UPDATES

ചീഫ് ജസ്റ്റിസ്സിന്റെ സ്ഥാനാരോഹണ ചടങ്ങ്: ജസ്റ്റിസ് ലോകൂർ പാകിസ്താൻ സുപ്രീംകോടതിയിൽ ബഞ്ച് പങ്കിട്ടു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ജഡ്ജി പാകിസ്താൻ സൂപ്രീംകോടതിയുടെ ബഞ്ചിന്റെ ഭാഗമായി. ജസ്റ്റിസ് മദൻ ലോകൂർ (റിട്ട.) ആണ് കഴിഞ്ഞദിവസം പാക് സുപ്രീംകോടതിയിൽ ബഞ്ച് പങ്കിട്ടത്. ഇദ്ദേഹം മൂന്ന് കേസുകളിൽ വാദം കേൾക്കുകയും ചെയ്തു. ഏതാണ്ട് 45 മിനിറ്റു നേരത്തിനുള്ളിൽ മൂന്ന് കേസുകൾ ഈ ബഞ്ച് പരിഗണിച്ചു.

ചീഫ് ജസ്റ്റിസ്സായി ആസിഫ് സഈദ് ഖാൻ ഖോസ ചുമതലയേൽക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അത്യപൂർവ്വമായ ബഞ്ച് കേസ് പരിഗണിച്ചത്. പാകിസ്താന്റെ ഇരുപത്താറാമത് ചീഫ് ജസ്റ്റിസ്സായാണ് ഖോസ ഇന്നലെ ചുമതലയേറ്റത്.

ജസ്റ്റിസ് ലോകൂറിനെ കൂടാതെ, തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസിന്റെ സുപ്രീംകോർട്ട് പ്രസിഡണ്ടായ നാരിൻ ഫ്രെഡി സെഫിക്, നൈജീരിയയിലെ ബോർണോ സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസ് കാസിം സന്നാ, കോമൺവെൽത്ത് ജുഡീഷ്യൽ എഡുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക പ്രസിഡണ്ട് ഇ ഓക്സനർ എന്നിവരും ബഞ്ചിന്റെ ഭാഗമാകുകയുണ്ടായി. ഒരു കുറ്റം ചാർത്തലിനെതിരായ അപ്പീലും ഒരു ജാമ്യ ഹരജിയും ഒരു സിവിൽ കേസുമാണ് ഈ ബഞ്ച് പരിഗണിച്ചത്. മൂന്നാമത്തെ കേസ് ഇരു പാർട്ടികളും തമ്മിലുള്ള ഒത്തുതീർപ്പിൽ അവസാനിച്ചു.

ജസ്റ്റിസ് ലോകൂർ തന്റെ ഭാര്യ സവിത ലോകൂറുമൊത്താണ് സ്ഥാനാരോഹണച്ചടങ്ങിനെത്തിയത്. പാക് ചരിത്രത്തിലിതാദ്യമായാണ് സ്ഥാനാരോഹണച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ജഡ്ജിമാരെല്ലാം ഒരു ബഞ്ചിന്റെ ഭാഗമാകുന്നതും കേസുകൾ പരിഗണിക്കുന്നതും.

2004 മുതൽ ഖോസയും ലോകൂറും നല്ല സുഹൃത്തുക്കളാണ്. ഒരു മികച്ച ന്യായാധിപനും നല്ലൊരു മനുഷ്യനുമാണ് ഖോസയെന്ന് ലോകൂർ പറഞ്ഞു. അധികാരികളെ ചോദ്യം ചെയ്യുന്നതും വിവാദങ്ങളുണ്ടാക്കുന്നതും ഖോസയെ സംബന്ധിച്ചിടത്തോളം ഒരു പതിവാണ്. 2007ൽ ജസ്റ്റിസ് ഖോസയും മൂന്നംഗബഞ്ചിലെ അംഗങ്ങളും വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ടിരുന്നു. പര്‍വേസ് മുഷാറഫിന്റെ ഭരണകാലത്തായിരുന്നു ഇത്. ഭരണഘടനയെ അട്ടിമറിച്ചതിന് മുഷാറഫിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണമായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍