UPDATES

ബനിയ മൂലധനത്തിന്റെ സേവകനായാണ്, അല്ലാതെ ശൂദ്ര പ്രതിനിധിയായല്ല മോദി അധികാരത്തിലെത്തുന്നത്: കാഞ്ചാ ഐലയ്യ- ഭാഗം 2

ഗാന്ധി പട്ടേലിനെ കർഷകരെ ആകർഷിക്കുന്ന ജനകീയ നേതാവായി ഉപയോഗിച്ചപ്പോൾ സ്വാതന്ത്ര്യാനന്തരം നെഹ്‌റു അദ്ദേഹത്തെ കാർക്കശ്യക്കാരനായ ഭരണനിർവാഹകനായി കൂടെ നിർത്തി

ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പരിസരത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍. 1953-ലാണ് ആദ്യ പിന്നോക്ക വിഭാഗ കമ്മീഷന്‍ (First Backward Class Commission) അന്നത്തെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന കാകാ കേല്‍ക്കറിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അവര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,399 പിന്നോക്ക ജാതി/സമുദായക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതൊരിക്കലും നടപ്പായില്ല. പിന്നീട് 1979 ജനുവരി ഒന്നിന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡലിന്റെ അധ്യക്ഷതയില്‍ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷന് രൂപം നല്‍കിയത്. രണ്ടു വര്‍ഷത്തിള്ളില്‍ -1980 ഡിസംബര്‍ 31ന്- മണ്ഡല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇതിനിടെ താഴെ പോവുകയും പിന്നീട് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് റിപ്പോര്‍ട്ട് നടപ്പാക്കപ്പെടുകയും ഉണ്ടായില്ല. ഒടുവില്‍ 1990 ഓഗസ്റ്റ് എഴിന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് താന്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് എന്നറിയിച്ചു- ഒ.ബി.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അത്. എന്നാല്‍ ഇതിനു പിന്നാലെ ഉത്തരേന്ത്യയിലുടനീളം മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറി. 1990 സെപ്റ്റംബര്‍ 19-ന് രാജീവ് ഗോസ്വാമി എന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രക്ഷോഭം പടര്‍ന്നു പിടിച്ചു. അപ്പോഴേക്കും വി.പി സിംഗ് സര്‍ക്കാരിലും പ്രതിസന്ധികള്‍ ആരംഭിച്ചിരുന്നു. പക്ഷെ, കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് വി.പി സിംഗ് സര്‍ക്കാര്‍ നിലനിന്നിരുന്നത്. ഇതിനിടെ മണ്ഡല്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നു. ഇത് പിന്നീട് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലേക്ക് നയിച്ചു. രാജ്യത്തെ നെടുകെ പിളര്‍ത്തി ഇന്നും ചോര വീഴ്ത്തുന്ന ഒന്നായി അത് നിലനില്‍ക്കുന്നു. ഈ സമയത്ത് ബിജെപി വി.പി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാകുക തന്നെ ചെയ്തു. ആ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയോളം വരുന്ന, വര്‍ണ വ്യവസ്ഥയില്‍ നാലാം സ്ഥാനത്ത് വരുന്ന ശൂദ്രരായ ഒ.ബി.സി വിഭാഗങ്ങളുടെ തലവര തന്നെ മാറ്റിമറിച്ച ഈ കാലങ്ങള്‍ക്ക് ശേഷവും ഈ ശൂദ്രരുടെ അവസ്ഥ എന്താണ് എന്നു പരിശോധിക്കുകയും അതിന്റെ ചരിത്ര, സാമൂഹിക പരിസരങ്ങളെ വിശകലനം ചെയ്യുകയാണ് സാമൂഹിക, രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും ദളിത്‌ അവകാശ പോരാളിയുമായ കാഞ്ച ഐലയ്യ. കാരവന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദീര്‍ഘലേഖനത്തിന്റെ- Where Are the Shudras? Why the Shudras are lost in today’s India?- മലയാള പരിഭാഷ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. തയാറാക്കിയത്: പ്രവീണ്‍ രാജേന്ദ്രന്‍, അനു കെ. ആന്റണി.

[ആദ്യഭാഗം ഇവിടെ വായിക്കാം: എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു]

ഭാഗം 2- ശൂദ്രര്‍ ബനിയകള്‍ക്ക് കീഴില്‍ അണിനിരക്കുമ്പോള്‍

2014-ലെ മോദി നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിന് മുകളിൽ ബനിയകള്‍ക്കുള്ള വലിയ നിയന്ത്രണത്തെയാണ് തുറന്നു കാട്ടിയത്. ബനിയ വ്യവസായികളായ ഗൗതം അദാനി, അംബാനി തുടങ്ങയവരുടെ പരിപൂർണ പിന്തുണ മോദിക്ക് ലഭിച്ചതായും ഇതിനു പകരമായി സർക്കാരിൽ നിന്ന് അവർക്ക് ഇളവുകൾ ലഭിക്കുന്നതായും കാണാം. മോദി രാഷ്ട്രീയത്തിലെ രണ്ടാമൻ അമിത് ഷാ ബിജെപിയുടെ പ്രസിഡന്റായി തുടരുന്നതിനര്‍ത്ഥം ഭരണത്തിലിരിക്കുന്ന പാർട്ടിയെ നയിക്കുന്നത് ഒരു ബനിയ ആണെന്നതാണ്. ബ്രാഹ്മണ – ബനിയ പാർട്ടി എന്ന രീതിയിൽ പ്രശസ്തമായിരുന്ന ബിജെപി പിന്നീട് ഒരു ബനിയ – ബ്രാഹ്മണ പാർട്ടി ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. ഈ രാഷ്ട്രീയ സംവിധാനത്തിനു ശൂദ്രരോടുള്ള മനോഭാവം വ്യക്തമാകണമെങ്കിൽ വെങ്കയ്യ നായിഡുവിന്റെ മാത്രം അനുഭവം പരിശോധിച്ചാൽ മതിയായാകും . 2017-ല്‍ പ്രധാനപ്പെട്ട ക്യാബിനറ്റ് പദവികളിൽ നിന്നും നീക്കപ്പെട്ട നായിഡു വൈസ് പ്രസിഡന്റ് പോലുള്ള ഒരു ആലങ്കാരിക പദവിയിലേക്ക്‌ തളച്ചിടപ്പെട്ടു , ഇന്ന് ഗവണ്മെന്റിലെ ഏറ്റവും ഉന്നതനായ ശൂദ്ര പ്രതിനിധിയായിരിക്കെ തന്നെ നായിഡു അധികാരരഹിതനാണ്. അതുപോലെ തന്നെ ആന്ധ്രാ പ്രദേശിന്റെ ശൂദ്രമുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ കഥയും വ്യത്യസ്തമല്ല . 2014-ല്‍ പുതിയ ഗവന്മെന്റ് രൂപീകരണത്തിന് അക്ഷീണം പ്രവർത്തിച്ച അദ്ദേഹത്തിന് തന്റെ സംസ്ഥാനത്തിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഭരണത്തിൽ സ്ഥാനമുറപ്പിച്ചതോടെ മോദിയും ഷായും വാഗ്ദാന ലംഘനം നടത്തുകയും നായിഡുവിനെ ആട്ടിപ്പായിക്കുകയും ചെയ്തു. ഇപ്പോൾ ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറുമായും മോദിയും അമിത് ഷായും സമാനമായ കരാറുകൾ നിർമിച്ചിരിക്കുന്നു എന്നതിനർത്ഥം അപമാനിക്കപ്പെടാന്‍ പോകുന്നവരുടെ നിരയിൽ അടുത്തത് നിതീഷ്‌ കുമാറാണ്.

നരേന്ദ്ര മോദി ബനിയ മൂലധനത്തിന്റെ സേവകനായാണ് അധികാരത്തിലെത്തുന്നത്, അല്ലാതെ ശൂദ്രരുടെ പ്രതിനിധിയായല്ല. മോദിയുടെ ബനിയ വേരുകളും ഒബിസി സര്‍ട്ടിഫിക്കറ്റുമാണ് അദ്ദേഹത്തിനെ ബിജെപിയുടെ മുഖമായി അവതരിപ്പിക്കപ്പെടാൻ യോഗ്യനാക്കുന്നത്. ബിജെപിയുടെ അധികാരം ജനസംഖ്യാപരമായി ഭൂരിപക്ഷ സ്ഥാനത്തുള്ള ശൂദ്രരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ അവർക്ക് ഏതൊരു ശൂദ്രനേതാവിനെയും പിന്താങ്ങാവുന്നതായിരുന്നു. എന്നാൽ ഒബിസി കാർഡ് കളിക്കുമ്പോൾ തന്നെ ബനിയ വ്യവസായികളെ കൂടി തൃപ്‌തിപ്പെടുത്തുന്ന ഒരു നേതാവായതു കൊണ്ട് അവർക്ക് ഉയർത്തിക്കാണിക്കാനുള്ളത് മോദിയെ മാത്രമായിരുന്നു.

ജാതിവ്യവസ്ഥയാൽ വിഭജിതമായ ഒരു സമൂഹത്തിലേക്ക് ലിബറൽ മുതലാളിത്തത്തിൽ അടിസ്ഥാനപ്പെടുത്തിയ സാമ്പത്തിക നയങ്ങൾ നടപ്പിലായപ്പോൾ സ്വാഭാവികമായും അതിന്റെ പ്രധാന ഗുണഭോക്താക്കളായത് നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥക്കുള്ളിൽ കച്ചവട മൂലധനം കൈകാര്യം ചെയ്തിരുന്ന ജാതിവിഭാഗങ്ങളായിരുന്നു. ഇന്ത്യയുടെ ലോക കമ്പോളത്തിലേക്കുള്ള പ്രവേശനം ബനിയകൾക്ക് സാമ്പത്തിക രംഗത്തിനും മൂലധനത്തിനും സമ്പത്തിനും മുകളിലുള്ള സ്വന്തം ആധിപത്യം ഉറപ്പിക്കലും കൂടിയായിരുന്നു. സാമ്പത്തികമായ ഈ വളർച്ചയ്ക്കൊപ്പം സമുദായമെന്ന നിലയിൽ ബനിയകൾ സ്വന്തം പദവി മെച്ചപ്പെടുത്തി എന്ന് പറയാവുന്നതാണ്. എന്നാൽ ഇത് ഉത്തരത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു, സാമൂഹികവും രാഷ്ട്രീയവുമായ പദവികൾ ലഭിക്കുന്നതിന് മുൻപ് തന്നെ ബനിയകൾ ഒരു വലിയ സാമ്പത്തിക ശക്തിയായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അവസാനഘട്ടത്തിൽ, ബനിയകൾ സാമ്പത്തികമായി ഏറെ മുന്നിൽ നിന്നിരുന്നുവെങ്കിലും ബ്രാഹ്മണർക്കു മുന്നിൽ ബൗദ്ധികമായ ഒരു അപകർഷത പ്രകടിപ്പിച്ചിരുന്നു. ബൗദ്ധികമായ ഈ അടിമത്തം സാമ്പത്തികമായ ഉന്നമനത്തോടെ മാത്രം പരിഹരിക്കാവുന്ന ഒന്നായിരുന്നില്ല. ബൗദ്ധികവും പ്രത്യശാസ്ത്രപരവുമായ അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെടുന്നതിന് ബനിയകൾക്ക് സ്വന്തമായി ചിന്തകരെ ആവശ്യമുണ്ടായിരുന്നു. ബനിയകളെ ഇന്നത്തെ ഉയർന്ന പദവിയിലേക്കെത്തിച്ചതിനു പിന്നിൽ രാഷ്ട്രീയ നേതാക്കൾ എന്നത് പോലെ തന്നെ ചിന്തകർ എന്ന നിലയിലും എം.കെ ഗാന്ധിയും റാം മനോഹര്‍ ലോഹ്യയും നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഇന്ത്യൻ സാമൂഹിക വിനിമയത്തിന്റെ തന്നെ അടിസ്ഥാനം രൂപപ്പെടുത്തുന്നതിൽ ഈ ചിന്തകരുടെ സംഭാവനകൾ ഏറെ പ്രധാനപ്പെട്ടതാണ്. സ്വാതന്ത്ര്യ സമരത്തിനിടയിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ബ്രാഹ്മണരായ രാഷ്ട്രീയ നേതാക്കൾക്കിടയിലും സ്വന്തമായ ഇടം രൂപപ്പെടുത്തുന്നതിനും സ്വാധീനം ചെലുത്തുന്നതിനും ഈ രണ്ടു നേതാക്കൾക്കും സാധിച്ചു. ഒരു സമുദായമെന്ന നിലയിൽ ബനിയകളുടെ ആത്മാഭിമാനം വളർത്തുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.

ഗാന്ധി ഇതിൽ ഏറെ പ്രധാനപ്പെട്ട വ്യക്തിത്വമാണ്, അദ്ദേഹത്തിന്റെ സമര രീതികളിലും രാഷ്ട്രീയത്തിലും ബ്രാഹ്മണ മൂല്യവ്യവസ്ഥയുടെ ശക്തമായ സ്വാധീനം കാണാം. ഗാന്ധിയുടെ സസ്യ ഭക്ഷണശീലം, വസ്ത്രധാരണം, വ്രതങ്ങൾ തുടങ്ങിയവ ബ്രാഹ്മണരുടെ ശുദ്ധിസങ്കല്പത്തോടു ചേർന്ന് പോകുന്നവയായിരുന്നു. ബ്രാഹ്‌മണ സന്യാസ മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാന്ധി ബ്രാഹ്‌മണ രീതികള്‍ക്ക് ഉപചാരമർപ്പിച്ചു ജീവിച്ച ബനിയയായിരുന്നു. ഇത് പോലെ തന്നെ പ്രധാനമാണ് ഇന്ത്യയിൽ ആധുനിക വ്യവസായം വളർത്തുന്നതിൽ ഗാന്ധിയുടെ സംഭാവനകൾ. പ്രസംഗങ്ങളിലും എഴുത്തുകളിലും ഗ്രാമാകേന്ദ്രീകൃത സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയും ആധുനിക മുതലാളിത്തത്തിനെതിരെയും നിലകൊണ്ട ഗാന്ധി സ്വകാര്യ ജീവിതത്തിൽ ബനിയ വ്യവസായികളുമായി മികച്ച ബന്ധം പുലർത്തുകയും ആധുനിക വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ബിർള, ഗോയങ്ക തുടങ്ങിയ വൻകിട ബിസിനസ്സ് ഗ്രൂപ്പുകൾ ഗാന്ധിക്ക് കയ്യയച്ചു സംഭാവന നൽകുകയും തിരിച്ച് വലിയ ലാഭം കൊയ്യുകയും ചെയ്തു. ഗാന്ധിയുടെ ഗ്രാമ കേന്ദ്രീകൃത സങ്കല്പത്തിൽ തൊഴിൽ വിഭജനത്തിന്റെ മഹനീയ മാതൃകയായി ജാതി വ്യവസ്ഥയെ ഉയർത്തിക്കാട്ടുന്നുവെന്നത് ശ്രദ്ധേയമാണ്. തൊട്ടുകൂടായ്മക്ക് എതിരെ നിലപാടെടുത്ത ഗാന്ധി ജാതിവ്യവസ്ഥയെ തള്ളിപ്പറയുന്നേ ഇല്ല, ഇതിലൂടെ സമ്പത്തിനും കച്ചവടത്തിനും മുകളിലുള്ള വൈശ്യ കുത്തകയെ പ്രോത്സാഹിപ്പിച്ച ഗാന്ധി ശൂദ്രരുടെയും ദളിതുകളുടെയും മുകളിൽ നിലനിന്നിരുന്ന ചൂഷണത്തെ കണ്ടില്ലെന്നു നടിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക നയങ്ങളും ഗാന്ധിയൻ മാതൃക ഏറെക്കുറെ പിന്തുടരുന്നതായി കാണാം. സ്വതന്ത്ര ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും അതിൽ പ്രശസ്തരും അല്ലാത്തവരും ബനിയ മൂലധനത്തിന്റെ വളർച്ചയെ കണ്ടില്ലെന്നു നടിക്കുന്നത് വ്യക്തമായിരുന്നു. ഗാന്ധിയൻ രാഷ്ട്രീയ ചിന്തയുടെ സാമ്പത്തിക മൂലധനം, ബനിയ വ്യാവസായിക മൂലധനവും സാംസ്‌കാരിക മൂലധനം ബ്രാഹ്മണ്യവുമാണ്. കച്ചവടത്തിൽ നിന്നുരുത്തിരിഞ്ഞ വലിയ സാമ്പത്തികാധികാരത്തിനൊപ്പം ബ്രാഹ്മണ്യത്തിന്റെ രീതികൾ സ്വീകരിച്ചതിലൂടെ ലഭിച്ച സാംസ്കാരിക മൂലധനവുമാണ് ഒരു സമുദായമെന്ന നിലയിൽ ബനിയകളുടെ രാഷ്ട്രീയ ഉന്നമനത്തിനു കാരണം. ഇന്ത്യൻ സമൂഹത്തിൽ തുല്യതയ്ക്കും അധികാരത്തിനും വേണ്ടിയുള്ള ബനിയകളുടെ അവകാശവാദങ്ങൾ ഗാന്ധിയൻ രാഷ്ട്രീയത്തിൽ പ്രതിഫലിച്ചു കാണാം.

ബനിയകൾക്ക് ലോഹ്യയുമായി ഉണ്ടായിരുന്ന ബന്ധം കുറേകൂടി സങ്കീര്‍ണമായിരുന്നു, ലോഹ്യയുടെ ബൗദ്ധികമായ കഴിവുകളിലും നെഹ്‌റുവെന്ന ബ്രാഹ്‌മണ നേതാവിനെതിരെ അദ്ദേഹം നടത്തിയ പരസ്യ വെല്ലുവിളികളും ബനിയകളെ ആവേശം കൊള്ളിച്ചിരുന്നു. അടിയുറച്ച സോഷ്യലിസ്റ്റായിരുന്ന ലോഹ്യയുടെ നിലപാടുകൾ ബനിയകളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നതിനാൽ ഗാന്ധിക്ക് നല്‍കിയതുപോലുള്ള പരിപൂർണ പിന്തുണ ബനിയ സമുദായം ലോഹ്യക്ക് നൽകിയിരുന്നില്ല. 1948-ല്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനായി കോൺഗ്രസ് വിട്ട ലോഹ്യയുടെ പ്രവർത്തികൾ ബനിയകളുടെ രാഷ്ട്രീയ വളർച്ചയ്ക്ക് നേരിട്ടല്ലാതായെങ്കിലും വലിയ സഹായം ചെയ്തു. അത്രയവും കാലം കോൺഗ്രസിൽ നിന്നും തഴയപ്പെട്ട വലിയൊരു വിഭാഗം ശൂദ്രർക്ക് ലോഹ്യയുടെ കോൺഗ്രസ്/ബ്രാഹ്‌മണ വിരുദ്ധ രാഷ്ട്രീയം സ്വീകാര്യമായി.

മാർക്സിന്റേയും ഗാന്ധിയുടെയും ആശയങ്ങളുടെ മിശ്രണമായ ലോഹ്യയുടെ സോഷ്യലിസം ഉത്തരേന്ത്യയിലെ ശൂദ്ര വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമായി തുടരുന്നു. ശൂദ്ര ജനവിഭാഗങ്ങള്‍ക്ക് ബനിയ നേതൃത്വത്തിലുള്ള വിശ്വാസം ലോഹ്യയിൽ നിന്ന് ആരംഭിക്കുകയും ഇന്ന് മോദി – അമിത് ഷാ കൂട്ടുകെട്ടിന് ഗുണകരമായി തുടരുകയും ചെയ്യുന്നു. ശൂദ്രർക്കിടയിലെ ലോഹ്യയുടെ നേതൃസ്ഥാനം ഒരു സമുദായമെന്ന നിലയിൽ ശൂദ്രരുടെ ബൗദ്ധികവും രാഷ്ട്രീയവുമായ ദേശീയ നേതൃത്വത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അക്കാലഘട്ടത്തിലെ ഏറ്റവും പ്രധാന ശൂദ്ര മുന്നേറ്റം എന്ന് വിളിക്കാവുന്ന പഴയ മദ്രാസ് സംസ്ഥാനത്തു തുടങ്ങിയ ദ്രാവിഡ മുന്നേറ്റത്തെയാണ്. എന്നാൽ പെരിയാറുൾപ്പെടുന്ന അതിന്റെ നേതൃത്വത്തിൽ ആർക്കും തന്നെ സംസ്ഥാനത്തിന് പുറത്ത് ജനസ്വാധീനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ നൂറു കണക്കിന് ശൂദ്ര നേതാക്കന്മാർ പ്രാദേശിക തലത്തിൽ ഉയർന്നു വന്നുവെങ്കിലും അവര്‍ക്കാർക്കും തന്നെ ദേശീയ നേതാവായി ഉയർന്നു വരാൻ സാധിച്ചില്ല. ഇതിനൊരപവാദമായി പറയാവുന്നത് വല്ലഭായ് പട്ടേലിന്റെ രാഷ്ട്രീയ ജീവിതമാണ്. ബ്രിട്ടീഷ് ബിരുദധാരിയായിരുന്ന പട്ടേൽ പ്രഗത്ഭനായ അഭിഭാഷകൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിന്താമണ്ഡലം ശുഷ്കമായിരുന്നു. ഗാന്ധിയെയോ നെഹ്രുവിനെയോ പോലെ തത്വചിന്ത, ചരിത്രം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലൊന്നും പട്ടേൽ ഇടപെട്ടിരുന്നില്ല. ഗാന്ധി അദ്ദേഹത്തെ കർഷകരെ ആകർഷിക്കുന്ന ജനകീയ നേതാവായി ഉപയോഗിച്ചപ്പോൾ സ്വാതന്ത്ര്യാനന്തരം നെഹ്‌റു അദ്ദേഹത്തെ കാർക്കശ്യക്കാരനായ ഭരണനിർവാഹകനായി കൂടെ നിർത്തി. പട്ടേലിന് ലഭിച്ച സർദാർ, ഉരുക്കു മനുഷ്യൻ തുടങ്ങിയ ബഹുമതികൾക്ക് ബൗദ്ധികമോ തത്വചിന്താപരമോ ആയ അർത്ഥ തലങ്ങൾ ഉണ്ടായിരുന്നില്ല. ഗാന്ധിയുടെ വിളിപ്പേരായ മഹാത്മാവിനോടും നെഹ്രുവിന്റെ പണ്ഡിറ്റിനോടും താരതമ്യം ചെയ്യുമ്പോൾ പട്ടേൽ ശ്രേണിയിൽ താഴെ തന്നെയായിരുന്നു.

കോൺഗ്രസിന് പുറത്ത് തന്റേതായൊരു മാർഗം വെട്ടിത്തുറക്കാനോ ശൂദ്രർക്ക് തത്വചിന്താപരമായ ശാക്തീകരണം നല്കുവാനോ പട്ടേലിന് സാധിച്ചില്ല. ഈ സന്ദർഭത്തിൽ വിലയിരുത്തേണ്ട മറ്റൊരു ബുദ്ധിജീവി ഡോ. ബി.ആർ അംബേദ്‌കർ ആണ്. ബ്രാഹ്മണ്യം തൊട്ടുകൂടാത്തവർ എന്ന് മാറ്റിനിർത്തിയ ഒരു ജാതിയിൽ നിന്നും ഉയർന്നു വന്ന അദ്ദേഹവും പാശ്ചാത്യ വിദ്യാഭ്യാസം നേടുകയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സ്വായത്തമാക്കുകയും ചെയ്തു. ഗാന്ധിയും ലോഹ്യയും കടന്നു വന്നതിനേക്കാളും ഏറെ ബുദ്ധിമുട്ടുകളും മുൻധാരണകളും തരണം ചെയ്തു മുന്നോട്ടു വന്നാണ് അംബേദ്കറിന് ആധുനിക ഇന്ത്യയുടെ ബൗദ്ധിക ശില്പികളിൽ ഒരാളാവാൻ സാധിച്ചത്. ബനിയകളെ പോലെ സമ്പന്നരല്ലാതിരുന്നിട്ടു കൂടി തത്വചിന്തയുടെ ശക്തികൊണ്ട് വിമോചിതരാവാം എന്ന് കാണിച്ചു തരുന്നതായിരുന്നു അംബേദ്‌കറിന്റെ രാഷ്ട്രീയ പ്രവർത്തനം. ജാതിയിൽ ഏറ്റവും താഴെ നിൽക്കുന്ന വിഭാഗത്തെ മുന്നോട്ടു നയിച്ച രാഷ്ട്രീയ പദ്ധതിയുടെ പ്രധാന ഭാഗം ദളിത് സ്വത്വനിർമ്മിതിയായിരുന്നു. ദളിത് ആത്മാഭിമാനത്തിൽ അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണ്യത്തിന്റെ മറ്റൊരു പേരെന്ന് അദ്ദേഹം കരുതിയ ഹിന്ദു മതത്തിന്റെയും പരിപൂർണ നിരാകരണമായിരുന്നു ഈ സ്വത്വ നിർമ്മിതി. ബ്രാഹ്മണ്യത്തിന്റെ ശക്തി ഒരളവു വരെ ക്ഷയിപ്പിക്കുന്നതിനായി അംബേദ്‌കറിന്റെ ചിന്തകൾക്ക് സാധിച്ചു എങ്കിലും ശൂദ്രർ ഒരിക്കലും അതിന്റെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞില്ല. അംബേദ്‌കറിന്റെ രാഷ്ട്രീയത്തിന് സമാനമായി മർദ്ദനത്തിന്റെ കാരണങ്ങൾ ജാതിയിലും മതത്തിലും അന്വേഷിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ശൂദ്രർ സ്വീകരിച്ചിരുന്നു എങ്കിൽ അവരുടെ സ്ഥിതി ഇന്ന് തീർത്തും വ്യത്യസ്തമാകുമായിരുന്നിരുന്നു. എന്നാൽ ഇതിനു പകരമായി ജാത്യാഭിമാനത്തെ ആത്മാഭിമാനമായി പ്രചരിപ്പിക്കുന്ന നേതാക്കൾക്കും സാമ്പത്തിക ചൂഷണത്തെ മാത്രം പരിഗണിക്കുകയും ജാതി ചൂഷണത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് ധാരയിൽപ്പെട്ട പ്രാദേശിക നേതാക്കൾക്കും പിറകെയാണ് ഇവർ പോയത്.

ജനാധിപത്യ ഇന്ത്യയുടെ തുടക്കത്തിൽ തന്നെ ജാതി ഘടനയിൽ മുന്നേറുന്നതിനുള്ള മാർഗം ബനിയകൾ കാണിച്ചു തന്നിരുന്നു. വ്യാവസായിക, കച്ചവട രംഗങ്ങളിലൂടെ നേടിയ സാമ്പത്തികാഭിവൃദ്ധിയോടൊപ്പം ബ്രാഹ്മണ്യത്തിന്റെ സാംസ്‌കാരിക അധികാരവും ഉൾച്ചേർന്നതായിരുന്നു ആ മാർഗം. ഗാന്ധി ഈ രാഷ്ട്രീയ സമവാക്യത്തിന്റെ ആദ്യ പ്രവാചകനാണ്. ഗാന്ധിയൻ കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ സ്ഥിതിയിലേക്ക് വളരുന്നതിൽ ബനിയകൾ ഒരുപാടു കടമ്പകൾ കടന്നിട്ടുണ്ട്. എന്നാൽ അംബേദ്‌കർ ദളിതരുടെ ഉന്നമനത്തിന് വളരെ വ്യത്യസ്തമായ ഒരു മാർഗമാണ് കാണിച്ചു കൊടുത്തത്. അതിലവർ ഒരളവു വരെ മുന്നോട്ടു പോകുകയും ചെയ്തു. എന്നാൽ തങ്ങളകപ്പെട്ടിരിക്കുന്ന കെണിയിൽ നിന്നും പുറത്തേക്കുള്ള വഴി കാണിക്കാൻ ശൂദ്രർക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ അവർ സാമൂഹികമായും രാഷ്ട്രീയമായും ആത്മീയമായും ബ്രാഹ്മണ്യം അവർക്കു നൽകിയ അധഃകൃത സ്ഥാനത്തു തന്നെ തുടരുന്നു.

ബ്രാഹ്മണ്യം നിർമ്മിച്ച ഈ കെണിയിൽ നിന്നും പുറത്തു ചാടണമെങ്കിൽ ശൂദ്രർക്ക് സ്വന്തമായ രാഷ്ട്രീയ പാതയും നേതാക്കളെയും ആവശ്യമുണ്ട്. എന്നാൽ ഇന്ന് നിലവിലുള്ള നേതാക്കന്മാരാകട്ടെ ഭൂമിശാസ്ത്രപരമായും ബൗദ്ധികമായും സങ്കുചിതരാണ്, അടുത്ത തിരഞ്ഞെടുപ്പിനപ്പുറത്തേക്ക് കാര്യങ്ങളെ മനസിലാകുവാനോ സമുദായത്തെ നയിക്കുവാനോ പ്രാപ്തിയുള്ള നേതാക്കളും ചിന്തകരും ശൂദ്രർക്കിടയിൽ ഇല്ല. മതത്തിനും ജാതിക്കുമപ്പുറത്തേക്ക് ശുദ്രജനവിഭാഗങ്ങളെ അവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച് സംഘടിപ്പിക്കുവാൻ പ്രാപ്തിയുള്ള നേതൃത്വം ശൂദ്രർക്കിടയിൽ ഇല്ല എന്നത് നടുക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ശൂദ്രരുടെ സ്ഥിതിക്ക് മാറ്റം വരുത്തേണമെങ്കിൽ അവർ പെട്ട് കിടക്കുന്ന കെണിയുടെ സ്വഭാവത്തെ പറ്റി ശൂദ്രരർക്ക് തന്നെ വ്യക്തമായ ധാരണ ഉണ്ടാവേണ്ടതുണ്ട്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപെഴുതപ്പെട്ട വേദഗ്രന്ഥങ്ങളിൽ തുടങ്ങുന്നതാണ് ബ്രാഹ്മണാധിപത്യത്തിന്റെ വേരുകൾ. ഈ ഗ്രന്ഥങ്ങളാകട്ടെ ഉത്‌പാദനപരമായ തൊഴിലുകൾക്കും ശാസ്ത്രത്തിനും വിലക്കു കൽപിച്ചു കൊണ്ട് അദ്ധ്വാനപരമായ തൊഴിലുകളിൽ നിന്നും അകലം പാലിക്കുന്ന ബ്രാഹ്മണരുടെ ആത്മീയാധിപത്യം ഉറപ്പാക്കുകയും ചെയ്തു. നിരവധി ആശയധാരകൾ ഈ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചുവെങ്കിലും ഏകദേശം 1200 വര്‍ഷം മുൻപ് മധ്യകാലഘട്ടത്തോടെ ബ്രാഹ്മണാധിപത്യം ഏറെ ആഴത്തിലും പരപ്പിലും ഇന്ത്യയിൽ വേരോടിയിരിക്കുന്നതായി കാണാം.

ബ്രാഹ്മണാധിപത്യത്തിനു കീഴിൽ ശൂദ്രർ സാമൂഹിക നിലനിൽപ്പിനായുള്ള ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിനായി നിയോഗിക്കപ്പെട്ടിരുന്നു, അതേസമയം ആത്മീയവും വിദ്യാഭ്യാസപരവുമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരായി തുടരുകയും ചെയ്തു. കഠിനാധ്വാനത്തിൽ തളയ്ക്കപ്പെട്ട അവരുടെ ജീവിതരീതി, ശൂദ്രരെ തത്വചിന്ത പോലെ ഒഴിവുസമയം ആവശ്യമായിവരുന്ന വ്യവഹാരങ്ങളിൽ നിന്നും തീർത്തും മാറ്റി നിർത്തി. ബ്രാഹ്മണർക്കു മാത്രം അനുവദനീയമായിരുന്ന പൗരോഹിത്യം സംസ്‌കൃത വിദ്യാഭ്യാസത്തിൽ നിന്നും, ഗ്രന്ഥങ്ങളുടെ പഠനത്തിൽ നിന്നും ശൂദ്രരെ മാറ്റി നിർത്തുകയും അവരുടെ അടിമത്തത്തിനു ശക്തി കൂട്ടുകയും ചെയ്തു.

സ്വത്തുടമസ്ഥതയ്ക്കു മുകളിലും ശൂദ്രർക്കുമേൽ കടുത്ത വിലക്കുകൾ നിലനിന്നിരുന്നു. അക്കാലത്തെ പല വിലപ്പെട്ട വസ്തുക്കളും ദൈവത്തിനുള്ള നിവേദ്യമായും അതിനാൽ പാവനമായും കരുതപ്പെട്ടിരുന്നു. ഈ പാവന വസ്തുക്കൾ അശുദ്ധമാക്കപ്പെടുമോ എന്ന ഭയം അവ വാങ്ങുന്നതിനും കൈകാര്യം ചെയ്യുന്നതിനും ശൂദ്രരെ തടഞ്ഞിരുന്നതായി കാണാം. അങ്ങനെ ഉന്നമനത്തിൻറെ രണ്ടു വഴികളും: കച്ചവട വഴിയുള്ള സമ്പത്തിന്റെ സ്വരുക്കൂട്ടലും, ആത്മീയ തത്വചിന്തയും ശൂദ്രർക്ക് വിലക്കപ്പെട്ടിരുന്നതായി ചരിത്രത്തിൽ നിന്നും മനസിലാക്കാം. സ്വത്ത്
സമ്പാദിക്കുന്നതിനായി ശൂദ്രർക്ക് മുസ്ലിങ്ങളുടെ ആധിപത്യ കാലം വരെ കാത്തിരിക്കേണ്ടിവന്നു. ആ സമയത്തു പോലും മേല്‍ക്കിടയിലുള്ള ചുരുക്കം ചില ജാതികളിൽ മാത്രമേ ശൂദ്ര ജന്മിത്വം നിലനിന്നിരുന്നതായി കാണുന്നുള്ളൂ. മുസ്ലിം ഭരണത്തിനാകട്ടെ, വിദ്യാഭ്യാസത്തിനു മേലുള്ള ബ്രാഹ്മണാധിപത്യത്തിന് വലിയ പോറലേൽപ്പിക്കാൻ സാധിച്ചതുമില്ല എന്നതിനാൽ ബ്രാഹ്മണാധ്യപത്യം ആത്മീയമായും ബൗദ്ധികമായും ശൂദ്രരെ അടിച്ചമർത്തിക്കൊണ്ടേയിരുന്നു. സമ്പത്തിന്റെ മേഖലയിൽ ശൂദ്രർ ഇക്കാലത്തു നേടിയ വളർച്ച ആശയങ്ങളുടെ തലത്തിലോ ബൗദ്ധിക തലത്തിലോ ഉണ്ടാവാതിരുന്നതിന്റെ പ്രധാനകാരണം ഈ ബ്രാഹ്മണാധിപത്യമാണ്.

ജ്ഞാനമണ്ഡലത്തിലെ ബ്രാഹ്മണാധിപത്യത്തിന് ആദ്യത്തെ വെല്ലുവിളി ഉയർത്തിയത് കൊളോണിയൽ കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളിലൂടെയും സാർവത്രികമായ നിർബന്ധ വിദ്യാഭ്യാസം എന്ന ബ്രിട്ടീഷ് നയത്തിലൂടെയുമാണ്. എന്നാൽ, ഇംഗ്ലീഷ് ഭാഷയെ സ്വസമുദായത്തിന്റെ ഉന്നമനത്തിനായുള്ള അവസരം എന്ന നിലയ്ക്ക് കാണാതെ ബ്രാഹ്മണരുടെ ദേശീയതാ പ്രചാരണങ്ങളുടെ പിന്നിൽ അണിനിരക്കുകയാണ് ശൂദ്ര ജനവിഭാഗങ്ങൾ ചെയ്തത്. ഇന്ന് ദേശീയതയുടെ ഐക്കൺ ആയി കണക്കാക്കപ്പെടുന്ന ബാലഗംഗാധര തിലകൻ എന്ന ബ്രാഹ്മണ കോൺഗ്രസ് നേതാവ് ഇതിന് ഉത്തമ ഉദാഹരണമാണ്.

ജ്യോതിറാവു ഫുലെയും സാവിത്രിബായ് ഫുലെയും ചേർന്ന് കീഴാള ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ആദ്യത്തെ വിദ്യാലയം ആരംഭിച്ചപ്പോൾ തിലകൻ അതിനെതിരെ മറ്റു ബ്രാഹ്മണരുമായി ചേർന്ന് കടുത്ത വിമര്‍ശനങ്ങളുന്നയിച്ചു. സാർവത്രിക വിദ്യാഭ്യാസത്തിനായുള്ള എല്ലാ ശ്രമങ്ങളെയും എതിർത്ത തിലകൻ, സ്ത്രീകളും മർദ്ദിത ജനവിഭാഗങ്ങളും വിദ്യാഭ്യാസം ചെയ്യുന്നത് ജാതിവ്യവസ്ഥയ്ക്കും അതുവഴി ഇന്ത്യയ്ക്കും ദോഷം ചെയ്യും എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറി സ്കൂളുകളെ തങ്ങളുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായിക്കണ്ട ബ്രാഹ്‌മണ ദേശീയവാദികൾക്ക് പിറകിൽ വലിയൊരു വിഭാഗം ശൂദ്രർ അണിനിരന്നിരുന്നു.

അതേസമയം, പാശ്ചാത്യ വിദ്യാഭ്യാസം ആദ്യം സ്വീകരിച്ചവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗം ബ്രാഹ്മണ സമുദായ അംഗങ്ങളായിരുന്നു. ക്യാരി എന്ന ബ്രിട്ടീഷ് ക്രിസ്ത്യൻ മിഷനറിയും രാജ റാം മോഹൻ റോയ് എന്ന ബ്രാഹ്മണ സാമൂഹിക പരിഷ്കർത്താവും ചേര്‍ന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു, ഏറെ താമസിയുടെ തന്നെ പടിഞ്ഞാറേ ഇന്ത്യയിൽ ബനിയകളുടെ ഉടമസ്ഥതയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ സ്ഥാപിതമായി. ഈ രണ്ടു വർണത്തിൽപ്പെട്ടവരും തങ്ങളുടെ ആൺമക്കളെ പാശ്ചാത്യ വിദ്യാഭ്യാസത്തിനയയ്ക്കുകയും ബ്രിട്ടീഷ് നയങ്ങളുടെ മാറ്റത്തിലൂടെ ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ഇന്ത്യൻ പ്രാധിനിധ്യം അനുവദിച്ചപ്പോൾ അത്തരം സ്ഥാനങ്ങളിൽ എത്തിപ്പെടുവാനും, ഈ രണ്ടു വര്‍ണത്തിലും പെട്ടവര്‍ക്ക് എളുപ്പത്തിൽ സാധിച്ചു. നെഹ്‌റു, ഗാന്ധി ലോഹ്യ തുടങ്ങിയവർ ഈ ഗണത്തിലെ പ്രമുഖരായിരുന്നു.

ബ്രിട്ടീഷുകാരുടെ തിരിച്ചു പോക്കിന് ശേഷം ഭരണത്തിൽ എളുപ്പത്തിൽ പിടിമുറുക്കാൻ ബ്രാഹ്മണർക്ക് ഇതിലൂടെ സാധിച്ചു. ആത്മീയവും മതപരവുമായ സ്ഥാപനങ്ങളുടെ മേലുള്ള ആധിപത്യത്തിന് പുറമെ രാഷ്ട്രീയത്തിലും ഭരണനിർവഹണ രംഗത്തും വലിയ സ്വാധീനം ചെലുത്തുവാനും സ്വന്തം ആധിപത്യമുറപ്പിക്കുവാനും ഈ കാലയളവിൽ ബ്രാഹ്മണർക്കു സാധിച്ചതായി കാണാം. പതിനേഴു വര്‍ഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തിന്റെ ഘടന രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഈ വ്യവസ്ഥപ്രകാരം ബ്രാഹ്മണരും ബനിയകളും തങ്ങളുടെ മക്കളെ വരേണ്യർക്കു മാത്രം പ്രാപ്തമായ ചിലവുകൂടിയ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയും മറ്റു സമുദായങ്ങളെല്ലാം പ്രാദേശിക ഭാഷകളിൽ ബോധനം നടന്ന പൊതുവിദ്യാലങ്ങളെ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്ഥിതി വന്നുചേർന്നു. വലിയ തോതിലുള്ള സർക്കാർ ധനസഹായം ലഭിക്കുന്ന മുന്തിയ സർവ്വകലാശാലകൾ സ്വകാര്യ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങിയ വരേണ്യ വർഗത്തിൽ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ‘മെറിറ്റ്’ അടിസ്ഥാനപ്പെടുത്തി മുൻഗണന നൽകുകുയും ചെയ്തു. ചുരുക്കത്തിൽ സമ്പന്നന്റെയും പ്രബല സമുദായത്തിൽപ്പെട്ടവരുടെയും വിദ്യാഭ്യാസം സർക്കാർ ചിലവിൽ വലിയ ഇളവുകളോടെ നടത്താനുള്ള സംവിധാനം രൂപപ്പെട്ടു.

(തുടരും)

[നാളെ: ബ്രാഹ്മണ്യം വിഭവങ്ങളുടെയും സംസ്കാരത്തിന്റെയും കുത്തക സ്വന്തമാക്കുന്നു]

എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു

കാഞ്ച ഐലയ്യ

കാഞ്ച ഐലയ്യ

സാമൂഹിക, രാഷ്ട്രീയ ചിന്തകന്‍, എഴുത്തുകാരന്‍, ദളിത്‌ അവകാശ പോരാളി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍