UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതിയില്‍ എത്തുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട്?

അതേസമയം കൊളീജിയം നിര്‍ദ്ദേശിച്ച പേരുകളില്‍ ഒരാളെ മാത്രം നിയമിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറയുന്നത്. രണ്ട് പേരുടേയും നിയമനം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ഇന്ദു മല്‍ഹോത്രയുടെ നിയമനവും നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട നൂറോളം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിക്കാതെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ മുതിര്‍ന്ന അഭിഭാഷകയായ, ആദ്യമായി ജഡ്ജിയാകാന്‍ പോകുന്ന ഇന്ദു മല്‍ഹോത്രയുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അംഗീകരിച്ചു. എന്നാല്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തിന് അംഗീകാരം നല്‍കാതെ മാറ്റി വച്ചു. ജസ്റ്റിസ് ജോസഫിന്‍റെ കാര്യത്തില്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിയമനത്തിനുള്ള ശുപാര്‍ശ പുനപരിധോശിക്കണം എന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ജഡ്ജിമാരില്‍ സീനിയോറിറ്റിയില്‍ 42ാം സ്ഥാനക്കാരനാണ് ജസ്റ്റിസ് കെഎം ജോസഫ് എന്നും ജോസഫിനേക്കാള്‍ സീനിയോറിറ്റിയുള്ള മറ്റ് 11 ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നുമാണ് നിയമനത്തിനുള്ള ശുപാര്‍ശ പുനപരിശോധിക്കണം എന്ന് ആവശ്യത്തിന് ന്യായീകരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ വിധിക്കെതിരായ വിദ്വേഷമാണ് ജസ്റ്റിസ് കെഎം ജോസഫിനെതിരെ മോദി സര്‍ക്കാര്‍ കാട്ടുന്നത് എന്നാണ് വിമര്‍ശനം. ഉത്തരാഖണ്ഡ് വിധിക്ക് ഒരു മാസത്തിന് ശേഷം ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതിയിലേയ്ക്ക് കെഎം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം അനുവദിക്കാതെ ഹരീഷ് റാവത്തിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലനിര്‍ത്തിയ വിധിക്ക് പക വീട്ടുകയാണ് ബിജെപി എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും അഭിഭാഷകനുമായ പി ചിദംബരം പറഞ്ഞത്. മോദി സര്‍ക്കാര്‍ നിയമത്തിനും മുകളിലാണോ എന്ന് പി ചിദംബരം ട്വീറ്റില്‍ ചോദിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമ മന്ത്രിയുമായ കപില്‍ സിബലും ജസ്റ്റിസ് ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

അതേസമയം കൊളീജിയം നിര്‍ദ്ദേശിച്ച രണ്ട് പേരുകളില്‍ ഒരാളെ മാത്രം നിയമിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറയുന്നത്. രണ്ട് പേരുടേയും നിയമനം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ഇന്ദു മല്‍ഹോത്രയുടെ നിയമനവും നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട നൂറോളം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു.

ജനുവരി പത്തിനാണ് ജഡ്ജിമാരുടെ നിയമനം ശുപാര്‍ശ ചെയ്യുന്നതിനുള്ള അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്നതും ചീഫ് ജസ്റ്റീസ് അധ്യക്ഷനുമായ കൊലീജിയം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയ കെ എം ജോസഫിന്റെയും പേരുകള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. ജസ്റ്റീസ് ദീപക് മിശ്രയ്ക്കു പുറമെ മുതിര്‍ന്ന ജഡ്ജിമാാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊലീജയമാണ് കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്ന പ്രതികൂല നിലപാട് സുപ്രീം കോടതിയില്‍ വീണ്ടും അസ്വാസ്ഥ്യങ്ങള്‍ ഉയരുന്നതിന് ഇടയാക്കും. സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടാന്‍ രാജ്യത്ത് ഏറ്റവും യോഗ്യതയും കഴിവുമുള്ള ജഡ്ജിമാരില്‍ ഒരാളാണ് കെഎം ജോസഫ് എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നമ്മുടെ ജുഡീഷ്യല്‍ പ്രതിസന്ധിയുടെ ഉദാഹരണമായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം മാറുന്നതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍