UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദം? അയോധ്യ കേസില്‍ നിന്ന് കപില്‍ സിബല്‍ പിന്മാറി

കോടതിയില്‍ കപില്‍ സിബല്‍ ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയും ഇത് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിനും കോണ്‍ഗ്രസിനെതിരായും ഉപയോഗിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഹാജരാകുന്നതില്‍ നിന്ന് പിന്മാറി. കേസിലെ ഏറ്റവും ആദ്യത്തെ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഇഖ്ബാല്‍ അന്‍സാരിക്ക് വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. പത്ത് വര്‍ഷത്തോളമായി പണമൊന്നും വാങ്ങാതെയാണ് കപില്‍ സിബല്‍ ഈ കേസ് വാദിച്ചിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കപില്‍ സിബല്‍ പിന്മാറുന്നതെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോടതിയില്‍ കപില്‍ സിബല്‍ ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയും ഇത് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിനും കോണ്‍ഗ്രസിനെതിരായും ഉപയോഗിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

രാജീവ് ധവാനാണ് കപില്‍ സിബലിന് പകരം ഇപ്പോള്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. രാജ്യസഭ സമ്മേളനം നടക്കുന്നതിനാല്‍ എന്ന് പറഞ്ഞ് ഫെബ്രുവരിയില്‍ വാദം കേട്ടപ്പോള്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. മുസ്ലീം അനുകൂല പാര്‍ട്ടി എന്ന തങ്ങളെ ബിജെപിയും സംഘപരിവാറും ചിത്രീകരിക്കുകയായിരുന്നു എന്ന് ഈയടുത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രതിച്ഛായ മാറ്റിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഗുജറാത്തിലും കര്‍ണാടകയിലുമെല്ലാം രാഹുല്‍ ഗാന്ധി നടത്തുന്ന ക്ഷേത്രദര്‍ശനങ്ങള്‍ ഇതിന്റെ ഭാഗമാണ്. തങ്ങള്‍ പണ്ട് മുതലേ ക്ഷേത്രദര്‍ശനം നടത്താറുണ്ടെങ്കിലും അതിന് പ്രചാരണം കൊടുക്കേണ്ടി വരുന്നത് ബിജെപി നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ ചെറുക്കാന്‍ വേണ്ടിയാണെന്ന് സോണിയ സമ്മതിച്ചിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസില്‍ വാദം പൂര്‍ത്തിയാക്കരുതെന്നും വിധി പറയരുതെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു. വിധി ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്നു കപില്‍ സിബലിന്റെ വാദം. കപില്‍ സിബലിന്റെ വാദത്തെ വിമര്‍ശിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ നടത്തിയ വാദങ്ങള്‍ കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍