UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പുകഴ്ത്തേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാം’, തരൂരിന്റെ മോദി സ്തുതിക്കെതിരെ കോണ്‍ഗ്രസില്‍ അടിമുറുകുന്നു, ചെന്നിത്തലയ്ക്ക് പിന്നാലെ മുരളീധരനും

“മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ?”

നരേന്ദ്ര മോദിക്ക് അനുകൂലമായ പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ. മോദിയെ സ്തുതിക്കാനോ അദ്ദേഹത്തിന്റെ തെറ്റുകൾ മൂടി വെക്കാനോ കോൺഗ്രസ്സുകാർക്ക് സാധിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം എംപി ശശി തരൂർ, അഭിഷേക് സിംഘ്‌വി, ജയ്റാം രമേശ് എന്നീ നേതാക്കളാണ് മോദി നല്ലത് ചെയ്യുമ്പോൾ അംഗീകരിക്കണമെന്ന് പ്രസ്താവിച്ചത്. പ്രധാൻമന്ത്രി ഉജ്ജ്വല്‍ യോജന, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികൾ ജനങ്ങളെ ആകർഷിച്ചിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെ മോദിയെ അധിക്ഷേപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ജയ്റാം രമേശിന്റെ പ്രസ്താവന. മോദി നല്ലത് ചെയ്യുമ്പോൾ അംഗീകരിച്ചാൽ മാത്രമേ മോശം കാര്യങ്ങളെ വിമർശിക്കുമ്പോൾ വില കിട്ടൂ എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. സിംഘ്‌വിയും തരൂരും ജയ്റാം രമേശിനെ പിന്തുണയ്ക്കുകയായിരുന്നു. അതെസമയം ഇതൊന്നും കോൺഗ്രസ്സിന്റെ അഭിപ്രായമല്ലെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വീണുകിടക്കുമ്പോൾ മോദിയുടെ ഏത് നല്ല വശത്തെയാണ് പ്രകീർത്തിക്കേണ്ടതെന്നും ചോദിച്ച് കോൺഗ്രസ് വക്താവ് രംഗത്തെത്തിയിരുന്നു.

കോൺ‌ഗ്രസ് ആരുടെയും കുടുംബ സ്വത്തല്ലെന്നും പാർ‌ട്ടി നേതൃത്വത്തെ അംഗീകരിക്കാത്തവർക്ക് പുറത്തു പോകാമെന്നും മുരളീധരൻ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയെ എതിർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്ന് തരൂർ പറഞ്ഞിരുന്നു. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ? ആ കക്കൂസുകളിൽ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്തിരുന്ന് ഇത്തരം പ്രസ്താവനകൾ നടത്താൻ തരൂരിനെ ആരും അനുവദിക്കില്ല. കേസ് ഭയന്നിട്ടാണ് മോദി സ്തൂതിയെങ്കിൽ കോടതിയിൽ നേരിടണം. അടിയന്തിരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന വിലക്കാണ് രാഹുൽ ഗാന്ധി കശ്മീരിൽ നേരിട്ടതെന്നും കെ കരുണാകരന്റെ മകൻ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യത്തെ ഹീനമായി കശാപ്പ് ചെയ്തു കഴിഞ്ഞതായും മുരളീധരൻ പറഞ്ഞു. പി ചിദംബരത്തെ മതിൽ ചാടിക്കടന്നാണ് അറസ്റ്റ് ചെയ്തത്. മോദി വിരുദ്ധ നിലപാട് സ്വീകരിച്ചാണ് കേരളത്തിലെ 19 എംപിമാരും വോട്ട് വാങ്ങി ജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More- ‘പുകഴ്ത്തേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാം’, തരൂരിന്റെ മോദി സ്തുതിക്കെതിരെ കോണ്‍ഗ്രസില്‍ അടിമുറുകുന്നു, ചെന്നിത്തലയ്ക്ക് പിന്നാലെ മുരളീധരനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍