UPDATES

ട്രെന്‍ഡിങ്ങ്

ഗോഡ്‌സെ ഹിന്ദു ഭീകരവാദി തന്നെ, എല്ലാ മതങ്ങളിലും ഭീകരവാദികളുണ്ട്: കമല്‍ ഹാസന്‍

എല്ലാ മതങ്ങളിലും തീവ്രവാദികളുമുണ്ടെന്നും, ഞങ്ങള്‍ പരിപൂര്‍ണ പരിശുദ്ധരാണ് എന്ന് ഒരു മതത്തിനും അവകാശപ്പെടാന്‍ കഴിയില്ല എന്നും കമല്‍ഹാസന്‍ പറഞ്ഞു.

നാഥുറാം ഗോഡ്‌സെ ഹിന്ദു ഭീകരവാദി എന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഗോഡ്‌സെ ഹിന്ദു ഭീകരവാദി തന്നെയാണ്. എല്ലാ മതങ്ങളിലും തീവ്രവാദികളുമുണ്ടെന്നും, ഞങ്ങള്‍ പരിപൂര്‍ണ പരിശുദ്ധരാണ് എന്ന് ഒരു മതത്തിനും അവകാശപ്പെടാന്‍ കഴിയില്ല എന്നും കമല്‍ഹാസന്‍ എന്‍ഡിടിവിയോട് പറഞ്ഞു. എന്നെ ഈ ഭീഷണികളും ചെരിപ്പേറുമൊന്നും ഭയപ്പെടുത്തുന്നില്ല. എല്ലാ സമുദായങ്ങളും സാഹോദര്യത്തോടെ വര്‍ത്തിക്കേണ്ടതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത് – കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ അരുവാക്കുറിച്ചിയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതൊരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടല്ല ഞാനിത് പറയുന്നത്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ. അവിടെ നിന്നാണ് ഭീകരപ്രവര്‍ത്തനം തുടങ്ങിയത് – എന്നാല്‍ കമല്‍ഹാസന്‍ പറഞ്ഞത്.

കമല്‍ ഹാസന്‍ തീ കൊണ്ട് കളിക്കുകയാണെന്നും സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ ആരോപിച്ചത്. കമല്‍ഹാസന്റെ നാക്ക് മുറിച്ചെടുക്കണമെന്ന് എഐഎഡിഎംകെ നേതാവും മന്ത്രിയുമായി കെടി രാജേന്ദ്രബാലാജി പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കമല്‍ഹാസന് നേരെ മധുരയ്ക്ക് സമീപം ചെരിപ്പേറും നടന്നു. തമിഴ്‌നാട് പൊലീസ് സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ കേസെടുക്കുകയും മുന്‍കൂര്‍ ജാമ്യത്തിനാല്‍ കമല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അതേസമയം കോയമ്പത്തൂര്‍ ജില്ലയിലെ സുളൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ കമല്‍ഹാസന് പൊലീസ് അനുമതി നിഷേധിച്ചു. എനിക്ക് സുളൂരില്‍ പ്രചാരണത്തിന് അനുമതി നിഷേധിച്ച നടപടി ന്യായീകരിക്കാനാകില്ല. അത്രയ്ക്ക സംഘര്‍ഷഭരിതമാണ് സുളൂരിലെ കാര്യങ്ങളെങ്കില്‍ അവിടെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത് – കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെ ഗോഡ്‌സെ പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഗോഡ്‌സെയെ ന്യായീകരിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു. ‘നാഥുറാം ഒരു ദേശഭക്തനായിരുന്നു, ദേശഭക്തനാണ്, ദേശഭക്തനായിരിക്കും’ എന്നാണ് പ്രഗ്യ പ്രതികരിച്ചത്. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തക്കമറുപടി ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ബിജെപി നേതൃത്വത്തിന്റെ ആവശ്യപ്രകാരം പ്രഗ്യ മാപ്പ് പറഞ്ഞെങ്കിലും പ്രഗ്യയെ ന്യായീകരിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്തെത്തി. പ്രഗ്യ മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ഹെഗ്‌ഡെ പറയുന്നത്.

‘നിങ്ങളുടെ വികാരം വൃണപ്പെടുത്തിയെങ്കില്‍ മാപ്പ്’: പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാട് തിരുത്തി പ്രഗ്യ സിംഗ് താക്കൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍