UPDATES

കമല്‍നാഥും ബിജെപിയിലേക്ക് എന്നാല്‍ ഭയപ്പെടേണ്ട കാലമായിരിക്കുന്നു എന്നു തന്നെയാണ്

കോണ്‍ഗ്രസിനെ സംരക്ഷിക്കുക എന്നത് ജീവിതകാലം മുഴുവന്‍ അവരെ എതിര്‍ത്തിരുന്നവരുടെ കൂടെ ബാധ്യതയാകുമെന്നാണ് തോന്നുന്നത്.

‘ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഞാനിവിടെ ആദ്യമായി മത്സരിക്കുമ്പോള്‍ എന്താ സ്ഥിതിയെന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. ദാ പുറകില്‍ കിഷന്‍ ദാദ ഇരിപ്പുണ്ട്. അപ്പുറത്ത് ചന്ദര്‍ലാലും. അവരോട് ചോദിച്ച് നോക്ക്. ഹും, ഇപ്പോഴൊക്കെ എന്താ, പിള്ളേര്‍ക്ക് മുഴുവന്‍ ജീന്‍സായി, ടി-ഷര്‍ട്ടായി, കിഷന്‍ ദാദാ, പണ്ട് നമ്മള്‍ യോഗം വിളിക്കുമ്പോ കോണകം അല്ലാതെ ഒരു ദോത്തി ധരിച്ച എത്രപേരുണ്ടാകാറുണ്ട്? (ഫുള്‍ ചിരി). പത്തോ പതിനഞ്ചോ, അല്ലേ ചന്ദര്‍ലാല്‍? ഇപ്പോഴെന്താ? നമ്മുടെ ചിന്ത്‌വാഡ വളര്‍ന്നു. നമ്മുടെ നാടിന്റെ വളര്‍ച്ച ലോകം അറിഞ്ഞു. ദാ, ഇരിക്കുന്നയാളെ കണ്ടോ, കേരളത്തില്‍ നിന്ന് നമ്മുടെ ചിന്ത്‌വാഡയുടെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നയാളാ. കേരളം എവിടെയാന്നറിയോ. തെക്കാണ്, മദ്രാസിനപ്പുറത്ത്. നമ്മുടെ നാട്ടിലെ വളര്‍ച്ച വാര്‍ത്തയാക്കണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുന്നു’ –

കമല്‍നാഥ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഞാനാദ്യമായി കണ്ടിട്ട് പത്ത് മിനുട്ട് കഴിഞ്ഞിരുന്നേയുള്ളൂ. ചിന്ത്‌വാഡ പട്ടണത്തില്‍ നിന്ന് 40-50 കിലോമീറ്റര്‍ അകലയുള്ള ഏതോ പാടത്തിന്റെ നടുക്ക് താത്കാലികമായി കെട്ടിയുയര്‍ത്തിയ കോണ്‍ഗ്രസിന്റെ പ്രചരണവേദിയായിരുന്നു. രാവിലെ മുതല്‍ കമല്‍നാഥ് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പാടങ്ങള്‍ നോക്കി ഒരു ജീപ്പില്‍ സഞ്ചാരം തുടങ്ങിയിട്ട് വൈകിട്ട് ആറുമണിയോടെയാണ് പിടി കിട്ടിയത്. ഭക്ഷണം കഴിക്കാതെയും ഡ്രൈവര്‍ക്ക് ഞാന്‍ പറയുന്നത് ഒരക്ഷരം മനസിലാകുന്നില്ല എന്നതില്‍ മനസുമടുത്തും ക്ഷീണിച്ചവനായതിനാല്‍ ഒരു പാടത്തിന്റെ നടുവില്‍ ഹെലികോപ്റ്ററിലിറങ്ങിയ കമല്‍നാഥിന്റെ മുന്നിലേയ്ക്ക് പതിവ് ഇന്‍ഹിബിഷന്‍ ഒന്നുമില്ലാതെ പാഞ്ഞു ചെന്നു, കാര്യം പറഞ്ഞു. വരൂ എന്ന് പറഞ്ഞ് കൈപടിച്ച് നടന്നു. ആരവങ്ങളെ ഒക്കെ ഒരു കൈയ്യുയര്‍ത്തി കാണിച്ച് എന്നോട് സംസാരിച്ചു തുടങ്ങി. കസേരകളില്ലാത്ത സ്റ്റേജിന്റെ വക്കിലാണ് നേതാക്കളിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് താഴേയ്ക്ക് കാലിട്ടിരിക്കാന്‍ അവസരമുണ്ടാകും. മറ്റുള്ളവര്‍ പുറകില്‍ ചമ്രം പടിഞ്ഞിരിക്കും. അണികള്‍/കാണികള്‍ താഴെ നിലത്ത് ചടഞ്ഞും. ആ വേദിയിലാണ് കമല്‍നാഥ് എന്നെ ചൂണ്ടികാണിച്ച് കേരളത്തില്‍ നിന്ന് ചിന്ത്‌വാഡയുടെ വികസന മഹാത്മ്യം കേട്ടറിഞ്ഞ് എത്തിയയാളാണ് എന്ന് പറഞ്ഞത്.

2004-ലെ ഏപ്രില്‍ മാസത്തിലായിരുന്നു അത്. മാതൃഭൂമിക്ക് വേണ്ടി പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണ്.അതും ഛത്തീസ്ഗഢിലെ രണ്ടാഴ്ചയ്ക്കപ്പുറമുള്ള അലച്ചിലിന് ശേഷം. ഛത്തീസ്ഗഡ് വിഭജിക്കുന്നതിന് മുമ്പുള്ള അവിഭക്ത മധ്യപ്രദേശ് ഏതാണ്ട് പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഉമാഭാരതിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മുന്നില്‍ ഭരണം അടിയറ വച്ചിട്ട് ഒരു വര്‍ഷമാകുന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും തിരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. മാധ്യമങ്ങളില്‍ അലയടിച്ചിരുന്ന ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രവാക്യത്തിന്റെ ഓളം ഇരു സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ, വികസന മുദ്രവാക്യം കൊണ്ട് കഴുകി കളയാമെന്ന മട്ടിലായിരുന്നു ബിജെപി പ്രചരണം. കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് ചേക്കേറുന്നു. ഒരുവര്‍ഷം മുമ്പ് വരെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്‌വിജയ്‌ സിങ്ങിന്റെ അനുജന്‍ ലക്ഷ്മണ്‍സിങ് വരെ ബിജെപിയിലെത്തി. ദ്വിഗ്‌വിജയ്‌ സിങ്ങിന്റെ കൊട്ടാരത്തിന്റെ ഇരു നിലകളിലായി കോണ്‍ഗ്രസിന്റേയും ബിജെപിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഭൂപന്‍ ഹസാരിക മുതല്‍ രാജ്യസഭയില്‍ നീണ്ട കാലം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നജ്മ ഹെപ്തുള്ള വരെ ബിജെപിയിലെത്തി.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന വിദ്യാചരണ്‍ ശുക്ല, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശ്യാമചരണ്‍ ശുക്ലയുടെ സഹോദരന്‍, അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ വലം കൈ, ആദിവാസികളുടെ മണ്ണില്‍ ചൂഷണം അവകാശമായി കരുതിയുന്ന ബ്രാഹ്മണ ജന്മി, ബിജെപിയിലേയ്ക്ക് അതിനോടകം ചുവടു മാറിയിരുന്നു. ആദിവാസി വിഭാഗക്കാരനായ മുന്‍ മഹാസമുന്ത് കളക്ടര്‍ അജിത്‌ ജോഗിയെ മുന്‍ നിര്‍ത്തികോണ്‍ഗ്രസ് പ്രചരണം നടത്തിയതായിരുന്നു വി.സി ശുക്ലയെ ചൊടിപ്പിച്ചത്. തനിക്ക് കീഴില്‍ ഓച്ചാനിച്ച് നില്‍ക്കുന്നവരെയൊക്കെ തിരഞ്ഞെടുപ്പില്‍ മുന്‍ നിരയിലെത്തിക്കാമോ എന്ന് ഫ്യൂഡല്‍ രോഷം. എന്തായാലും ഛത്തീസ്ഗഡില്‍ ഞാനെത്തുന്നതിന്റെ തലേ ദിവസം രാത്രിയുണ്ടായ ഒരു കാര്‍ അപകട ദുരന്തത്തില്‍ അജിത്‌ ജോഗി ആശുപത്രിയിലായിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് അനുയായികള്‍ പോയാല്‍ മതി, ഇവറ്റകളോടൊക്കെ വോട്ട് ഇരക്കാന്‍ എന്നെ കിട്ടില്ല എന്ന നിലപാടുണ്ടായിരുന്ന വി.സി ശുക്ലയെ ഛത്തീസ്ഗഡിലുണ്ടായിരുന്ന സമയത്ത് ബംഗ്ലാവില്‍ പോയി കണ്ടിരുന്നു. ‘ബിജെപി, കോണ്‍ഗ്രസ് എന്നൊന്നുമില്ല, വി.സി ശുക്ലയ്ക്കാണ് ജനം വോട്ടു ചെയ്യുക, അതുകൊണ്ട് പാര്‍ട്ടി മാറി എന്നതൊന്നും ഒരു പ്രശ്‌നമല്ല’, എന്ന് സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തോടെ പറയുകയും ചെയ്തിരുന്നു. എന്തായാലും റിസല്‍ട്ട് വന്നപ്പോള്‍ ഛത്തീസ്ഗഡിലെ പതിനൊന്ന് സീറ്റില്‍ പത്തും ബിജെപി ജയിച്ചു. വി.സി ശുക്ല മത്സരിച്ച മഹാസമുന്ത് ഒഴികെ. ആശുപത്രിക്കിടക്കയില്‍ പകുതി തളര്‍ന്ന് കിടന്ന അജിത് ജോഗി ഉഗ്രന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഇന്ത്യന്‍ നഗരങ്ങളിലൂടെയുള്ള റോഡ് യാത്ര എന്ന ഹരത്തില്‍ റായ്പൂരില്‍ നിന്ന് ബസ് മാര്‍ഗ്ഗമാണ് ചിന്ത്‌വാഡയിലെത്തിയത്. ലേശം കൂടിയ അനുഭവമായി പോയി. അവസാനം ചിന്ത്‌വാഡയിലെത്തിയ നേരം മുതല്‍ വരേണ്ട എന്നായിരുന്നു. കോണ്‍ടാക്റ്റ് തരാമെന്ന് പറഞ്ഞിരുന്നവരെയൊന്നും കിട്ടിയില്ല. ആകെയുള്ള ഒരേയൊരു ഹോട്ടലില്‍ വെള്ളമില്ല, കിടയ്ക്കയിലെ വിരിപ്പ് മാറ്റിയിട്ട് കാലം കുറെയായി, ആരോട് എന്തു പറഞ്ഞാലും ചിരി മാത്രമേയുള്ളൂ. എന്റെ ഹിന്ദി ആര്‍ക്കും മനസിലായിക്കാണില്ല. എന്തു ത്യാഗം സഹിച്ചാലും കോണ്‍ഗ്രസിന്റെ തിളങ്ങുന്ന താരമായ കമല്‍നാഥിന്റെ മണ്ഡലം കാണണം, നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു വാശി.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാകണം ചിന്ത്‌വാഡ. ആദ്യവും അവസാനവുമായി 13 വര്‍ഷം മുമ്പ് കാണുമ്പോള്‍ അക്കാലത്തെ ഇന്ത്യന്‍ നഗരങ്ങളിലൊന്നിന്റെ പോലും സൗകര്യങ്ങളുടെ പരിസരങ്ങളില്‍ ചിന്ത്‌വാഡ ഉണ്ടായിരുന്നില്ല. പക്ഷേ കമല്‍നാഥ് ചിന്ത്‌വാഡയ്ക്ക് ദൈവമായിരുന്നു. തൊട്ടുമുമ്പുള്ള എന്‍ഡിഎ കാലത്ത് അല്പകാലം സഹമന്ത്രിയായിരുന്ന പ്രഹ്ളാദ് പട്ടേല്‍ എന്ന ഗുണ്ടാനേതാവായിരുന്നു ആ വര്‍ഷം കമല്‍നാഥിന്റെ എതിരാളി. കമല്‍നാഥിന്റെ ഹെലികോപ്റ്ററിനെ പരിഹസിച്ച് ബൈക്കില്‍ മണ്ഡലത്തിലുടനീളം യാത്രചെയ്തിരുന്ന പ്രഹ്ളാദ് പാട്ടേലിന്റെ നമ്പറുകളൊന്നും കമല്‍നാഥിന്റെ ജനപ്രിയതക്ക് മുന്നില്‍ ചെലവായില്ല.

മണ്ഡലത്തിന്റെ മുക്കും മൂലയും പരിചിതം, ഏതു മീറ്റിങ്ങിലും പേരെടുത്ത് വിളിക്കാന്‍ പരിചയമുള്ള രണ്ട് പേരെങ്കിലും ഉണ്ടാവുക തുടങ്ങി പഴകിയ കോണ്‍ഗ്രസ് വിദ്യകള്‍ തന്നെയായിരുന്നു കമല്‍നാഥിന്റെയും തുരുപ്പു ചീട്ട്. ഇന്ദിരാഗാന്ധി ഹാന്‍ഡ് പിക്ക് ചെയ്ത് എണ്‍പതില്‍ ചിന്ത്‌വാഡയില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ഡൂണ്‍ സ്‌കൂള്‍ പ്രൊഡക്റ്റ്. കാണ്‍പൂരില്‍ ജനിച്ച് കൊല്‍ക്കത്തയില്‍ ജീവിക്കുകയും സെന്റ്‌ സേവ്യേഴ്‌സില്‍ പഠിക്കുകയും ചെയ്തതിന് ശേഷം കോണ്‍ഗ്രസിലെത്തിയ ഭാഗ്യാന്വേഷി. ഇന്ദിരാ-രാജീവ് ഗാന്ധിമാരുടെ പ്രിയപ്പെട്ട അനുയായി. വാണിജ്യവും വ്യവസായവും ഒക്കെ കൈവെള്ളയില്‍ അമ്മാനമാടാന്‍ കഴിവുള്ള തന്ത്രശാലി. 2004- തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സംസാരിച്ചപ്പോള്‍ ബിജെപിയിലേയ്ക്ക് പോയ വി.സി ശുക്ലയേയും ലക്ഷണ്‍ സിങ്ങിനേയും പരിഹസിക്കുകയായിരുന്നു കൂടുതലും ചെയ്തിരുന്നത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് ചിന്ത്‌വാഡ എന്ന അഭിമാനവുമുണ്ടായിരുന്നു. 97-ലോ മറ്റോ ഒരു ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിതമായി ജയിച്ചതൊഴിച്ചാല്‍ 2014-ലെ തൂത്തുവാരലില്‍ പോലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു കമല്‍നാഥ്.

നേരോ നുണയോ ആകട്ടെ, ആ കമല്‍നാഥ് കോണ്‍ഗ്രസ് വിടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും ഭയപ്പാടുണ്ടാകുന്നു. ഗുലാം നബി ആസാദ്, കമല്‍ നാഥ്, സിദ്ധരാമയ്യ എന്നിങ്ങനെ ജനബന്ധമുള്ളതും ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തരായിരിക്കുകയും ചെയ്യുന്ന നേതാക്കളെ എണ്ണിയെടുക്കാമെന്നായിരിക്കുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ. ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും അടക്കമുള്ളവര്‍ക്ക് വരുന്ന കാലത്ത് വഴികാണിച്ചുകൊടുക്കാന്‍ സാധിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. ഈ പുതുതലമുറയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതിയിരുന്ന, രാഹുലിന്റെ പ്രിയ ശിഷ്യരിലൊരാളായ – അരവിന്ദ്‌ സിങ്ങ് ലവ്‌ലി കോണ്‍ഗ്രസ് വിട്ടെന്ന വാര്‍ത്ത കേട്ട് അടുത്ത ദിവസമാണ് ഇങ്ങനെ ഒന്ന് വരുന്നത്. ജഗദാംബിക പാലോ റീത്ത ബഹുഗുണ ജോഷിയോ വിജയ് ബഹുഗുണയോ ലാല്‍സിങ്ങോ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേക്കേറുന്നത് പോലെയല്ല കമല്‍നാഥിന്റെ പോക്ക്. എസ്.എം കൃഷ്ണയെ പോലൊരു നിര്‍ഗുണ നേതാവ് പോകുന്നത് പോലെയുമല്ല. കമല്‍നാഥ് കോണ്‍ഗ്രസിന്റെ അതിപ്രധാനമായ ഒരു മുഖമായിരുന്നു. ആനന്ദ് ശര്‍മ്മ, അംബികസോണി, കിഷോര്‍ചന്ദ്രദേവ് എന്നിവരേക്കാളെല്ലാം പ്രസക്തന്‍, ജനകീയന്‍. ഇതുവരെയുള്ള നേതാക്കളുടെ പോക്കുപോലെയല്ല, ഇത്.

കോണ്‍ഗ്രസിനെ സംരക്ഷിക്കുക എന്നത് ജീവിതകാലം മുഴുവന്‍ അവരെ എതിര്‍ത്തിരുന്നവരുടെ കൂടി ബാധ്യതയാകുമെന്നാണ് തോന്നുന്നത്. തകര്‍ന്ന് പോകാന്‍ പാടില്ലാത്ത ഒരു ജനക്കൂട്ടമാണത്.

 

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍