങൾ അതിന്റെ ജീവനെയും നിലനിൽപ്പിനെയുമാണ് ബാധിക്കുന്നത്.

സുപ്രീംകോടതി കൊളീജിയത്തിലെ അഞ്ച് ജഡ്ജുമാരിലൊരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. (ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ കൊളീജിയത്തിൽ ജെ ചെലമേശ്വർ, ആർ ഗഗോയ്, എം ലോകൂർ എന്നിവരാണ് കുര്യൻ ജോസഫിനെ കൂടാതെയുള്ള ജഡ്ജിമാർ). സുപ്രീംകോടതിയിൽ അസാധാരണമായ ചിലത് നടക്കുന്നുവെന്നാരോപിച്ച് ജനുവരി 12ന് കോടതിനടപടികൾ നിറുത്തിവെച്ച് പുറത്തിറങ്ങി വാർത്താസമ്മേളനം വിളിച്ച നാല് കൊളീജിയം ജഡ്ജുമാരിലൊരില്‍ കുര്യന്‍ ജോസഫും ഉണ്ടായിരുന്നു. ഈ വരുന്ന നവംബർ മാസത്തിലാണ് ഇദ്ദേഹത്തിന്റെ റിട്ടയർമെന്റ്.

ജുഡീഷ്യറിയോട് ജനാധിപത്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയ ആ നാലുപേരെക്കുറിച്ച്‌

ഇന്ദു മൽഹോത്രയ്ക്ക് മാത്രം നിയമന ഉത്തരവ് നൽകി ജസ്റ്റിസ് കെഎം ജോസഫിനെ തടഞ്ഞുനിറുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനായി നിയമമന്ത്രാലയം നിയമോപദേശം തേടിയിരുന്നു. ഇത് സാധ്യമല്ലെന്ന മറുപടിയാണ് നിയമോപദേശകർ മന്ത്രാലയത്തിന് നൽകിയത്. കോളീജിയത്തിന്റെ ശുപാർശകൾ തിരിച്ചയയ്ക്കാൻ സർക്കാരിന് സാധിക്കുമെങ്കിലും കോളീജിയം നിലപാടിൽ ഉറച്ചു നിന്നാൽ നടപ്പാക്കുകയേ വഴിയുള്ളൂ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച ഈ കത്തിന്റെ പകർപ്പ് മറ്റ് 22 സുപ്രീംകോടതി ജഡ്ജുമാർക്കും കുര്യൻ ജോസഫ് അയച്ചു കൊടുത്തിട്ടുണ്ട്.

രാജ്യം തീരുമാനിക്കട്ടെ; സുപ്രീംകോടതിയില്‍ കലാപം, ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍