UPDATES

കരൺ ഥാപ്പർ എന്തിനാണ് പരാതി പറയുന്നത്? ആ കുടുംബചരിത്രം ഡൽഹി ‘എലീറ്റ്’ ക്ലാസിന്റെ ഭാഗമാണ്

അവിഭക്ത പഞ്ചാബിലും പിന്നീട് ന്യൂഡൽഹിയിലും നെഹ്‌റു-ഗാന്ധിമാരും ഖുശ്വന്ത്‌ സിങ്ങും ഒക്കെയായി ബന്ധമുണ്ടായിരുന്ന ഉപരിവർഗമായിരുന്നു ഥാപ്പർ കുടുംബം

കഴിഞ്ഞയാഴ്ച ഏറെ ചര്‍ച്ചയായ പുസ്തകമാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ‘ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഥാപ്പര്‍ നടത്തിയ ‘വിവാദ’ അഭിമുഖത്തെ തുടര്‍ന്ന് വളരെയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞും ഥാപ്പറിനോടുള്ള പക മോദി സൂക്ഷിക്കുന്നു എന്നു വെളിപ്പെടുത്തുന്ന ഭാഗമായിരുന്നു ഏറെ ചര്‍ച്ചയായത്. എന്നാല്‍ ഇതിന്റെ ഒരു മറുഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് ‘ദി പ്രിന്റി’ല്‍ എഴുതിയ ലേഖനത്തില്‍ നന്ദിത സിംഗ്.

അവിഭക്ത പഞ്ചാബിലും പിന്നീട് ന്യൂഡൽഹിയിലും നെഹ്‌റു-ഗാന്ധിമാരും ഖുശ്വന്ത്‌ സിങ്ങും ഒക്കെയായി ബന്ധമുണ്ടായിരുന്ന ഉപരിവർഗമായിരുന്നു ഥാപ്പർ കുടുംബം. ഏറെക്കാലത്തെ അനുഭവസമ്പത്തുള്ള ഈ മാധ്യമപ്രവർത്തകന് ഉന്നതങ്ങളിൽ വലിയ ബന്ധങ്ങളുണ്ടായിരുന്നു എന്ന് കണക്കിലെടുത്താൽ തന്നെയും, കരൺ ഥാപ്പറുടെ പുതിയ പുസ്തകം Devil’s Advocate വായനക്കാരോട് താത്പര്യമുണർത്തുന്ന നിരവധി കാര്യങ്ങൾ പറയുന്നുണ്ട് . ജൂലൈ 20-ന് പുറത്തിറക്കിയ പുസ്തകത്തിൽ നിന്നും ഏറ്റവും വിവാദ ഭാഗങ്ങൾ നൽകാൻ മാധ്യമ സ്ഥാപനങ്ങൾ പുസ്തകം ശരവേഗത്തിൽ അരിച്ചുപെറുക്കിയെന്ന് നന്ദിത ചൂണ്ടിക്കാട്ടുന്നു.

നന്ദിത തുടരുന്നു: ഒരു കാര്യം വ്യക്തമാണ്; പ്രാപ്യത (access)യുടെ കാര്യത്തിൽ, ഥാപ്പറിന് പ്രവേശനം നിഷേധിച്ചു എന്ന് പരാതി പറയാനാവുന്ന വളരെക്കുറച്ച് വാതിലുകളും സ്വീകരണ മുറികളുമേ ഉണ്ടായിട്ടുള്ളൂ: എന്നിട്ടും അദ്ദേഹം പരാതിപ്പെടുന്നു.

“ഞാനുമായി സുഹൃദ് ബന്ധമുള്ള ഒറ്റപ്പെട്ട മന്ത്രിമാരുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്- അരുൺ ജെയ്റ്റ്ലി ആദ്യ ഉദാഹരണമാണ്. പക്ഷെ ഭൂരിഭാഗം പേരും, ഞാനുമായി വളരെ നല്ല അടുപ്പം പുലർത്തിയിരുന്നവർ, മോദി പ്രധാനമന്ത്രിയായതിനു ഒരു വർഷത്തിനുള്ളിൽ പല കാരണങ്ങൾ കണ്ടെത്തി എന്നെ ഒഴിവാക്കി”, പുസ്തകത്തിൽ ഥാപ്പർ പറയുന്നു.

ഥാപ്പറുടെ ബാല്യകാല സുഹൃത്ത് സഞ്ജയ് ഗാന്ധിയുമൊത്തുള്ള സാഹസികതകളും പുസ്തകത്തിലുണ്ട്: “എന്റെ സഹോദരി ശോഭയുടെ സുഹൃത്തായാണ് ഞാൻ സഞ്ജയിനെ ആദ്യം അറിയുന്നത്. 1960-കളുടെ ആദ്യമായിരുന്നു അത്. അച്ഛൻ സൈനിക മേധാവിയായിരുന്നു. ഞങ്ങൾ, അപ്പോളും ഡൽഹിയിൽ കിംഗ് ജോർജ് അവെന്യൂ എന്ന് പേരുള്ള (ഇപ്പോൾ രാജാജി മാർഗ്) വഴിയിലുള്ള ‘ആർമി ഹൌസിൽ’ ആയിരുന്നു താമസം. അന്ന് സഞ്ജയ് പ്രധാനമന്ത്രിയുടെ പേരക്കുട്ടിയും സെയിന്റ് കൊളംബിയ സ്‌കൂളിൽ പഠിക്കുകയുമായിരുന്നു,” ഥാപ്പർ എഴുതുന്നു.

പ്രകടമായും ഈ ടി വി അവതാരകൻ രാഷ്ട്രീയവൃത്തങ്ങളുടെ ഏതറ്റത്തും വലിയതോതിൽ സ്വാഗതം ചെയ്യപ്പെട്ടിരുന്നുവെന്ന് നന്ദിത പറയുന്നു. അദ്ദേഹം തന്റെ അവതാരകവേഷത്തിന്റെ സാധ്യതകൾ മനസിലാക്കുന്നതിന് വളരെ മുമ്പുതന്നെ അയാൾക്കായി വിധിക്കപ്പെട്ടതും ഒരുക്കപ്പെട്ടതുമായ ല്യൂട്ടന്‍ ഡൽഹിയുടെ ഒരു താക്കോൽ അയാളുടെ കയ്യിലുമുണ്ട് എന്ന് കരുതാവുന്നതാണ്. അതിന്റെ ചരിത്രം നന്ദിത സിംഗ് വിവരിക്കുന്നത് ഇങ്ങനെയാണ്.

ഥാപ്പർ കുടുബം

കരൺ ഥാപ്പറുടെ അച്ഛന്റെ അച്ഛൻ, ലാഹോറിലെ ദിവാനായിരുന്ന, ദിവാൻ ബഹാദൂർ കുഞ്ച് ബെഹാരി ഥാപ്പർ 1855-ലാണ് ജനിച്ചത്. കൊളോണിയൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ കമ്മീഷൻ ദല്ലാളുമാരായി പുത്തൻ ധനികരായ ഒരു വിഭാഗം പഞ്ചാബി ഉപരിവർഗത്തിലായിരുന്നു അയാൾ ഉൾപ്പെട്ടിരുന്നത്.

ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടത്തിയ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറെ പിന്തുണച്ച പഞ്ചാബ് ഗവർണർ സാർ മൈക്കൽ ഓ’ ഡയറുടെ നിധിയിലേക്ക് 1. 75 ലക്ഷം രൂപ സംഭാവന നൽകിയ നാലുപേരിൽ- ഉമർ ഹയാത് ഖാൻ, ചൗധരി ഗജ്ജൻ സിങ്, റായ് ബഹാദൂർ ലാൽ ചന്ദ്- ഒരാളായിരുന്നു കുഞ്ച് ബെഹാരി ഥാപ്പർ.

ബ്രിട്ടീഷുകാരോടുള്ള വിധേയത്വത്തിന്റെ പ്രതിഫലമായി കുഞ്ച് ബെഹാരി ഥാപ്പറിന് 1920-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബഹുമതിയായ Most Excellent Order നൽകുകയുണ്ടായി. കുഞ്ച് ബെഹാരി ഥാപ്പറിന് മൂന്നു ആൺ മക്കളും -ദയ റാം, പ്രേം നാഥ്, പ്രാൺ നാഥ്- അഞ്ച് പെൺമക്കളുമാണ് ഉണ്ടായിരുന്നത് എന്ന് നന്ദിത കുടുംബ ചരിത്രം വിവരിക്കുന്നു.

ദയാ റാമും പ്രാൺ നാഥും (കരണിന്റെ അച്ഛൻ) ഥാപ്പർ കുടുംബത്തെ രാഷ്ട്രീയവും സാമൂഹികവുമായി വരും വർഷണങ്ങളിലും പ്രസക്തമാക്കി നിർത്താനുളള ഒരു ശൃംഖലയ്ക്ക് തുടക്കമിട്ടു.

ഒരു യുദ്ധം തോറ്റ ഏക ഇന്ത്യൻ സൈനിക മേധാവിയായിരുന്നു ജനറൽ പ്രാൺ നാഥ് ഥാപ്പർ. 1962-ലെ ചൈനയുമായുള്ള യുദ്ധത്തിലെ തോൽവിയെ തുടർന്ന് ആ വർഷം നവംബർ 19-നു അപമാനിതനായി രാജിവെക്കേണ്ടിവന്നു അദ്ദേഹത്തിന്.

മാർച്ച്, 1936-നാണ് ഥാപ്പർ, ഗൗതം സെഹ്ഗാളിന്റെ സഹോദരി ബിമല ബാഷിറാം സെഹ്ഗാളിനെ വിവാഹം കഴിക്കുന്നത്. ഗൗതം സഹ്ഗാൾ പിന്നീട് 1944-ൽ നയൻതാര സെഹ്ഗാളിനെ വിവാഹം കഴിച്ചു.

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയായ നയന്‍താര, ജവഹർലാൽ നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മൂന്നു പെൺമക്കളിൽ രണ്ടാമത്തയാളായിരുന്നു. മോത്തിലാൽ നെഹ്രുവിന്റെ മകളായ വിജയലക്ഷ്മി സ്വാതന്ത്ര്യ സമരത്തിൽ സജീവമായ പങ്കു വഹിച്ചു. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗമായിരുന്ന അവർ സോവിയറ്റ് യൂണിയൻ, യു എസ് എ, മെക്സിക്കോ, കോര്‍ട്ട് ഓഫ് സെയിന്റ് ജെയിംസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയും ആയിരുന്നു. 1953 -ൽ ഐക്യ രാഷ്ട്ര സഭയുടെ നടപടികൾ നിയന്ത്രിക്കുന്ന ആദ്യവനിതയായി അവർ.

ബിമല സഹ്ഗാളിന്റെ സഹോദരി, കരണിന്റെ ചെറിയമ്മ, വി.പി മേനോന്റെ മകനെയാണ് വിവാഹം കഴിച്ചത്- When V.P. Menon cornered a British General എന്ന തലക്കെട്ടിൽ 2013 നവംബര്‍ 17-നു എൽ.കെ അദ്വാനി എഴുതിയ ബ്ലോഗിന് മറുപടി നല്‍കവേ കരൺ തന്നെ പരാമർശിക്കുന്നതാണിത്. ഇന്ത്യയുടെ ആദ്യ ഉപ പ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏകീകരണത്തിൽ മേനോൻ വലിയ പങ്കാണ് വഹിച്ചത് എന്നും നന്ദിത ചൂണ്ടിക്കാട്ടുന്നു.

പ്രാൺ നാഥിനും ബിമലയ്ക്കും നാല് മക്കൾ ഉണ്ടായതിൽ ഇളയ ആളാണ് കരൺ. മൂന്നു സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായ ദയാറാം ഥാപ്പർ ഇന്ത്യൻ സൈന്യത്തിൽ ഒരു ഡോക്ടറായി ജോലി ചെയ്ത ഇന്ത്യൻ സേനയുടെ വൈദ്യ വിഭാഗത്തിന്റെ ഡയറക്ടർ ജനറലായി വിരമിച്ചു. അദ്ദേഹത്തിന് ഒരു മകനും – റൊമേഷ് ഥാപ്പർ- രണ്ടു പെൺമക്കളുമാണ് ഉള്ളത്-ബിമലയും റൊമീലയും.

റൊമീല ഥാപ്പർ ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രപണ്ഡിതയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചരിത്രകാരിയായി അവരെ കണക്കാക്കുന്നു. പുരാതന ഇന്ത്യയാണ് പ്രധാന പഠന വിഷയം. 2004-ൽ US Library of Congress അവരെ Countries and Cultures of the South-ൽ ആദ്യ Kluge Chair ആയി നിയമിച്ചു. 2005 -ൽ അവർ പദ്മ ഭൂഷൺ നിരസിച്ചു.

‘ദി പ്രിന്റ്‌’ ലേഖനം തുടരുന്നു: 1922-ൽ ലാഹോറിലാണ് റൊമേഷ് ഥാപ്പർ ജനിക്കുന്നത്. വിദ്യാഭ്യാസത്തിനായി അയാളെ ലണ്ടനിലേക്കയച്ചു. യുദ്ധാനന്തര ഇംഗ്ളണ്ടിലെ ചർച്ചകളുടെ സ്വാധീനത്തിൽ പിന്നീടയാൾ കമ്മ്യൂണിസ്റ് പാർട്ടിയിൽ ചേർന്നു. 1987-ൽ മരിക്കും വരെ സിപിഎമ്മിൽ തുടർന്നു.

ഭാര്യ രാജിനൊപ്പം 1959-ൽ Seminar എന്ന മാസിക തുടങ്ങി. നെഹ്രുവിന്റെ സോഷ്യലിസ്റ് കാലത്തു സാമ്പത്തികമായും പ്രതിബദ്ധരായ വായനക്കാരുമായി ഒരു വിജയമായിരുന്നു അത്. 1960-കളുടെ അവസാനത്തിൽ കേന്ദ്രത്തിലെ രാഷ്ട്രീയ അടിയൊഴുക്കുകളുടെ ചുക്കാൻ പിടിച്ചിരുന്ന ഉപരിവർഗ ബുദ്ധിജീവികളുടെ ഭാഗമായിരുന്നു റൊമേഷും രാജും. ‘inner cabinet’-ല്‍ ഉൾപ്പെട്ടിരുന്ന അവർ ഇന്ദിര ഗാന്ധിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. നെഹ്രുവിന്റെ മരണത്തിനു ശേഷം അത് ശക്തിപ്പെട്ടു.

രാജിനും റൊമേഷ് ഥാപ്പറിനും രണ്ടു മക്കളാണ്, മാളവിക(മാല) സിങ്ങും, വാൽമീക് ഥാപ്പറും. നന്ദിത തുടരുന്നു: നടൻ ശശി കപൂറിന്റെ മകൾ സഞ്ജന കപൂറിനെ കല്യാണം കഴിച്ച വാൽമീക് ഥാപ്പർ ഇന്ത്യയിൽ ഇന്നുള്ള ഏറ്റവും ആദരണീയനായ വന്യജീവി സംരക്ഷണ വിദഗ്ധനാണ്. BBC, Animal Planet, Discovery , National Geographic എന്നിവയ്ക്ക് വേണ്ടിയെല്ലാം വാൽമീക് വാർത്താചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മാളവിക ഥാപ്പർ വിവാഹം കഴിച്ചത് തേജ്ബീർ ‘ജുഗ്നു’ സിങിനെയാണ്. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയപ്പോൾ അത് നിർമ്മിച്ച ന്യൂ ഡൽഹിയിലെ ഏറ്റവും പ്രധാന കുടുംബങ്ങളിലൊന്നായിരുന്നു അയാളുടേത്.
മാതാപിതാക്കളുടെ മരണശേഷം മാളവികയും തേജ്ബീറും കൂടി സെമിനാർ നടത്തി. ഇപ്പോൾ രാജസ്ഥാൻ സർക്കാരിന്റെ സാംസ്കാരിക, വിനോദ സഞ്ചാര ഉപദേഷ്ടാവാണ് മാളവിക.  രാജസ്ഥാനിലെ റെയിൽവേ പ്ലാറ്റുഫോമുകൾ സൗന്ദര്യവത്കരിക്കുന്നതിനുള്ള ഒരു സർക്കാർ പദ്ധതിയും മാളവികയും വാല്മീകും 2016-ൽ തുടങ്ങിയിരുന്നുവെന്ന് നന്ദിത പറയുന്നു.

സിംഗ് കുടുംബം
1929 ഏപ്രിൽ 28-ന് പാർലമെന്റിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ നിർണായക സാക്ഷിയായ സർ ശോഭ സിങിന്റെ പേരക്കുട്ടിയാണ് തേജ്ബീർ സിങ്. ഭഗത് സിങിനെയും ബടുകേശ്വർ ദത്തിനെയും സിങ് തിരിച്ചറിഞ്ഞതും തുടർന്നുള്ള അയാളുടെ മൊഴിയുമാണ് ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരെ തൂക്കുമരത്തിലേക്കു അയച്ചത്.

തേജ്ബീറിന്റെയും മാളവികയുടെയും പാരമ്പര്യം പരസ്പരം പ്രതിഫലിക്കുന്നതാണ്- കുഞ്ച് ബെഹാരി ഥാപ്പറുടെ പോലെ ശോഭ സിങിന്റെയും ബ്രിട്ടീഷുകാരോടുള്ള വിധേയത്വമാണ് അയാൾക്ക് അളവറ്റ സമ്പത്തും പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തത്. കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റാൻ അന്നത്തെ ഇന്ത്യൻ വൈസ്രോയി ലോഡ് ഹാർഡിങ് തീരുമാനിച്ചപ്പോൾ, ല്യൂട്ടൻ ഡൽഹി പണിയാനുള്ള കരാർ ശോഭ സിങിനും സുജൻ സിങിനുമാണ് കിട്ടിയത്.

സർ ശോഭ സിംഗിന്റെ ഇളയ സഹോദരൻ സർദാർ ഉജാൽ സിങ് പാർലമെന്റംഗവും പിന്നീട് പഞ്ചാബിലെയും തമിഴ്നാട്ടിലെയും ഗവർണറും ആയി.

സർ ശോഭ സിങിന് നാല് മക്കളും-ഭഗവന്ത് , ഖുഷ്വന്ത് , ഗുർബക്ഷ്, ദൽജീത് – ഒരു മകളുമാണ്-മൊഹീന്ദർ കൗർ ഉണ്ടായിരുന്നത്.

ഖുഷ്വന്ത് സിങ് പ്രശസ്തനായ മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു. 1980 മുതൽ 1986 വരെ രാജ്യസഭാംഗമായിരുന്നു. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തെടുത്ത മാപ്പുസാക്ഷി നിലപാടിന്റെ പേരിൽ സിങ് ഏറെ വിമർശിക്കപ്പെട്ടു. കോൺഗ്രസിന്റെ വലിയ അനുഭാവിയായിരുന്ന അദ്ദേഹത്തിന് 1974-ൽ പദ്മഭൂഷൺ നല്കി . 1984-ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ തുടർന്ന് ആ ബഹുമതി അദ്ദേഹം തിരിച്ചുനൽകി. 2007-ൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മ വിഭൂഷൺ ലഭിച്ച ഖുഷ്വന്ത് സിങ് 2014-ൽ അന്തരിച്ചു.

ഇങ്ങനെ ഇന്ത്യന്‍ ‘പ്രിവിലേജ്ഡ്’ സമൂഹത്തിന്റെ ഒരു വലിയ കണ്ണിയാണ് കരണ്‍ ഥാപ്പറെന്ന് നന്ദിത സിംഗ് ചൂണ്ടിക്കാട്ടുന്നു.

2007ല്‍ കരണ്‍ ഥാപ്പറിന്റെ അഭിമുഖത്തില്‍ നിന്നും മോദി ഇറങ്ങിപ്പോയതെന്തുകൊണ്ട്? ബിജെപി അദ്ദേഹത്തെ ബഹിഷ്ക്കരിക്കുന്നതിന് പിന്നിലാര്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍