UPDATES

ട്രെന്‍ഡിങ്ങ്

കൈരാന അരക്കിട്ടുറപ്പിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത; മോദിയുടെ ‘ഫിറ്റ്‌നസ് ചാലഞ്ച്’ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു

ഇന്ത്യയുടെ വിവിധ മേഖലകളില്‍ – യുപിയിലും ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനത്തും കര്‍ണാടകയിലും കേരളത്തിലുമെല്ലാം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റിരിക്കുന്നു. ഇന്ന് വളരെ വ്യക്തമായ സന്ദേശമാണ്.

“കൈരാന ബിജെപിയെ കുഴിച്ചുമൂടാന്‍ പോവുകയാണ്” എന്നാണ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം പ്രതിപക്ഷ കൂട്ടായ്മയുടെ പൊതുസ്ഥാനാര്‍ഥി ആയ തബ്സൂം ഹസന്‍ പറഞ്ഞത്. ഈ ആത്മവിശ്വാസത്തെ വില കുറച്ച് കാണാന്‍ കഴിയില്ല. ജീവിക്കുക, ജീവിക്കാന്‍ എല്ലാവരെയും അനുവദിക്കുക എന്നതാണ് ഞങ്ങളുടെ നയം. ഞങ്ങള്‍ എല്ലാവരെയും കാണുന്നു, അവര്‍ക്കൊപ്പം ഇരിക്കുന്നു. അവരോട് സംസാരിക്കുന്നു. അത് ഞങ്ങള്‍ ചെയ്തുകൊണ്ടേ ഇരിക്കും – തബ്സും പറഞ്ഞു. രാജ്യത്ത് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയം കൈരാനയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയിരുന്ന കൈരാന പ്രതിപക്ഷം പിടിച്ചെടുത്തിരിക്കുന്നു. സിറ്റിംഗ് എംപി ഹുകും സിംഗിന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ മകള്‍ മൃഗാംഗ സിംഗിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രതിപക്ഷമാണെങ്കില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഒറ്റക്കെട്ടായി നിന്നു. രാഷ്ട്രീയ ലോക് ദളിന്റെ ബീഗം തബ്‌സൂം ഹസന്‍ ബിജെപിയുടെ മൃഗാംഗ സിംഗിനെ 55,000ല്‍ പരം വോട്ടിന് പരാജയപ്പെടുത്തിയിരിക്കുന്നു.

ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മാതൃകയിലുള്ള പ്രതിപക്ഷ ഐക്യം യുപിയിലും രാജ്യത്താകെയും ബിജെപിയ്ക്ക് ഭീഷണിയായി ഉയര്‍ന്നുവന്നുകഴിഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജനത ദള്‍ സഖ്യം ദക്ഷിണേന്ത്യയിലെ ബിജെപിയുടെ അധികാര മോഹങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിച്ചിരിക്കുകയാണ്. കൈരാന ഉപതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അത് ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം എന്ന ആവശ്യത്തെ ശരി വയ്ക്കുന്നു എന്നതാണ്. 2009ല്‍ ബി എസ് പി സ്ഥാനാര്‍ഥിയായി തബ്സും, ഹുകും സിംഗിനെ പരാജയപ്പെടുത്തിയിരുന്നു എന്ന പ്രത്യേകതയുണ്ട്. 2014ല്‍ ശക്തമായ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയാണ് ഹുകും മണ്ഡലം പിടിച്ചത്. മുസ്ലീങ്ങളുടെ അക്രമണങ്ങളെ തുടർന്ന് ഹിന്ദുക്കൾ പലായനം ചെയ്യുന്നുവെന്നായിരുന്നു സിങ്ങിന്റെ വിവാദ പ്രസ്താവന.

2013 സെപ്റ്റംബറിലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപവും വന്‍ തോതിലുള്ള വര്‍ഗീയ ധ്രുവീകരണവും 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റ് നേടിയുള്ള ബിജെപിയുടെ വന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ജാട്ടുകളെ മുസ്ലീങ്ങള്‍ക്കെതിരായി തിരിച്ചുവിട്ട ബിജെപിയുടെ തന്ത്രവും അന്ന് വിജയിച്ചു. അതിന് വില നല്‍കേണ്ടി വന്ന പാര്‍ട്ടി കൂടിയാണ് ജാട്ട് വോട്ട് ബാങ്കിന്റെ പ്രധാന അവകാശിയായിരുന്ന രാഷ്ട്രീയ ലോക് ദള്‍. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ മകന്‍ അജിത് സിംഗിന്റെ പാര്‍ട്ടി. മുസ്ലീങ്ങള്‍ക്കെതിരായി ജാട്ടുകളുടെ സാമുദായിക അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാതിരുന്ന ആര്‍എല്‍ഡിയെ ജാട്ടുകള്‍ കയ്യൊഴിഞ്ഞു. ജാട്ടുകളുടെ പാര്‍ട്ടിയായ ആര്‍എല്‍ഡിക്ക് മുസ്ലീങ്ങളുടെ വലിയ തോതിലുള്ള പിന്തുണയുണ്ടായിരുന്നു. ഏതായാലും അവര്‍ ബിജെപി പാളയത്തിലേയ്ക്ക് ചേക്കേറി. പശ്ചിമ യുപിയെ ബിജെപി അങ്ങ് ഏറ്റെടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്ഥിരം ആക്രമണോത്സുക ശൈലില്‍ കൈരാനയിലുമെത്തിയിരുന്നു. ഇക്കുറി ദലിത് വോട്ടുകള്‍ കിട്ടുമോ എന്നാണ് മോദി നോക്കിയത്. ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ദുരുപയോഗവും അധികാര ദുര്‍വിനിയോഗവും വ്യാപകമായി നടന്നു. 90 ശതമാനവും പണി പൂര്‍ത്തിയാകാത്ത ഡല്‍ഹി – മീററ്റ് എക്‌സ്പ്രസ് വേയുടെ – 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ 8.36 കിലോമീറ്റര്‍ ഭാഗമാണ് മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ഇത്തരത്തില്‍ ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ ചാണ്ടി സ്‌റ്റൈലില്‍ മോദി കഴിഞ്ഞ ദിവസം യുപിയുടെ പരിസര പ്രദേശങ്ങളില്‍ മെഗാ റോഡ്‌ ഷോ നടത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഹൈവേയുടെ പണി കഴിച്ച തന്റെ സര്‍ക്കാരിന്‍റെ ‘മാജിക്കി’നെ അദ്ദേഹം തന്നെ പുകഴ്ത്തുകയും ചെയ്തു. പക്ഷെ മോദിയുടെ ഷോയൊന്നും കൈരാനയില്‍ ഏറ്റില്ല എന്ന് വേണം മനസിലാക്കാന്‍. ഇത് കൈരാനയ്ക്ക് മാത്രമല്ല ഇന്ത്യക്ക് മൊത്തത്തില്‍ തന്നെ ബാധകമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ 2019ല്‍ ബിജെപിയും മോദിയും അധികാരത്തിന് പുറത്തിരിക്കും എന്ന വ്യക്തമായ സൂചന ഇത് നല്‍കുന്നു. 2017ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ ‘പൂഞ്ചി’നേക്കാള്‍ (വാല്) നല്ലത് ആര്‍എല്‍ഡിയുടെ ‘മൂഞ്ച്’ (അഭിമാനം) ആണ് എന്ന് അജിത് സിംഗിന്റെ മകനും ആര്‍എല്‍ഡി നേതാവുമായ ജയന്ത് ചൗധരി ജാട്ടുകളോട് പറഞ്ഞു. എന്നാല്‍ ജാട്ടുകള്‍ കുലുങ്ങിയില്ല. 2014ലെ പോലെ ബിജെപിക്കൊപ്പം നിന്നു.

കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാര പങ്കാളിത്തമില്ലാത്ത, ലോക് സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തോറ്റ ആര്‍എല്‍ഡി നിലനില്‍പ്പിന്റെ പ്രശ്‌നം നേരിട്ടു. ആര്‍എല്‍ഡിയെ പിന്തുണച്ചിരുന്ന മുസ്ലീങ്ങള്‍ എസ് പിയിലേയ്‌ക്കോ ബി എസ് പിയിലേയ്‌ക്കോ പോയി. ഇങ്ങനെയൊരു സാഹചര്യമുള്ളപ്പോളാണ് ഗോരഖ്പൂരിലും ഫൂല്‍പൂരിലും സമാജ് വാദി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയ മായാവതിയുടെ ബി എസ് പി അവരെ പിന്തുണക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഒഴിഞ്ഞ രണ്ട് ലോക്‌സഭ സീറ്റുകളില്‍ – ഗോരഖ്പൂരിലും ഫൂല്‍പൂരിലും ബിജെപിയെ എസ് പി തോല്‍പ്പിച്ചു. ബദ്ധവൈരികളുടെ ബിജെപി വിരുദ്ധ ഐക്യം ഇന്ത്യയുടെ രാഷ്ട്രീയ ദിശയെ സംബന്ധിച്ച് പുതിയ സാധ്യത തുറന്നിട്ടു. ഇതാണ് ആര്‍എല്‍ഡിക്കും ഊര്‍ജ്ജം നല്‍കിയത്. മുസഫര്‍ നഗര്‍ കലാപം വഴി അങ്ങയറ്റത്തെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സംഘപരിവാര്‍ ആധിപത്യം സ്ഥാപിച്ച ഒരിടത്ത് ഒരു മുസ്ലീം സ്ത്രീ മത്സരിച്ച് ജയിച്ചിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ‘ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥിയെ പോലും ഞങ്ങള്‍ മത്സരിപ്പിക്കുന്നില്ല’ എന്നതായിരുന്നു യുപിയില്‍ ബിജെപിയുടെ വര്‍ഗീയമായ അഹന്ത. തബ്‌സൂം ഹസന്‍ യഥാര്‍ത്ഥത്തില്‍ സമാജ് വാദി പാര്‍ട്ടിക്കാരി ആണ്. എന്നാല്‍ ജനവിധി തേടിയത് ആര്‍എല്‍ഡി ടിക്കറ്റില്‍. എസ് പിയും ബി എസ് പിയും കോണ്‍ഗ്രസും പിന്തുണച്ചു.

തബ്സൂം ഹസന്‍ നന്മക്കെതിരെ നില്‍ക്കുന്ന ‘ശൂര്‍പണഖ’യാണ് എന്നൊക്കെയുള്ള അധിക്ഷേപ, വര്‍ഗീയ പ്രചാരണങ്ങളാണ് മൃഗങ്കയും ബിജെപിയും നടത്തിയത്. എന്നാല്‍ തബ്‌സൂം അതിനെ നേരിട്ടത് ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ സന്ദേശം കൊണ്ടും. കൈരാനയിലെ 17 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ മൂന്നു ലക്ഷം മുസ്ലീങ്ങളാണ്. മുസ്ലീം വിരുദ്ധ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി ആധിപത്യം സ്ഥാപിച്ച സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ ഒരു മുസ്ലീം സ്ത്രീയെ തന്നെ മത്സരിപ്പിക്കുക എന്ന ആര്‍എല്‍ഡിയുടെയും പ്രതിപക്ഷ ഐക്യത്തിന്‍റെയും തീരുമാനം രാഷ്ട്രീയമായി വളരെയധികം ഔന്നത്യം പുലര്‍ത്തുന്നു. പ്രചാരണത്തില്‍ ജയന്ത് ചൗധരിയുടെ പങ്ക് പ്രധാനമാണ്. മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഹിന്ദു-മുസ്ലീം ധ്രുവീകരണ അജണ്ടയുമായി ബിജെപി നേട്ടമുണ്ടാക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ഈ അവസ്ഥയെ ചെറുത്തുതോല്‍പ്പിക്കാന്‍ സമയമായി എന്നാണ് ജയന്ത് ചൗധരി നേരത്തെ പ്രതികരിച്ചത്. കര്‍ഷക ആത്മഹത്യ നടന്ന, കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ മേഖലയില്‍ ആര്‍എല്‍ഡി ഇത് പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നു.

അതേസമയം വര്‍ഗീയ ധ്രുവീകരണ പ്രശ്‌നം അതിരൂക്ഷമായി തന്നെ തുടരുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തബ്‌സൂമിനെ ജാട്ട് ഭൂരിപക്ഷ മേഖലകളിലേയ്ക്ക് പ്രചാരണത്തിനായി ആര്‍എല്‍ഡി കൊണ്ടുവന്നിരുന്നില്ല എന്നാണ് പറയുന്നത്. ബിജെപി നമ്മള്‍ ജാട്ടുകളെ വഞ്ചിച്ചതിനാല്‍ ആര്‍എല്‍ഡിക്ക് വോട്ട് ചെയ്യണം എന്നതായിരുന്നു പ്രധാന ആഹ്വാനം. മായാവതിയുടെ സ്വാധീനത്തില്‍ ദലിത് വോട്ടുകള്‍ വലിയ തോതില്‍ തബ്‌സൂമിന് കിട്ടി. ഗുജ്ജാറുകളും ജാട്ട് ഇതര ഒബിസി വിഭാഗക്കാരുമാണ് കാര്യമായി ബിജെപിയെ പിന്തുണച്ചത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ജാട്ടുകളും മുസ്ലീങ്ങളും ഒരേ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നു എന്നാല്‍ ഇവിടെ വര്‍ഗീയ ധ്രുവീകരണത്തെ അതിജീവിക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് കഴിഞ്ഞിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

ബിജെപിയുടെ എതിര്‍കക്ഷികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍, തിരഞ്ഞെടുപ്പ് ദിവസം രാവിലെ 175 ഓളം ഇവിഎമ്മുകള്‍ പെട്ടെന്ന് കേടായതും ഇവിടെയാണ്. വോട്ടിംഗ് മെഷീൻ റെഡി ആക്കുന്നവർ തന്നെ അബദ്ധത്തിലെന്നോണം തെറ്റായ രീതിയിൽ പ്രവർത്തിപ്പിക്കാൻ ശ്രമിച്ച കേടാക്കുന്നു. പകരം വോട്ടിംഗ് മെഷീനുകളുടെ ചുമതലയുള്ള സെക്ടർ ഓഫീസർ, സോണൽ ഗവർണർ തുടങ്ങിയവരെ താൻ വിളിച്ചപ്പോൾ ഒരാൾ ഫോൺ സ്വിച് ഓഫ്, ഒരാൾ ഫോൺ എടുക്കുന്നില്ല എന്നതായിരുന്നു അവസ്ഥയെന്ന് എസ് പി, ബി എസ് പി, ആര്‍ എല്‍ ഡി നേതാക്കള്‍ ആരോപിച്ചിരുന്നു. നോമ്പ് സമയമായത് കൊണ്ടും 45 ഡിഗ്രിക്ക് മുകളില്‍ ചൂട് ഉണ്ടായിരുന്നത് കൊണ്ടും മുസ്‌ലീങ്ങൾ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. എന്നാൽ മെഷീനുകൾ കേടായതോടെ പലരും തളർന്നു, വെയിൽ കനത്തതോടെ പലരും പോളിംഗ് ബുത്തുകളിലേക്ക് എത്താൻ മടിച്ചു. ഉച്ചയായതോടെ പുതിയ മെഷീനുകൾ എത്തി, വോട്ടിംഗ് തുടങ്ങി. ആ നേതാക്കൾ തന്നെ ചൂണ്ടിക്കാണിച്ചത് അനുസരിച്ചു ഒരു വിഭാഗം വോട്ടർമാരെ മനപൂർവം ബൂത്തുകളിൽ അകറ്റി നിർത്താൻ കരുതിക്കൂട്ടി നടത്തിയ ഒരു നടപടിയായിരുന്നു ഈ മെഷീൻ കേടാകൽ എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. തബസും ഹസന്റെ ബന്ധുക്കളില്‍ ഒരാള്‍ തന്നെ വിമത സ്ഥാനാര്‍ഥി ആയി ലോക് ദള്‍ ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നിട്ടും വോട്ടുകള്‍ ഭിന്നിച്ചു പോവാതെ പ്രതിപക്ഷ ഐക്യം വിജയിച്ചിരിക്കുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗത്തിലും ബിജെപി തോറ്റിരിക്കുന്നു. ജയിച്ചതാകട്ടെ സിറ്റിംഗ് സീറ്റുകളില്‍ മാത്രം. മറുഭാഗത്ത് ബിജെപിയുടേയും സഖ്യകക്ഷികളുടേയും സിറ്റിംഗ് സീറ്റുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. രാജസ്ഥാനിലും യുപിയിലും മധ്യപ്രദേശിലും എല്ലാം ഇത് സംഭവിക്കുന്നു. ലോക്‌സഭയില്‍ ബിജെപിയുടെ ഒറ്റയ്ക്കുള്ള അംഗബലം, കേവല ഭൂരിപക്ഷത്തിന് വേണ്ട 272 ആയി ചുരുങ്ങിയിട്ടുണ്ട്. 2014ലെ 282ല്‍ നിന്നാണ് ഇത്. രണ്ട് ബിജെപി എംപിമാര്‍ പാര്‍ട്ടിക്ക് അനഭിമതരാണ്. ശിവസേനയാണെങ്കില്‍ ബിജെപിയേയും മോദിയേയും വീഴ്ത്താന്‍ അവസരം നോക്കി നില്‍ക്കുന്നു.

ഏതായാലും ഒറ്റയ്ക്ക് നിന്നുള്ള സ്വന്തമായ ശക്തിപ്രകടനത്തില്‍ തല്‍ക്കാലം കാര്യമില്ലെന്ന് കോണ്‍ഗ്രസും ബി എസ് പിയും എസ് പിയും ആര്‍ എല്‍ ഡിയും ജെഡിഎസും ടിഡിപിയുമെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. മായാവതി വളരെ തന്ത്രപരമായാണ് ഈടയുത്ത് നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കെട്ടി വച്ച കാശ് പോയ കോണ്‍ഗ്രസും ബുദ്ധിപരമായി നീങ്ങുന്നു. ഇന്ത്യയുടെ വിവിധ മേഖലകളില്‍ – യുപിയിലും മഹാരാഷ്ട്രയിലും ബിഹാറിലും പഞ്ചാബിലും കര്‍ണാടകയിലും കേരളത്തിലുമെല്ലാം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യ കക്ഷികളും തോറ്റിരിക്കുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയ ഭണ്ടാര ഗോണ്ടിയില്‍ എന്‍സിപിയാണ് ബിജെപിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്. യുപിയിലെ നൂര്‍പൂര്‍ നിയമസഭ സീറ്റ് ബിജെപിയില്‍ നിന്ന് എസ് പി പിടിച്ചെടുത്തിരിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷികള്‍ ആയ ശിരോമണി അകാലി ദളിനും (പഞ്ചാബ്) ജെഡിയുവിനും (ബിഹാര്‍) നിയമസഭയിലെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. എതിര്‍ പാര്‍ട്ടികളുടെ ഒരൊറ്റ സിറ്റിംഗ് സീറ്റ് പോലും പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. കേരളത്തില്‍ ബിജെപിക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ചെങ്ങന്നൂരില്‍ അവര്‍ക്ക് ഇത്തവണ മൂന്നാം സ്ഥാനത്തില്‍ നിന്ന് ഉയരാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, 7000ല്‍ പരം വോട്ട് കുറഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് വളരെ വ്യക്തമായ സന്ദേശമാണ്. വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് ഇന്ത്യക്കാരെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിരിക്കുന്ന ഫിറ്റ്‌നസ് ചാലഞ്ച് ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. കരുത്ത് തെളിയിക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ആക്രമണം തടുക്കാന്‍ 56 ഇഞ്ച്‌ മതിയാവില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍