UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയത് അനന്തമൂര്‍ത്തിയുടെ പുസ്തകത്തിലെ വാക്കുകള്‍ പ്രസംഗിച്ചതിനെന്ന് പൊലീസ്

2015 ആഗസ്ത് 30നാണ്, ഹംപി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെ ദാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ എത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

ജ്ഞാനപീഠം ജേതാവ് യു ആര്‍ അനന്തമൂർത്തിയുടെ വാക്കുകൾ ഉദ്ധരിച്ച് പ്രസംഗിച്ചതാണ് കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയും യുക്തിവാദിയുമായിരുന്ന ഡോ. എംഎം കൽ‌ബുർഗിയുടെ കൊലപാതകത്തിന് കാരണമെന്ന്  പോലീസ്. കൊലപാതകം നടന്ന് നാല് വര്‍ഷത്തിന് ശേഷം ആറ് പ്രതികൾക്കെതിരെ ദാർവാദ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് 2014 ജൂൺ 9 ന് ബംഗളൂരുവിൽ നടന്ന മന്ത്രവാദത്തിനെതിരായ കോൺഫറൻസിൽ കൽബുർഗി പങ്കെടുത്തിരുന്നു. ഇതിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ കൽബുർഗി ഉദ്ധരിച്ചത് സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമായ ജ്ഞാനപീഠ ജേതാവ് യു ആർ അനന്തമുർത്തിയുടെ നിരീക്ഷണങ്ങളായിരുന്നു. ഈ പ്രസംഗത്തിന്റെ പേരിലാണ് കേസിലെ പ്രതികൾ കൽബുർഗിയെ ലക്ഷ്യമിട്ടത്.

കൽബുർഗി തിന്മ നിറഞ്ഞ വ്യക്തിയെന്ന് വിലയിരുത്തുകയായിരുന്നു. ഇതേ വിലയിരുത്തൽ സനാതൻ സൻസ്ഥ പ്രസിദ്ധീകരിച്ച ക്ഷത്ര ധർമ സാധന എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. ഇതിന് പിന്നാലെയാണ് ഡോ. എം. കൽ‌ബർ‌ഗിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനകളുമായി പ്രതികള്‍ ഒത്തുചേർന്നതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

2015 ആഗസ്ത് 30നാണ്, ഹംപി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെ ദാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ എത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മുന്നുപേര്‍ തർക്കങ്ങൾക്ക്ശേഷം അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Also Read- പള്ളിയിലെ പോസ്റ്റ്‌മോര്‍ട്ടം: പോത്തുകല്ലുകാര്‍ക്ക് ഇത് പുതുമയല്ല, പ്രഭാകരന്റെ മൃതദേഹം കിടത്താന്‍ മയ്യത്ത് കട്ടില്‍ നല്‍കിയതുള്‍പ്പെടെ കഥ പലതുണ്ട് പറയാന്‍, അമുസ്ലീങ്ങളുടെ കൂടി പള്ളിയെന്ന് ഭാരവാഹികള്‍

കേസിൽ ശനിയാഴ്ചയാണ് കൽബുർഗി വധം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അമോല്‍ കലെ, ഗണേഷ് മിസ്കിന്‍, പ്രവീണ്‍ പ്രകാശ് ചറ്റുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലാസ്കര്‍, അമിത് ബഡ്ഡി എന്നിവര്‍ക്കെതിരയാണ് കുറ്റപത്രം. എന്നാൽ പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പേരില്ലാത്ത സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഗൗരി ലങ്കേഷ് വധക്കേസിലും ഈ ആറ് പേരും പ്രതികളാണ്. ഈ കേസിലെ കുറ്റപത്രത്തില്‍ ഇവരെ സനാതന്‍ സന്‍സ്ഥയെന്ന തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണെന്നാണ് വ്യക്തമാക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍