UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: അമിത് ഷായ്ക്ക് മുന്നില്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും മുട്ട് വിറയ്ക്കുന്നോ?

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അധികാരകേന്ദ്രമായി അറിയപ്പെടുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പ്രതികരിക്കുന്നത് മാധ്യമങ്ങളെ പേടിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ മൗനം തുറന്നുകാട്ടപ്പെടേണ്ടിയിരിക്കുന്നു.

സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയ വിസ്‌ഫോടനത്തിന് കാരണമായ സംശയങ്ങളാണ് ഉന്നയിച്ചതെങ്കിലും, ദേശീയ മാധ്യമങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഭീതിജനകമായ മൗനമാണ് പാലിക്കുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രധാന പ്രതിയായ കേസില്‍ ഇത്രയും വിവരങ്ങള്‍ കാരവന്‍ മാസിക പുറത്തുവിട്ടിട്ടും അത് ഏറ്റെടുക്കാനോ അതിനോട് പ്രതികരിക്കാനോ ദേശീയ മാധ്യമങ്ങളോ പ്രതിപക്ഷ പാര്‍ട്ടികളോ തയ്യാറായിട്ടില്ല എന്നത് തികച്ചും ദുരൂഹമാണെന്ന് സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ രോഹന്‍ വെങ്കട്ടരാമകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

സൊറാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് ലോയ നാഗ്പൂരില്‍ വച്ച് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ലോയയുടെ കുടുംബം ഉന്നയിച്ച സംശയങ്ങളാണ് കാര്‍വന്‍ മാസികയിലൂടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലെ പുറത്തുവിട്ടത്. ലോയയുടെ കുടുംബാംഗങ്ങളെ അറിയിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതും മരണത്തെ കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞ വിവരങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും കുടുംബം തെളിവു സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ അമിത് ഷായ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുന്നതിന് മഹാരാഷ്ട്ര ഹൈക്കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് മോഹിത് ഷാ നൂറുകോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സ്‌ഫോടനാത്മകമായ വിവരവും അവര്‍ പുറത്തുവിട്ടിരുന്നു. മരണ സമയത്തെ ലോയയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസല്ല തങ്ങള്‍ക്ക് കൈമാറിയതെന്നും ഒരു പ്രാദേശിക ആര്‍എസ്എസ് നേതാവാണ് എന്നതിലെ ദുരൂഹതയും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ലോയയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ

സാധാരണമായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ വാദകോലാഹലങ്ങള്‍ക്ക് കാരണമാകേണ്ട വെളിപ്പെടുത്തലുകളാണിവ. കൂടുതല്‍ മാധ്യമ, വസ്തുതാന്വേഷണങ്ങള്‍ നടക്കേണ്ട കേസുമാണിത്. എന്നാല്‍ രാജ്യത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തികച്ചും ദുരൂഹമായ മൗനമാണ് പുലര്‍ത്തുന്നത്. അനുകൂല വിധിയുണ്ടാവുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ തന്നെ ദുരുപയോഗം ചെയ്തു എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും ആരും പ്രതികരിക്കുന്നില്ല എന്നത് തികച്ചും ഭയാനകമായ ഒരു അവസ്ഥ തന്നെയാണ് സൃഷ്ടിക്കുന്നത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പുകളെ നേരിടുന്നതിനാലാവാം മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പോലും വിഷയം ഏറ്റെടുക്കാന്‍ മടിക്കുന്നു. എന്നാല്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ പോലും ഇതുവരെ ഈ വിഷയം ഏറ്റെടുത്തിട്ടില്ല എന്നത് വിശദീകരിക്കാനാവാത്ത സമസ്യയായി തുടരുന്നു.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അധികാരകേന്ദ്രമായി അറിയപ്പെടുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പ്രതികരിക്കുന്നത് മാധ്യമങ്ങളെ പേടിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ മൗനം തുറന്നുകാട്ടപ്പെടേണ്ടിയിരിക്കുന്നു. തങ്ങളുടെ ഔദ്യോഗിക ആഖ്യാനങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിച്ചാല്‍ മതിയെന്ന ബിജെപി-ആര്‍എസ്എസ് ശാഠ്യത്തിന് മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും അരുനില്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് ഒട്ടും ഭൂഷണമല്ല.

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍