UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബലിന്റെ ഹാർ‌വെസ്റ്റ് ടിവിക്കെതിരെ ആരോപണവുമായി മലയാളം ക്രിസ്ത്യന്‍ ഭക്തി ചാനല്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഹിന്ദി ന്യൂസ് ചാനലടക്കം ലോഞ്ച് ചെയ്യാന്‍ പോകുന്ന ഘട്ടത്തിലാണ് സിബലിന്റെ ഹാര്‍വെസ്റ്റ് ടിവി രംഗത്ത് വരുന്നത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവച്ചതായി ആരോപണം ഉയർന്നതിന് പിറകെ ഹാര്‍വെസ്റ്റ് ടിവി എന്ന പേരിനെ ചൊല്ലിയും വിവാദം. കബില്‍ സിബലിന് പുറമെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും കരണ്‍ ഥാപ്പറും പുണ്യപ്രസൂണ്‍ ബാജ്‌പേയിയും അടക്കമുള്ളവര്‍ ഉള്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള ചാനൽ തങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചെന്നാണ് കേരളം ആസ്ഥാനമായ ക്രിസ്ത്യൻ ഭക്തി ചാനലിന്റെ ആരോപണം. 2011 മുതൽ സംപ്രേക്ഷണം ചെയ്തുവരുന്ന ഭക്തി ചാനലാണ് ഹാർവെസ്റ്റ്. തങ്ങളുടെ ലോഗോ, പേര് എന്നിവ ഉപയോഗിക്കരുതെന്ന് കാട്ടി കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വീകോൺ മീഡിയ ബ്രോഡ്കാസ്റ്റിങ്ങ്  മാനേജിങ്ങ് ഡയറക്ടർക്ക് കത്തയച്ചിരുന്നതായി ഹാർവെസ്റ്റ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു. ജനുവരി 15 നാണ് ഡയറക്ടർ ബിബി ജോർജ് ചാക്കോ വീകോൺ മീഡിയ ബ്രോഡ്കാസ്റ്റിങ്ങ് മാനേജിങ്ങ് ഡയറക്ടർ റോഹിത്ത് റോഹന് കത്തയച്ചത്. ഹാർവെസ്റ്റ് ടിവിയുടേതിന് സമാനമായ ലോഗോയും പേരും ഉപയോഗപ്പെടുത്തുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും സ്വതന്ത്രമായ പ്രവർത്തനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ഹാർവെസ്റ്റ് ടിവിയുടെ ട്രേഡ് മാർക്ക് അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് നേരിട്ട് പരാതി സമർപ്പിച്ചതായും ബിബി ജോർജ് ചാക്കോ അഴിമുഖത്തോട് പ്രതികരിച്ചു. സിബാലിന്റെ ചാനല്‍ ജനുവരി 26 ന് സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

ഹാർവെസ്റ്റ് ടിവി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഭക്തി ചാനലാണ്. എന്നാൽ യാഥാർത്ഥ ഹാർവെസ്റ്റ് ടിവിക്ക് ഇന്ത്യയിൽ അതിന്റെതായ ലൈസൻസ് ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ സംപ്രേക്ഷണത്തിനായി വീക്കോൺ മീഡിയയുടെ ലൈസൻസ് ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ചാനൽ പ്രവർത്തിക്കുന്നത് എടിഇ ലൈസന്‍സ് പ്രകാരമാണ്. എന്നാല്‍ ഹാർവെസ്റ്റ് ടിവിയുടെ പേരും നെൽക്കതിരിന്റെ ലോഗോയും ഭക്തി ചാനലിന്റെ ഉടമയായ തന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്, വീകോണിന് യാതൊരു അവകാശവുമില്ലെന്നും കമ്പനി വാർത്താ കുറിപ്പിൽ അവകാശപ്പെട്ടു.

അതേസമയം, ഹാർവെസ്റ്റ് ടിവിയുടെ പേരും മറ്റും ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖകള്‍ സഹിതം കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ ഉൾ‌പ്പെടെയുള്ള വരുമായി ബന്ധപ്പെട്ടിരുന്നെന്നും ചാനൽ മേധാവി ബിബി ജോർജ്. അദ്ദേഹത്തോട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. രേഖകൾ പരിശോധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും തരൂർ അറിയിക്കുകയാണുണ്ടായത്. തന്റെ വാദങ്ങൾ ബോധ്യപ്പെട്ടന്നും തരൂര്‍ അറിയിച്ചിരുന്നു. എന്നാൽ വീകോൺ മീഡിയ നടപടികളുമായി മുന്നോട്ട് പോവുകയാണുണ്ടായത്.

ഇതിന് പുറമെ വിക്കിപീഡിയ ഉള്‍പ്പെടെയുള്ളവയിൽ തങ്ങളുടെ വിവരങ്ങൾ തിരുത്താനുള്ള നീക്കങ്ങളും നടത്തിയിരുന്നെന്നും ബിബി ജോർജ് അഴിമുഖത്തോട് പറഞ്ഞു. താനും ഭാര്യയും ഉൾപ്പെടെ 10 പേർ മാത്രം നടത്തികൊണ്ട് പോവുന്ന ചെറിയൊരു സ്ഥാപനമാണ് ഹാർവെസ്റ്റ് ടിവി. ഏട്ടോളം ജീവനക്കാർ മാത്രമാണ് ജോലിക്കാരായുള്ളത്. മലയാളത്തിലെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമായി ഒരു മതവിഭാഗവുമായി ബന്ധപ്പെടുന്ന പരിപാടികൾ മാത്രമാണ് ചാനൽ പരിഗണിക്കുന്നത്. സമാനമായ മറ്റ് അധ്യാത്മിക ചാനലുകളെക്കാള്‍ പിന്നിലാണ് ഹാർവെസ്റ്റിന്റെ സ്ഥാനം. എന്നിട്ടും എന്തിനാണ് തങ്ങളുടെ പേരും ട്രേഡ്മാർക്കും റിപ്പബ്ലിക്ക് ചാനലിന് ബദൽ എന്ന നിലയിൽ ആരംഭിച്ച കോൺഗ്രസ് അനുകൂല ചാനല്‍ ഉപയോഗിക്കുന്നത് എന്ന് അറിയില്ല. നിലവിലെ സാഹചര്യത്തിൽ കബിൽ സിബലിനെ പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടാനുള്ള സാമ്പത്തിക സ്ഥിതിയടക്കം ഹാർ‌വെസ്റ്റ് ടിവിക്ക് ഇല്ല. എന്നാൽ നിയമ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ബിബി ജോർജ് പറയുന്നു.

എന്നാൽ, തന്റെ ഉടമസ്ഥതയിലുള്ള ഹാർവെസ്റ്റ് ടിവിയുടെ  പ്രവർത്തനം കേന്ദ്ര സർക്കാർ തടഞ്ഞെന്നായിരുന്നു കഴിഞ്ഞ ദിവസം കബിൽ സിബല്‍ ആരോപിച്ചത്. ടിവി ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവച്ചതായാണ് പരാതി. 26ന് സംപ്രേക്ഷണം  ആരംഭിച്ച ചാനലിന്റെ പ്രവർത്തനം 28ന് ഉച്ചയ്ക്ക് സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ടാറ്റ സ്‌കൈയുമായി ബന്ധപ്പെട്ട് ചാനല്‍ എയര്‍ ചെയ്യരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. ജയ്പൂരിൽ നടന്ന സാഹിത്യോൽസവത്തിൽ  സംസാരിക്കവെയായിരുന്നു സിബല്‍ ആരോപണംഉന്നയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഹിന്ദി ന്യൂസ് ചാനലടക്കം ലോഞ്ച് ചെയ്യാന്‍ പോകുന്ന ഘട്ടത്തിലാണ് ഹാര്‍വെസ്റ്റ് ടിവി രംഗത്ത് വരുന്നത്.

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍